Advertisment

ഒരിക്കല്‍ സത്യസന്ധനായ ഒരു ചെറുപ്പക്കാരനെ വേണമെന്ന് എം.എ ജോണ്‍ പറഞ്ഞപ്പോള്‍ വലയാര്‍ രവി കണ്ടെത്തിക്കൊണ്ടുവന്ന യുവാവാണ് എ.കെ ആന്‍റണി. 71 -ല്‍ 61 കാരനായ ആര്‍ ശങ്കര്‍ ചിറയിന്‍കീഴില്‍ മത്സരിക്കാനിറങ്ങിയപ്പോള്‍ വൃദ്ധനേതാവെന്ന് പറഞ്ഞ് തടഞ്ഞത് ആന്‍റണിയും രവിയും ഉമ്മന്‍ ചാണ്ടിയും ചേര്‍ന്നായിരുന്നു. 80 പിന്നിട്ട അന്നത്തെ ആന്‍റണിയും 77 കാരനായ ഉമ്മന്‍ ചാണ്ടിയും ഇപ്പോഴും പദവികളില്‍ തുടരുന്നു. പക്ഷേ കോണ്‍ഗ്രസ് മാറുകയാണ്. 3 വര്‍ഷമായപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായ ഷാഫി പറമ്പിലിനെതിരെ എതിര്‍ ശബ്ദം ഉയര്‍ന്നിരിക്കുന്നു. താക്കോല്‍ സ്ഥാനങ്ങള്‍ ആരുടെയും സ്വന്തമല്ലെന്ന ബോധം കോണ്‍ഗ്രസിലും വളരുന്നു - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്

New Update

publive-image

Advertisment

യൂത്ത് കോണ്‍ഗ്രസ് എന്നും കോണ്‍ഗ്രസിലെ തിരുത്തല്‍ ശക്തിയായിരുന്നു. എ.കെ ആന്‍റണി മുതലിങ്ങോട്ട് എത്രയെത്ര നേതാക്കള്‍. കോണ്‍ഗ്രസിലെ മൂത്തു മുരടിച്ച നേതാക്കളെ നീക്കി ആ താക്കോല്‍ സ്ഥാനങ്ങള്‍ കൈയ്യേറണമെന്നാണ് എം.എ ജോണ്‍ വളര്‍ന്നു വരുന്ന കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പണ്ടു പഠിപ്പിച്ചത്.

വലിയ ഗുരുവും നേതാവുമായിരുന്നു അവര്‍ക്ക് എം.എ ജോണ്‍. ഒരു കാലത്ത് കേരളക്കരയെ പ്രകമ്പനം കൊള്ളിച്ച നേതാവ്. കോണ്‍ഗ്രസുകാരാവാന്‍ ഒരുങ്ങിത്തിരിച്ച യുവ തലമുറകളുടെ ആവേശം. അക്കാലത്ത് കേരളത്തിലെ മതിലുകളായ മതിലുകളെല്ലാം തെളിഞ്ഞ ഒരു മുദ്രാവാക്യമുണ്ട്. "എം.എ ജോണ്‍ നമ്മെ നയിക്കും".

എം.എ ജോണ്‍ നമ്മെ നയിച്ചില്ലെങ്കിലും അദ്ദേഹം കൈപിടിച്ചുയര്‍ത്തിയ എ.കെ ആന്‍റണിയും ഉമ്മന്‍ ചാണ്ടിയും വി.എം സുധീരനുമൊക്കെ വലിയ വലിയ നേതാക്കളായി. യൂത്ത് കോണ്‍ഗ്രസ് - കെ.എസ്.യു നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും എം.എ ജോണ്‍ നടത്തിയ പഠന ക്ലാസുകള്‍ എത്രയെത്ര.

സമുദായ നേതാക്കന്മാരുടെ തിണ്ണനിരങ്ങാന്‍ കൂട്ടാക്കാത്ത ജാതി - മത നേതൃത്വങ്ങളുടെ വലയില്‍ വീഴാത്ത അനേകം പുതിയ നേതാക്കളെ അദ്ദേഹം വാര്‍ത്തെടുത്ത് കോണ്‍ഗ്രസിനു സമ്മാനിച്ചു. അവരൊക്കെ കോണ്‍ഗ്രസിന്‍റെ വലിയ നേതാക്കന്മാരായി വളര്‍ന്നു.

