എഴുപതില്‍ ആന്‍റണിയും ഉമ്മന്‍ ചാണ്ടിയും  ഉള്‍പ്പെട്ട 30 -ല്‍ താഴെ പ്രായമുള്ള 5 യുവാക്കള്‍ നിയമസഭയിലേയ്ക്ക് പോകുന്നതു കണ്ട് കെഎസ്‌യുവിലേയ്ക്കും യൂത്ത് കോണ്‍ഗ്രസിലേയ്ക്കും ഇറങ്ങി തിരിച്ച അനേകം കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നുമാകാന്‍ കഴിയാതെ ഇപ്പോഴും തുടരുന്നു. സിപിഎമ്മിന് ബംഗാളില്‍ ഓരോ തെരഞ്ഞെടുപ്പിലും മത്സരിക്കാനും മന്ത്രിമാരാകാനും ഇറങ്ങിയത് ഒരേ മുഖങ്ങളായിരുന്നു. ഒടുവില്‍ അവിടെ കടപുഴകി. ഇപ്പോള്‍ കേരളത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും തിരിച്ചറിയുന്നു – യുവത്വമാണ് തരംഗം ! – ജേക്കബ് ജോര്‍ജിന്‍റെ മുഖപ്രസംഗം

ജേക്കബ് ജോര്‍ജ് - ചീഫ് എഡിറ്റര്‍
Monday, March 8, 2021

എഡിറ്റോറിയല്‍ / ഈ തെരഞ്ഞെടുപ്പില്‍ എന്തായാലും യുവത്വമാണ് തരംഗം. സ്ഥാനാര്‍ഥികളൊക്കെയും പുതു മുഖങ്ങളായിരിക്കണമെന്ന് പാര്‍ട്ടികള്‍ക്കൊക്കെയും നിര്‍ബന്ധം. പക്ഷെ, പ്രായമേറെ ചെന്നവര്‍ക്കും ജയിച്ചവര്‍ക്കും തോറ്റവര്‍ക്കുമെല്ലാം പിന്നെയും മത്സരിക്കാന്‍ മോഹം. പ്രത്യേകിച്ച് കോണ്‍ഗ്രസില്‍.

മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതാണ് ശരി. പശ്ചിമ ബംഗാളില്‍ സിപിഎം ഇതിന്‍റെ ദുരന്തമറിഞ്ഞതാണ്. ഓരോ തെരഞ്ഞെടുപ്പു വരുമ്പോഴും മത്സരിക്കാനെത്തുന്നത് സ്ഥിരം മുഖങ്ങള്‍. മന്ത്രിമാരാകാനും പഴയ മുഖങ്ങള്‍ മാത്രം. തവണകളേറെ കഴിഞ്ഞിട്ടും ഒരു മാറ്റവുമില്ല.

അവസാനം പശ്ചിമ ബംഗാളില്‍ ഇടതുപക്ഷം തന്നെ കടപുഴകി. ഇതൊഴിവാക്കാന്‍ സിപിഎം മാനദണ്ഡം കൊണ്ടുവന്നു. രണ്ടു തവണ ജയിച്ചവര്‍ മത്സരിക്കാനിറങ്ങണ്ട. കോണ്‍ഗ്രസും കൊണ്ടുവന്നു മറ്റൊരു മാനദണ്ഡ‍ം. തുടര്‍ച്ചയായി രണ്ടു തവണ തോറ്റവര്‍ക്ക് സീറ്റില്ല.

സിപിഎമ്മില്‍ പുതിയ മാനദണ്ഡത്തില്‍ തട്ടി പതിനെട്ടോളം സിറ്റിങ്ങ് എംഎല്‍എമാരാണ് മത്സര രംഗത്തുനിന്ന് മാറുക. അഞ്ചു മന്ത്രിമാരും. സഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും മത്സരിക്കാനുണ്ടാവില്ല.

ധനകാര്യ മന്ത്രി ഡോ. ടിഎം തോമസ് ഐസക്, പൊതു മരാമത്തു മന്ത്രി ജി സുധാകരന്‍, പ്രൊഫ. സി രവീന്ദ്രനാഥ്, എംഎല്‍എമാരായ ജെയിംസ് മാത്യു, എ പ്രദീപ് കുമാര്‍, രാജു എബ്രഹാം എന്നിങ്ങനെ പല പ്രമുഖരും രംഗം വിടുകയാണ്.

