Editorial

ചാരപ്പണി സോഫ്റ്റ്‌വെയർ പെഗാസസ് ഇന്ത്യയില്‍ ഉപയോഗിക്കപ്പെട്ടതിന് കാരണം വെളിപ്പെടുത്തേണ്ടതുതന്നെ. പതിവുപോലെ സര്‍ക്കാര്‍ മൗനത്തില്‍ ഒളിപ്പിക്കേണ്ട ഒന്നല്ല, അതിനുള്ള ഉത്തരം – മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ് എഴുതുന്നു

ജേക്കബ് ജോര്‍ജ് - ചീഫ് എഡിറ്റര്‍
Wednesday, July 21, 2021

ലോകത്തേറ്റവും കൂടുതല്‍ ബുദ്ധിയുള്ള മനുഷ്യര്‍ ഇസ്രായേലികളാണെന്നാണു പറയുന്നത്. തീരെ ചെറിയ രാജ്യമാണെങ്കിലും ആഗോളതലത്തില്‍ ഇസ്രയേലിന്‍റെ പ്രസക്തി വളരെ വലുതുതന്നെ.

ലോക ശക്തികളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന അമേരിക്കയില്‍പോലും പല നിര്‍ണായക രംഗങ്ങളും ജൂതന്മാരുടെ നിയന്ത്രണത്തിലാണ്. പ്രത്യേകിച്ച് സാമ്പത്തികരംഗം. ലോകത്തേറ്റവും മികച്ച ചാര സംഘടന ഇസ്രായേലിന്‍റേതാണത്രെ – മൊസാദ്.

ഇസ്രായേലില്‍ ജന്മം കൊണ്ട സ്ഥാപനമായ എന്‍.എസ്.ഒ നിര്‍മിച്ച പെഗാസസ് എന്ന ചാര സോഫ്റ്റ്‌വെയറിനെപ്പറ്റി പൊട്ടിപ്പുറപ്പെട്ട വാര്‍ത്തകള്‍ ലോകമെങ്ങും കോളിളക്കമുണ്ടാക്കിയിരിക്കുന്നു.

സ്മാര്‍ട്ട് ഫോണുകളിലേയ്ക്ക് വെറുമൊരു ഫോണ്‍വിളിയിലൂടെ, അല്ലെങ്കില്‍ ഒരു മിസ്‌ഡ് കോളിലൂടെ കടത്തിവിട്ട് എല്ലാ സംഭാഷണങ്ങളും ചിത്രങ്ങളും വാട്ട്സ്ആപ്പ് സന്ദേശങ്ങളുമൊക്കെയും ചോര്‍ത്തിയെടുക്കാന്‍ ശേഷിയുള്ള ഒരത്യുഗ്രന്‍ സാധനം.

കാര്യം സാധിച്ചു കഴിഞ്ഞാല്‍ ഒരു തരി തെളിവും അവശേഷിപ്പിക്കാതെ പാടേ അപ്രത്യക്ഷമാവുന്ന വില്ലന്‍. വന്ന വഴിപോലും കണ്ടുപിടിക്കാന്‍ കഴിയാത്ത വിധം എല്ലാം ശുദ്ധീകരിച്ചിട്ടാവും ചാരപ്പണി നടത്തിയ ശേഷമുള്ള മടക്കം.

ഇന്ത്യയില്‍ ഈ സോഫ്റ്റ്‌വെയര്‍ വളരെ വ്യാപകമായി ഉപയോഗത്തിലായതു സംബന്ധിച്ച് പെഗാസസിന്‍റെ ഡേറ്റാബേസില്‍ നിന്നു മാധ്യമപ്രവര്‍ത്തകര്‍ ചോര്‍ത്തിയെടുത്ത അരലക്ഷത്തോളം ഫോണ്‍ കോളുകളില്‍ ഏതാണ്ട് 300 എണ്ണം ഇന്ത്യയിലേതാണ്.

ലോകത്തെങ്ങും വിവിധ രാജ്യങ്ങളിലായി ഇത്രയും ഫോണുകളില്‍ നിന്ന് ഈ സോഫ്റ്റ്‌വെയര്‍ വഴി രഹസ്യങ്ങള്‍ ചോര്‍ത്തിയിട്ടുണ്ട്. 16 അന്താരാഷ്ട്ര മാധ്യമങ്ങള്‍ നടത്തിയ അന്വേഷണത്തിലെ വിവരങ്ങളാണ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് പുറത്തു വന്നിരിക്കുന്നത്.

പെഗാസസ് ഡേറ്റാബേസില്‍ നിന്നു ചോര്‍ത്തിയെടുത്ത വിവരങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ച് വിശകലനം ചെയ്തത് ആംനസ്റ്റി ലാബിലും.

എല്ലാ രാജ്യങ്ങളിലും ഒരേ തരം ആള്‍ക്കാരാണ് പെഗാസസിന് ഇരയായതെന്നും കണ്ടിരിക്കുന്നു. അതതു രാജ്യത്തെ സര്‍ക്കാരുകള്‍ക്കു വേണ്ടിയാണ് പെഗാസസ് ചാരപ്പണി നടത്തിയത്. പ്രധാന ലക്ഷ്യം ഈ രാജ്യങ്ങളിലെ പ്രതിപക്ഷം തന്നെയായിരുന്നു.

പിന്നെ മനുഷ്യാവകാശ പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും. എന്തിന് പ്രമുഖ ജഡ്ജിമാരുടെ ഫോണ്‍വിളികള്‍ പോലും നിരീക്ഷിക്കപ്പെട്ടു.

