Editorial

ബ്രിട്ടീഷുകാര്‍ രാജ്യദ്രോഹ നിയമം കൊണ്ടുവന്നത് സ്വാതന്ത്ര്യസമരം അടിച്ചമര്‍ത്താനാണ്; അതിനു നേതൃത്വം നല്‍കിയ മഹാത്മാ ഗാന്ധിയെയും ബാലഗംഗാധര തിലകനെയും ജവഹര്‍ലാല്‍ നെഹ്റുവിനെയുമൊക്കെ ഭയപ്പെടുത്താനാണ്; ഭയപ്പെടുത്തി നാവടപ്പിക്കാനാണ്. എന്നിട്ടും അവര്‍ അധികാരവര്‍ഗത്തെ പേടിച്ചില്ല, നാവടക്കിയതുമില്ല! കോളോണിയല്‍ ഭരണകാലത്ത് ബ്രിട്ടീഷുകാര്‍ ഇന്ത്യക്കാരുടെ വായ് മൂടിക്കെട്ടാന്‍ ഉണ്ടാക്കിയ ഈ നിയമം ഇന്നും തുടരുന്നതെന്തിനെന്ന സുപ്രീം കോടതിയുടെ ചോദ്യം ശ്രദ്ധേയമായിരിക്കുന്നു; ജനകീയ സര്‍ക്കാരുകള്‍ക്കു തോന്നാത്ത കാര്യം സുപ്രീം കോടതിക്കു തോന്നിയതാണത്ഭുതം; ചീഫ് ജസ്റ്റിസ് എന്‍.വി രമണയുടെ ചോദ്യം കേന്ദ്രം ഭരിക്കുന്ന സര്‍ക്കാരിനോടാണ് – മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്ജ് എഴുതുന്നു

ജേക്കബ് ജോര്‍ജ് - ചീഫ് എഡിറ്റര്‍
Saturday, July 17, 2021

നിയമം നിര്‍മിക്കുന്നത് നിയമസഭകളാണ്. കേന്ദ്രത്തില്‍ ഇതിന് ലോക്സഭയും രാജ്യസഭയുമുണ്ട്. സംസ്ഥാനങ്ങളില്‍ നിയമസഭകളും. നിയമനിര്‍മാണ സഭകള്‍ നാടിനുവേണ്ടി ഉണ്ടാക്കുന്ന നിയമങ്ങള്‍ നിര്‍വചിക്കുകയും നീതി നടപ്പാക്കുകയുമാണ് കോടതികള്‍ ചെയ്യുന്നത്. താഴേ തലത്തിലുള്ള കോടതികള്‍ മുതല്‍ അങ്ങ് ദല്‍ഹിയിലുള്ള സുപ്രീം കോടതി വരെ അതിബൃഹത്തായ ഒരു സംവിധാനം അതിനുവേണ്ടിയുണ്ട്. ഇതെല്ലാം ഒരു ജനാധിപത്യ വ്യവസ്ഥിതിയുടെ ഭാഗം തന്നെയാണ്.

കോളോണിയല്‍ ഭരണകാലത്ത് അന്നത്തെ ഭരണക്കാര്‍ അതായത് ബ്രിട്ടീഷുകാര്‍ ഇന്ത്യക്കാരുടെ വായ് മൂടിക്കെട്ടാന്‍ ഉണ്ടാക്കിയ രാജ്യദ്രോഹ നിയമം ഇന്നും തുടരുന്നതെന്തിനെന്ന സുപ്രീം കോടതിയുടെ ചോദ്യം ശ്രദ്ധേയമായിരിക്കുന്നു. ജനഹിതമനുസരിച്ചു തെരഞ്ഞെടുക്കപ്പെട്ട് അധികാരത്തില്‍ വന്ന ജനകീയ സര്‍ക്കാരുകള്‍ക്കു തോന്നാത്ത കാര്യം സുപ്രീം കോടതിക്കു തോന്നിയതാണത്ഭുതം.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ അടിച്ചമര്‍ത്താനും മഹാത്മാഗാന്ധിയെ പോലെയുള്ള നേതാക്കന്മാരുടെ വായ് മൂടിക്കെട്ടാനും ബ്രിട്ടീഷ് ഭരണാധികാരികള്‍ ഉണ്ടാക്കിയ രാജ്യദ്രോഹനിയമം ഇനി നീക്കാറായില്ലേ എന്ന ചീഫ് ജസ്റ്റിസ് എന്‍.വി രമണയുടെ ചോദ്യം കേന്ദ്രം ഭരിക്കുന്ന സര്‍ക്കാരിനോടാണ്. ഒരു നിയമം ഉണ്ടാക്കാനോ നിലവിലുള്ള നിയമം റദ്ദാക്കാനോ ഭേദഗതി ചെയ്യാനോ മുന്‍കൈ എടുക്കേണ്ടത് സര്‍ക്കാര്‍ തന്നെയാണ്.

ഇന്ത്യന്‍ പീനല്‍ കോഡിലെ 124 എ വകുപ്പിന്‍റെ ഭരണഘടനാസാധുതയെ ചോദ്യം ചെയ്തുകൊണ്ട് എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് ചീഫ് ജസ്റ്റിസ് രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് തന്നെ ഈ വാദം ഉന്നയിച്ചത്. ഈ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യുന്നത് ആശങ്കയുണ്ടാക്കുന്നുവെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

1870 ല്‍ തോമസ് മെക്കാളെയാണ് ഇന്ത്യന്‍ പീനല്‍ കോഡില്‍ 124 – എ വകുപ്പ് ചേര്‍ത്ത് ഒരു നിയമമായി നടപ്പാക്കിയത്. സ്വാതന്ത്യസമരം ശക്തമായപ്പോള്‍ അതിനു നേതൃത്വം കൊടുത്ത ഗാന്ധിജിയെപ്പോലെയുള്ള മഹാന്മാരായ നേതാക്കളെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യാനും ജാമ്യമില്ലാതെ തടവിലാക്കാനും ഈ നിയമം വഴിയൊരുക്കി.