ഇവര്‍ക്കു പകരം മണ്ഡലം പിടിക്കാന്‍ ശേഷിയുള്ള സ്ഥാനാര്‍ഥികള്‍ ഉണ്ടാകുമോ എന്ന ചോദ്യം സിപിഎമ്മിനു മുമ്പിലുണ്ടെങ്കിലും മാനദണ്ഡം തന്നെയാണു പ്രധാനമെന്ന കടുത്ത നിലപാടിലാണ് സിപിഎം സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും, മുഖ്യമന്ത്രി പിണറായി വിജയനും.

കോണ്‍ഗ്രസില്‍ മാനദണ്ഡം കൃത്യമായി പാലിച്ചാല്‍ മാത്രമേ 50 ശതമാനം സീറ്റിലെങ്കിലും യുവാക്കളെയും വനിതകളെയും കൊണ്ടുവരാനാകൂ. മാനദണ്ഡത്തില്‍ തട്ടി സീറ്റ് കിട്ടാതെ പോകുന്ന മൂന്ന് ഡിസിസി പ്രസിഡന്‍റുമാര്‍ തന്നെയുണ്ട്. എം ലിജു (ആലപ്പുഴ), ബിന്ദു കൃഷ്ണ (കൊല്ലം), ടി സിദ്ദിഖ് (കോഴിക്കോട്) എന്നിവര്‍. കോണ്‍ഗ്രസിന്‍റെ മധ്യനിര നേതാക്കള്‍.

ഇതുപോലെയുള്ള ധാരാളം നേതാക്കള്‍ കോണ്‍ഗ്രസില്‍ അങ്ങോളമിങ്ങോളമുണ്ട്. വിദ്യാര്‍ഥി സംഘടനയിലൂടെ പ്രവര്‍ത്തിച്ച് ഏറെ അധ്വാനിച്ച് ഒന്നും കിട്ടാതെ ഇന്നും കഴിയുന്നവര്‍. 1970 -ല്‍ എകെ ആന്‍റണിയും ഉമ്മന്‍ ചാണ്ടിയും മറ്റും ഉള്‍പ്പെടെ 30 -ല്‍ താഴെ പ്രായമുള്ള അഞ്ചു യുവാക്കള്‍ നിയമസഭയിലേയ്ക്ക് പോകുന്നതുകണ്ട് കെഎസ്‌യുവിലേയ്ക്കും യൂത്ത് കോണ്‍ഗ്രസിലേയ്ക്കും ഇറങ്ങിത്തിരിച്ചവര്‍.

1971 -ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കെഎസ്യു സംസ്ഥാന പ്രസിഡന്‍റായിരുന്ന കടന്നപ്പള്ളി രാമചന്ദ്രന്‍ 26 -ാം വയസിലാണ് കാസര്‍കോഡുനിന്ന് ഇകെ നായനാരെ പരാജയപ്പെടുത്തി ലോക്സഭയിലെത്തിയത്. ചിറയില്‍കീഴില്‍ മത്സരിക്കാനൊരുങ്ങിയ മുന്‍ മുഖ്യമന്ത്രി ആര്‍ ശങ്കറെ പിന്തള്ളി വലയാര്‍ രവി സീറ്റ് നേടി ചിറയിന്‍കീഴില്‍ മത്സരിച്ചു ലോക്സഭാംഗമായി. എല്ലാവരും താക്കോല്‍ സ്ഥാനങ്ങളില്‍.

ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍ നിന്ന് നിയമസഭയിലെത്തിയിട്ട് 50 വര്‍ഷം കഴിഞ്ഞിരിക്കുന്നു. എകെ ആന്‍റണി 36 -ാം വയസില്‍ കേരള മുഖ്യമന്ത്രിയായി. പിന്നീട് സംസ്ഥാനത്തും കേന്ദ്രത്തിലുമായി എത്രയെത്ര പദവികള്‍.ഇപ്പോഴും എകെ ആന്‍റണിയും വയലാര്‍ രവിയും രാജ്യസഭാംഗങ്ങള്‍. സുരക്ഷിതമായ താക്കോല്‍ സ്ഥാനങ്ങളില്‍ത്തന്നെ. മാനദണ്ഡം ആര്‍ക്കുവേണ്ടി ?

-ചീഫ് എഡിറ്റര്‍

 

 

×