ഒരിക്കല്‍ എം.എ ജോണ്‍ വലയാര്‍ രവിയോടു പറഞ്ഞു. നമ്മുടെ കെ.എസ്.യു വളരുകയാണ്. അതിന്‍റെ കണക്കൊക്കെ കൃത്യമായി നോക്കാന്‍ ഒരു ചെറുപ്പക്കാരനെ വേണം. ആള്‍ തികഞ്ഞ സത്യസന്ധനായിരിക്കണം. യുവാവായ വലയാര്‍ രവി ദൗത്യം ഏറ്റെടുത്തു. കുറെ ദിവസത്തിനു ശേഷം എം.എ ജോണിനു മുമ്പിലെത്തി.

ചേര്‍ത്തലയില്‍ ജോണ്‍ പറഞ്ഞമാതിരി ഒരാളെ കണ്ടെത്തിയ കാര്യം പറയാനായിരുന്നു വരവ്. ആള്‍ ചേര്‍ത്തലയില്‍ കോളജ് വിദ്യാര്‍ഥിയാണ്. തികഞ്ഞ സത്യസന്ധന്‍. സൈക്കിള്‍ ചവിട്ടാനറിയാം. വലയാര്‍ രവി വിവരിച്ചു. ആളെ കൊണ്ടുവരൂ എന്നായി എം.എ ജോണ്‍. വലയാര്‍ രവി ആ വിദ്യാര്‍ഥിയെ ജോണിനു മുന്നില്‍ ഹാജരാക്കി. പേര് എ.കെ ആന്‍റണി.

കാലം മുന്നോട്ടുപോയി. കോണ്‍ഗ്രസിലെ പ്രായം ചെന്ന നേതാക്കളെയൊക്കെ തുരത്തി ആന്‍റണിയും കൂട്ടരും താക്കോല്‍ സ്ഥാനങ്ങളില്‍ കയറിപ്പറ്റി. എ.കെ ആന്‍റണി, ഉമ്മന്‍ ചാണ്ടി, എ.സി ഷണ്‍മുഖദാസ്, കൊട്ടറ ഗോപാലകൃഷ്ണന്‍, എന്‍ രാധാകൃഷ്ണന‍് എന്നിവര്‍ 1970 -ലെ തെരഞ്ഞെടുപ്പില്‍ ജയിച്ച് നിയമസഭയിലേയ്ക്കു കടന്നു ചെല്ലുമ്പോള്‍ പുതിയൊരു ചരിത്രം ഉരുത്തിരിയുകയായിരുന്നു. എല്ലാവരും 27 - 28 വയസ് മാത്രം പ്രായമായവര്‍.

1972 ലെ പ്രസിദ്ധമായ വിദ്യാഭ്യാസ സമരത്തിലൂടെ ആന്‍റണിയുടെ പേരും പെരുമയും പിന്നെയുമുയര്‍ന്നു. 1957 ലെ ഇ.എം.എസ് സര്‍ക്കാര്‍ കൊണ്ടുവന്ന വിദ്യാഭ്യാസ ബില്ലിനെതിരെ പടയ്ക്കിറങ്ങി വിമോചന സമരത്തിലൂടെ സര്‍ക്കാരിനെ താഴെയിറക്കിയ കത്തോലിക്കാ സഭാ നേതൃത്വത്തിനെതിരെ 1972 -ല്‍ ആന്‍റണിയുടെ നേതൃത്വത്തിലായിരുന്നു പട.

യൂത്ത് കോണ്‍ഗ്രസുകാരെ മഴുത്തായ കൊണ്ടു പെരുവഴിയില്‍ നേരിടുമെന്നാക്രോശിച്ച് തൃശൂര്‍ ബിഷപ്പ് മാര്‍ കുണ്ടുകുളം മുന്നോട്ടുവന്നു. വാളെടുക്കുന്നവന്‍ വാളാലെേ എന്ന ബൈബിള്‍ വാക്യവുമായി ഉമ്മന്‍ ചാണ്ടി തിരിച്ചടിച്ചു. കേരള സമൂഹത്തില്‍ യൂത്ത് കോണ്‍ഗ്രസിന്‍റെ പ്രസക്തി വര്‍ധിച്ചു.