ഇന്ത്യയില്‍ നിരീക്ഷണത്തിലായി എന്നു പറയുന്ന ഫോണുകളില്‍ പ്രധാനമായും രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളുടേതാണ്. കര്‍ണാടകയില്‍ ജനതാദള്‍ (എസ്) – കോണ്‍ഗ്രസ് സഖ്യം ഭരണത്തിലെത്തിയപ്പോള്‍ ഭരണകക്ഷി നേതാക്കളുടെ നീക്കം മനസിലാക്കാന്‍ പെഗാസസ് വ്യാപകമായി ഉപയോഗിച്ചിരുന്നതായും കണ്ടെത്തി.

മുന്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ സെക്രട്ടറി, മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യയുടെ സെക്രട്ടറി, ഉപമുഖ്യമന്ത്രി ജി പരമേശ്വര, മുന്‍ പ്രധാന മന്ത്രിയും ദള്‍ നേതാവുമായ എച്ച്.ഡി ദേവഗൗഡയുടെ സുരക്ഷാ ചുമതലയുള്ള പോലീസുകാരന്‍ എന്നിങ്ങനെ പലരുടെയും ടെലിഫോണില്‍ പെഗാസസ് അതിക്രമിച്ചുകയറിയതായി ഇന്ത്യയില്‍ ഈ വാര്‍ത്തകള്‍ പുറത്തുവിട്ട ‘ദ വയര്‍’ എന്ന പോര്‍ട്ടല്‍ വെളിപ്പെടുത്തി.

ദ ഗാര്‍ഡിയന്‍, ദ വാഷിങ്ങ്ടണ്‍ പോസ്റ്റ്, ലേ മൊന്ദെ എന്നിങ്ങനെയുള്ള ലോകത്തെ പ്രമുഖ മാധ്യമങ്ങളോടൊത്താണ് ഇന്ത്യന്‍ പോര്‍ട്ടല്‍ ദ വയറും വളരെ രഹസ്യവും വിദഗ്ദ്ധവുമായ ഈ അന്വേഷണത്തില്‍ ഏര്‍പ്പെട്ടത്.

പൂനെയിലെ ഭീമാ കൊറേഗാവ് ലഹളയുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ റോണ വില്‍സന്‍റെ ലാപ്ടോപ്പില്‍ സൈബര്‍ ആക്രമണം നടന്നിരുന്നതായി ആരോപണമുണ്ടായിരുന്നു.

ഇതേ കേസില്‍ അറസ്റ്റിലായ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സുരേന്ദ്ര ഗാഡ്‌ലിങ്ങിനെതിരെയും സമാനമായ രീതിയില്‍ തെളിവുണ്ടാക്കാന്‍ ശ്രമം നടന്നിരുന്നു.

മനുഷ്യാവകാശ പ്രവ‍ര്‍ത്തകനും ജെസ്യൂട്ട് പുരോഹിതനുമായ ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ ലാപ്ടോപ്പില്‍ താനറിയാതെ ചില മെസേജുകള്‍ കടന്നുകൂടിയ കാര്യം ഫാദര്‍ തന്നെ പോലീസിനു മൊഴിനല്‍കിയതാണ്.

ഇതേ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിരുന്ന ഫാദര്‍ സ്റ്റാന്‍ സ്വാമി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയവെ അടുത്തകാലത്ത് മരണമടഞ്ഞത് വലിയ വിവാദമുണ്ടാക്കിയിരുന്നു.

ചാരപ്പണിക്കു മാത്രം, എന്നു പറഞ്ഞാല്‍, രഹസ്യാന്വേഷണത്തിനു മാത്രം ഉപയോഗിക്കുന്ന ഈ സോഫ്റ്റ്‌വെയർ സര്‍ക്കാരുകള്‍ക്കു മാത്രമേ വില്‍ക്കാറുള്ളുവെന്ന് എന്‍.എസ്.ഒ നേരത്തേതന്നെ അറിയിച്ചിട്ടുണ്ട്.

സര്‍ക്കാരിനോ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കോ മാത്രമേ ഇതു വില്‍ക്കാറുമുള്ളു. ഔദ്യോഗികമായി ഒരു സര്‍ക്കാരിനോ സര്‍ക്കാരിന്‍റെ അന്വേഷണ ഏജന്‍സികള്‍ക്കോ മാത്രമേ ഇതുപയോഗിക്കാനാവൂ എന്നര്‍ത്ഥം.

സ്വാഭാവികമായും ലോകം മുഴുവന്‍ വിവാദമായിരിക്കുന്ന പെഗാസസ് വിഷയത്തില്‍ ഇന്ത്യയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിക്കൂട്ടിലായിരിക്കുകയാണ്. പാര്‍ലമെന്‍റ് സമ്മേളനം തുടക്കം മുതലേ ബഹളത്തില്‍ മുങ്ങിപ്പോയിരിക്കുന്നു. മാധ്യമങ്ങളിലൊക്കെയും ചൂടന്‍ വാര്‍ത്തകള്‍. പരക്കെ ഉയരുന്ന വലിയ ചോദ്യങ്ങള്‍.

ഒന്നിനും ഒരുത്തരവുമില്ലാതെ മൗനമവലംബിച്ചു നില്‍ക്കുകയാണ് ബി.ജെ.പി ഗവണ്‍മെണ്ട്. പെഗാസസ് കേന്ദ്ര സര്‍ക്കാര്‍ വാങ്ങിയോ അതോ ഇല്ലയോ എന്നാണ് പ്രതിപക്ഷത്തിന്‍റെ ചോദ്യം. ഒന്നുകില്‍ വാങ്ങി, അല്ലെങ്കില്‍ ഇല്ല എന്ന മറുപടി പറയണമെന്നും ആവശ്യപ്പെടുന്നു. ഇന്ത്യ കാത്തിരിക്കുകയാണ് ആ ഉത്തരത്തിനായി.

-ചീഫ് എഡിറ്റര്‍

×