ബാലഗംഗാധര തിലകനുമേല്‍ രാജ്യദ്രോഹം ചുമത്തപ്പെടുകയും കോടതി അദ്ദേഹത്തെ ശിക്ഷിക്കുകയും ചെയ്തു. ബ്രിട്ടീഷ് ഗവണ്‍മെന്‍റിനു നേരെ വിമര്‍ശനം ചൊരിയുന്നതുപോലും രാജ്യദ്രോഹമാണെന്നാണ് അന്ന് കോടതി പറഞ്ഞത്. എന്നാല്‍ തങ്ങളെ അടക്കിവാണിരുന്നവര്‍ക്കെതിരെ സംസാരിക്കുക എന്നത് തന്‍റെ കടമയും കര്‍ത്തവ്യവുമാണെന്ന് ഗാന്ധിജി ചൂണ്ടിക്കാട്ടി.

സ്വാതന്ത്ര്യ സമരത്തെയും അതിനു നേതൃത്വം കൊടുക്കുന്ന നേതാക്കളെയും അടിച്ചമര്‍ത്തുന്നതിന് അധിനിവേശ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം ഇന്ത്യ ഇപ്പോഴും എന്തിനു തുടരുന്നു എന്നുതന്നെയാണ് സുപ്രീം കോടതിയുടെ ചോദ്യം.

ജവഹര്‍ലാല്‍ നെഹ്റുവും ഈ നിയമത്തെ രൂക്ഷമായി അപലപിച്ചിട്ടുണ്ടെങ്കിലും കോണ്‍ഗ്രസ് ഭരിച്ചപ്പോഴൊന്നും ഈ നിയമത്തിനെതിരെ ഒരു നീക്കവും നടത്തിയില്ല. ഇപ്പോള്‍ ബിജെപി ഭരിക്കുമ്പോള്‍ ഈ നിയമത്തിന്‍റെ ദുരുപയോഗത്തിനും നിയമത്തിന്‍റെ പ്രസക്തിക്കുതന്നെയും എതിരായി സുപ്രീം കോടതി മുമ്പാകെ വന്ന പരാതികള്‍ പരിഗണിച്ചാണ് കോടതി തന്നെ ഈ വഴിക്കു നീങ്ങാനിറങ്ങിത്തിരിച്ചത്.

ജനാധിത്യ സമ്പ്രദായത്തില്‍ പൗരസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും പരമ പ്രധാനം തന്നെയാണ്. ഒരാള്‍ സര്‍ക്കാരിനെതിരെ അഭിപ്രായം പറഞ്ഞാല്‍, ഒരു വിമര്‍ശനം ഉന്നയിച്ചാല്‍, അതിനെ രാജ്യദ്രോഹമായി ചിത്രീകരിച്ച് അറസ്റ്റിലേയ്ക്കും വിചാരണയിലേയ്ക്കും ശിക്ഷയിലേയ്ക്കും കടക്കുന്നതിന്‍റെ അനൗചിത്യത്തിലേയ്ക്കാണ് സുപ്രീം കോടതി വിരല്‍ ചൂണ്ടുന്നത്.

ബ്രിട്ടീഷുകാര്‍ ഈ നിയമം കൊണ്ടുവന്നത് സ്വാതന്ത്ര്യസമരം അടിച്ചമര്‍ത്താനാണ്. അതിനു നേതൃത്വം നല്‍കിയ മഹാത്മാ ഗാന്ധിയെയും ബാലഗംഗാധര തിലകനെയും ജവഹര്‍ലാല്‍ നെഹ്റുവിനെയുമൊക്കെ ഭയപ്പെടുത്താനാണ്. ഭയപ്പെടുത്തി നാവടപ്പിക്കാനാണ്.

അവര്‍ അധികാരവര്‍ഗത്തെ പേടിച്ചില്ല. നാവടക്കിയതുമില്ല. സ്വതന്ത്ര ഇന്ത്യയിലും അധികാരവര്‍ഗം അഭിപ്രായ സ്വാതന്ത്ര്യത്തെ ഭയക്കുന്നു. വിമര്‍ശനത്തെ ഭയക്കുന്നു. അതിനു തടയിടാന്‍ ഈ നിയമം നിലനില്‍ക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു.

നിയമമുണ്ടായിട്ടും ഇന്ത്യന്‍ സമൂഹത്തില്‍ കുറേ പേരെങ്കിലും ഉറക്കെ സംസാരിക്കുന്നു. വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നു. ഫാദര്‍ സ്റ്റാന്‍ സ്വാമി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മരിച്ച സംഭവമൊന്നും അവരെ പിന്തിരിപ്പിക്കുന്നില്ല. അതു മനസിലാക്കിത്തന്നെയാണ് രാജ്യത്തെ പരമോന്നത കോടതി ധീരമായൊരു നിലപാടെടുത്തിരിക്കുന്നത്. അഭിനന്ദനം അര്‍ഹിക്കുന്ന നിലപാടുതന്നെ.

-ചീഫ് എഡിറ്റര്‍

×