1971 ലെ ലോക്സഭാ തെരഞ്ഞുടുപ്പില്‍ 61 കാരനായ ആര്‍ ശങ്കര്‍ ചിറയിന്‍കീഴില്‍ മത്സരിക്കാനിറങ്ങിയപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് എതിര്‍ത്തു. വൃദ്ധ നേതാക്കള്‍ ഒഴിഞ്ഞുമാറണമെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസിന്‍റെ ആവശ്യം.

1960 -ല്‍ പട്ടത്തിനു ശേഷം കേരള മുഖ്യമന്ത്രിയായ ആര്‍. ശങ്കര്‍ ധീഷണാശാലിയും പ്രഗത്ഭനുമായ കോണ്‍ഗ്രസ് നേതാവായിരുന്നു. 32 - കാരനായ വയലാര്‍ രവി വലിയ യുവസന്നാഹത്തോടെ മുന്നോട്ടുവന്നപ്പോള്‍ ആര്‍ ശങ്കറിനു പിന്മാറേണ്ടിവന്നു.

പിന്നെ അടിയന്തിരാവസ്ഥക്കാലത്ത് പോലീസ് കസ്റ്റഡിയില്‍ എഞ്ചിനീയറിങ്ങ് കോളജ് വിദ്യാര്‍ഥി പി. രാജന്‍ കൊല്ലപ്പെട്ടതിന്‍റെ പേരില്‍ മുഖ്യമന്ത്രി കെ. കരുണാകരന്‍ രാജിവച്ചപ്പോള്‍ പകരം മുഖ്യമന്ത്രിയായത് എ.കെ ആന്‍റണി. കേരളം കണ്ട ഏറ്റവും ചെറുപ്പക്കാരന്‍ മുഖ്യമന്ത്രി. വയസ് 36.

അന്നു താക്കോല്‍ സ്ഥാനങ്ങളില്‍ കയറിപ്പറ്റിയവര്‍ അവിടെത്തന്നെയിരുന്നു. ആന്‍റണി ഇന്നും രാജ്യസഭാംഗം. അങ്ങനെ മറ്റുപലരും. ഇന്നിപ്പോള്‍ കോണ്‍ഗ്രസില്‍ പ്രായമായ നേതാക്കളോടൊന്നും ആര്‍ക്കും ഒരു മതിപ്പുമില്ല. പ്രായമായവരെ ചെറുപ്പക്കാര്‍ ബഹുമാനിക്കണമെന്ന പഴയകാല ചിന്തയ്ക്ക് ഇന്ന് അത്രയ്ക്ക് വിലയില്ല തന്നെ. കുറഞ്ഞപക്ഷം കോണ്‍ഗ്രസിലെങ്കിലും.

അതുകൊണ്ടാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിലിനെതിരെ സംഘടനയ്ക്കുള്ളില്‍ പടയൊരുക്കം തുടങ്ങിയിരിക്കുന്നത്. വളരെ പ്രഗത്ഭനായ യുവനേതാവാണ് ഷാഫി. പാലക്കാട്ടു നിന്ന് നിയമസഭയിലേയ്ക്ക് ജയിച്ചത് ഇത് മൂന്നാം തവണ. നിയമസഭയില്‍ കോണ്‍ഗ്രസിന്‍റെ തീപ്പൊരി പടയാളി.

മൂന്നു വര്‍ഷമാകാറായി യുത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റായിട്ട്. എം.എല്‍.എ ആയിരിക്കെത്തന്നെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റായിരിക്കണമോ എന്ന ചോദ്യം അടക്കിപ്പറച്ചിലായി സംഘടനയില്‍ പരക്കുന്നുണ്ടായിരുന്നു. യൂത്ത് കോണ്‍ഗ്രസിലും നേതൃമാറ്റം വേണമെന്ന ആവശ്യം ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നു.

