/sathyam/media/post_attachments/vB0frgKqz8IC0gWS7eIH.jpg)
1991 - ഇന്ത്യയുടെ ചരിത്രത്തിലെ നിര്‍ണായകമായ ഒരധ്യായം രചിച്ച വര്‍ഷം. അതെ. പി.വി നരസിംഹറാവു കോണ്‍ഗ്രസ് നേതാവും പ്രധാനമന്ത്രിയുമായിരിക്കെ രചിച്ച വിപ്ലവത്തിന്‍റെ കഥ പറയുന്ന വര്‍ഷം. ധനകാര്യമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങ് ഇന്ത്യന്‍ സാമ്പത്തിക മേഖലയുടെ അടിത്തറയിളക്കി പുതിയ അടിസ്ഥാനമിട്ട് അതിനെ പുതിയ വളര്‍ച്ചയിലേയ്ക്ക് നയിച്ച വര്‍ഷം. ഇന്ത്യയുടെ സാമ്പത്തിക പരിവര്‍ത്തനത്തിന് ഇന്ന് 30 വയസ്.
ബ്രിട്ടീഷ് സാമ്രാജ്യത്വത്തില്‍ നിന്നു സ്വാതന്ത്ര്യം നേടിയ ഭാരതം ഇല്ലായ്മയുടെയും ദാരിദ്ര്യത്തിന്‍റെയും രാജ്യമായിരുന്നു. പട്ടിണി പാവങ്ങളുടെ രാജ്യം. എല്ലാം കട്ടുമുടിച്ചിട്ടാണ് ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടുപോയത്. ശുഷ്കമായിരുന്നു രാജ്യം.
ആ രാജ്യത്തെ കൈപിടിച്ചുയര്‍ത്താന്‍ കാലം കാത്തുവെച്ച ഒരു നേതാവു വന്നു - സാക്ഷാല്‍ ജവഹര്‍ലാല്‍ നെഹ്റു. ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി. ഇല്ലായ്മയില്‍ നിന്നുതന്നെ അദ്ദേഹം എല്ലാം തുടങ്ങിവെച്ചു.
പട്ടിണി മാറ്റുക എന്ന ദൗത്യത്തില്‍ തുടങ്ങി കൃഷി വളര്‍ത്താന്‍ വന്‍ ജലസേചന പദ്ധതികളും വളം നിര്‍മാണ ശാലകളും സ്ഥാപിച്ചു. ഭഗ്രാനംഗല്‍ അണക്കെട്ടുപോലെ കൂറ്റന്‍ സ്ഥാപനങ്ങള്‍. വന്‍ ഉരുക്കു നിര്‍മാണശാലകളും കൂറ്റന്‍ വ്യവസായ സ്ഥാപനങ്ങളും.
പുതിയ തലമുറയെ വാര്‍ത്തെടുക്കാന്‍ ആധുനിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. അവയ്ക്ക് മകുടം ചാര്‍ത്തി ഐ.ഐ.ടി, ഐ.ഐ.എം, എന്‍.ഐ.ഡി എന്നിങ്ങനെ രാജ്യാന്തര നിലവാരമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. ഐ.എസ്.ആര്‍.ഒ പോലെയുള്ള വമ്പന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രങ്ങള്‍. ഡി.ആര്‍.ഡി.ഒ പോലെയുള്ള ഡിഫന്‍സ് ഗവേഷണ കേന്ദ്രങ്ങള്‍. വലിയ ആശുപത്രികള്‍. അവയുടെ തലപ്പത്ത് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് - ഈ പട്ടിക നീണ്ടു നീണ്ടു പോവുകയാണ്. നെഹ്റു എന്ന ഒരേയൊരു നേതാവിന്‍റെ നേട്ടം. ആ രാജ്യത്തിന് എക്കാലവും ഓര്‍ക്കാന്‍.
പിന്നെ ഇന്ദിരാഗാന്ധിയുടെ കാലഘട്ടം. പ്രിവി പേഴ്സ് നിര്‍ത്തലാക്കിയും സ്വകാര്യ ബാങ്കുകള്‍ ദേശസാല്‍ക്കരിച്ചും രാജ്യത്ത് പുതിയ വിപ്ലവമുണ്ടാക്കിയ നേതാവ്. പിന്നെ ഇന്ദിരയുടെ മകന്‍ രാജീവ് ഗാന്ധി. രാജീവ് ഗാന്ധിക്കും ശേഷമാണ് കോണ്‍ഗ്രസ് നേതാവായി പി.വി നരസിംഹറാവു ഉയരുന്നതും അദ്ദേഹം പ്രധാന മന്ത്രിയാവുന്നതും. റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന ഡോ. മന്‍മോഹന്‍ സിങ്ങിനെ ധനകാര്യമന്ത്രിയാക്കുന്നതും. എല്ലാം 1991 ല്‍.