ഗ്രൂപ്പ് വ്യത്യാസമില്ലാതെ തന്നെയാണ് പ്രസിഡന്‍റ് ഷാഫി പറമ്പിലിനും വൈസ് പ്രസിഡന്‍റ് കെ.എസ് ശബരീനാഥനുമെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമിതി യോഗത്തില്‍ ശബ്ദമുയര്‍ന്നത്. എ - ഐ ഗ്രൂപ്പ് ഭേദമില്ലാതെ തന്നെയായിരുന്നു വിമര്‍ശനം.

നിയമസഭാ തെരഞ്ഞെടുപ്പില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കായി കിട്ടിയ 12 സീറ്റില്‍ രണ്ടു സീറ്റില്‍ മാത്രമാണ് ജയിച്ചത്. മിക്ക മണ്ഡലങ്ങളിലും പ്രവര്‍ത്തകര്‍ ഊര്‍ജിതമായി രംഗത്തിറങ്ങിയില്ല. സംഘടനാ ദൗര്‍ബല്യം തന്നെയായിരുന്നു പരാജയ കാരണം. യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ യുവാക്കള്‍ പോലും രംഗത്തില്ലായിരുന്നത് എന്തുകൊണ്ടെന്ന ചോദ്യം സംഘടനയില്‍ ഉയര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയ കാരണം കോണ്‍ഗ്രസിലെ പ്രായം ചെന്ന നേതാക്കളും അവരുടെ ഗ്രൂപ്പ് താല്‍പര്യങ്ങളുമാണെന്ന ആരോപണത്തിന് അടിവരയിടുകയാണ് യൂത്ത് കോണ്‍ഗ്രസിലെ ചെറുപ്പക്കാര്‍. അവരുടെ മുമ്പിലുള്ളത് ഷാഫി പറമ്പിലും ശബരീനാഥനുമാണ്.

ശബരി ഇത്തവണ നിയമസഭയിലെത്തിയില്ല. ഇരുവരും എം.എല്‍.എ സ്ഥാനത്തിരിക്കെത്തന്നെയാണ് യൂത്ത് കോണ്‍ഗ്രസ് നേതൃസ്ഥാനത്തെത്തിയത്. എം.എല്‍എ സ്ഥാനത്തിരിക്കുന്നയാള്‍ തന്നെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റാകണോ എന്ന ചോദ്യം അന്നേ ഉയര്‍ന്നിരുന്നു.

ഇന്നിപ്പോള്‍ പ്രായം ചെന്ന നേതാക്കള്‍ക്കെതിരെ സംസാരിച്ചു തുടങ്ങിയില്ലെങ്കില്‍ ഭാവി അപകടത്തിലാകുമെന്നും യുവാക്കള്‍ മനസിലാക്കിയിരിക്കുന്നു. അതിനു തുടക്കം കുറിച്ചത് യൂത്ത് കോണ്‍ഗ്രസിലാണെന്നു മാത്രം.

കോണ്‍ഗ്രസ് നേതൃത്വത്തില്‍ പുന:സംഘനയെക്കുറിച്ച് ആലോചന മുറുകുമ്പോഴാണ് യൂത്ത് കോണ്‍ഗ്രസില്‍ പ്രസിഡന്‍റിനെതിരെ ശബ്ദമുയരുന്നതെന്നതും ശ്രദ്ധേയം. രാഷ്ട്രീയ പാര്‍ട്ടിയിലൊക്കെയും ഒരു പുതിയ ചിന്ത വന്നിരിക്കുന്നു. അതും ഒരു സ്ഥാനത്ത് അധികം കാലം അള്ളിപ്പിടിച്ചിരിക്കരുത്. താക്കോല്‍ സ്ഥാനങ്ങള്‍ ആരുടെയും സ്വന്തമല്ലെന്നോര്‍ക്കുക. അത് ഓര്‍മിപ്പിക്കുകയാണ് യൂത്ത് കോണ്‍ഗ്രസിലെ യുവാക്കള്‍.

-ചീഫ് എഡിറ്റര്‍

editorial
Advertisment