നരസിംഹ റാവുവിന്‍റെയും മന്‍മോഹന്‍ സിങ്ങിന്‍റെയും കാഴ്ചപ്പാട് സാധാരണ രാഷ്ട്രീയക്കാരന്‍റേതില്‍ നിന്നു തികച്ചും വിഭിന്നമായിരുന്നു. ഇന്ത്യയുടെ സാമ്പത്തികനില വളരെ പരിതാപകരമായ സ്തംഭനാവസ്ഥയില്‍ നിന്ന കാലം.
വളര്‍ച്ച എങ്ങുമില്ലാത്ത സമയം. ആദ്യം സാമ്പത്തിക നിലയുടെ സ്തംഭനാവസ്ഥ നീക്കാനുള്ള നടപടികള്‍ തുടങ്ങി. രൂപയുടെ മൂല്യം കുറച്ചും കയറ്റുമതി മേഖലയ്ക്ക് ഊര്‍ജം നല്‍കിയും ലൈസന്‍സ് രാജിന് അന്ത്യം കുറിച്ചും ധനകാര്യ മന്ത്രി മന്‍മോഹന്‍ സിങ്ങ് പുതിയ വിപ്ലവത്തിനു തിരികൊളുത്തി.
പിന്നെ പരിവര്‍ത്തനങ്ങളുടെ പരമ്പരയായിരുന്നു. പ്ലാനിങ്ങ് കമ്മീഷന്‍ വൈസ് ചെയര്‍മാനായി മോണ്ടക് സിങ്ങ് ആലുവാനിയയും പ്രധാനമന്ത്രിയുടെ ധനകാര്യോപദേഷ്ടാവായി മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സി. രംഗരാജനും പുതിയ പരിഷ്കാരങ്ങള്‍ നടപ്പിലാക്കി. രാഷ്ട്രീയ നേതാക്കള്‍, പ്രത്യേകിച്ച് പ്രതിപക്ഷവും ഇടതുപക്ഷവുമെല്ലാം, അന്തംവിട്ടു നോക്കിനില്‍ക്കെ, രാജ്യം പുതിയ വളര്‍ച്ചയിലേയ്ക്കു കുതിച്ചു. ഇന്നും ഭാരതത്തിന്‍റെ വളര്‍ച്ച തുടരുന്നത് 1991 ല്‍ തുടങ്ങിയ വന്‍ കുതിപ്പില്‍ നിന്നാണ്.
1991 നു ശേഷം നേതാക്കളെത്ര വന്നുപോയി ? ഭരണകുടങ്ങളും വന്നുപോയി. നെഹ്റുവിനെപ്പോലെ, ഇന്ദിരാഗാന്ധിയെപ്പോലെ, നരസിംഹ റാവുവിനെപ്പോലെ, വിശാലമായ കാഴ്ചപ്പാടും ഭരണത്തില്‍ നിശ്ചയദാര്‍ഢ്യവും ഉള്ള നേതാക്കള്‍ എത്ര വന്നു ? തലയെടുപ്പുള്ള സ്ഥാപനങ്ങളെത്ര ഉയര്‍ന്നു ? ഇന്നും നെഹ്റു സ്ഥാപിച്ച വന്‍കിട സ്ഥാപനങ്ങളെ വെല്ലാന്‍ ശേഷിയുള്ള സ്ഥാപനങ്ങളൊന്നും വളര്‍ന്നുവന്നിട്ടില്ല.
നല്ല ഭരണകര്‍ത്താക്കള്‍ സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കുന്നവരാവണം. അമ്പലങ്ങളും പള്ളികളും പ്രതിമകളുമൊക്കെ പണിയുന്നത് രാഷ്ട്രീയക്കാരുടെ പണിയല്ല. നമ്മുടെ വ്യാവസായശാലകളാണ് ഇന്ത്യയുടെ ക്ഷേത്രമെന്ന് ജവഹര്‍ലാല്‍ നെഹ്റു പറഞ്ഞതാണ് വലിയ ശരി. 1991 ഓര്‍മിപ്പിക്കുന്നതും അതുതന്നെ.
-ചീഫ് എഡിറ്റര്‍
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us