സ്വജനപക്ഷപാതം ജനാധിപത്യത്തില്‍ ഒരു കുറ്റം തന്നെയാണ് ജലീലേ ! എല്ലാ രാഷ്ട്രീയക്കാര്‍ക്കും പാഠമാകേണ്ടതുമാണ് ജലീലിന്‍റെ ഈ അനിവാര്യമായിരുന്ന രാജി – ജേക്കബ് ജോര്‍ജിന്‍റെ മുഖപ്രസംഗം

ജേക്കബ് ജോര്‍ജ് - ചീഫ് എഡിറ്റര്‍
Wednesday, April 14, 2021

കെടി ജലീലിന്‍റെ രാജി തികച്ചും അനിവാര്യമായ ഒന്നു തന്നെ. ലോകായുക്ത ഉത്തരവ് വന്നപ്പോള്‍തന്നെ രാജി ആകാമായിരുന്നു. സ്വന്തം സര്‍ക്കാരിന്‍റെയും ഇടതു മുന്നണിയുടെയും തന്‍റെ തന്നെയും പേരിന് കഴിവതും ദോഷം വരുത്താതെ രാജി വയ്ക്കുന്നതായിരുന്നു ഉചിതം.

ലോകായുക്ത ഉത്തരവിനു സ്റ്റേ ചോദിച്ചുകൊണ്ട് ജലീല്‍ നല്‍കിയ റിട്ട് ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയ്ക്കുവരും നേരത്താണ് രാജിയെന്നത് ശ്രദ്ധേയമാണ്. സിപിഎം നേതൃത്വത്തിന്‍റെ നിര്‍ദ്ദേശപ്രകാരം തന്നെയാണ് രാജി എന്ന കാര്യം വ്യക്തം.

ലോകായുക്താ വിധി ബന്ധു നിയമനത്തിന്‍റെ പേരിലാണ്. ന്യൂന പക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജര്‍ തസ്തികയില്‍ ഡെപ്യൂട്ടേഷനില്‍ നിയമിക്കാന്‍ ബന്ധുവായ കെടി അദീബിനു പിന്തുണ നല്‍കിയെന്നതാണ് ജലീലിനെതിരെ ഉയര്‍ന്ന ആരോപണം. തസ്തികയുടെ യോഗ്യത അദീബിന്‍റെ യോഗ്യതയ്ക്കു ചേര്‍ന്നതാക്കാന്‍ ജലീല്‍ ശ്രദ്ധിച്ചു എന്നതിനുള്ള തെളിവും ലോകായുക്ത കണ്ടെത്തി.

ജനാധിപത്യത്തില്‍ ഉന്നത സ്ഥാനത്തെത്തുന്നവരുടെ പ്രവൃത്തികളൊക്കെയും അങ്ങേയറ്റം സുതാര്യമായിരിക്കണമെന്ന ലോകായുക്തയുടെ ഉത്തരവും അതിന്‍റെ പേരില്‍ ജലീല്‍ രാജിവെച്ചതും വീണ്ടും ഓര്‍മ്മിപ്പിക്കുന്നു. ഈ അഞ്ചു വര്‍ഷക്കാലത്തിനുള്ളില്‍ പല വെല്ലുവിളികളും നേരിട്ടയാളാണ് മുസ്ലിം ലീഗില്‍ നിന്ന് ഇടതുപക്ഷ രാഷ്ട്രീയത്തിലേയ്ക്ക് വന്ന ജലീല്‍. മലപ്പുറത്തെ അതി തീഷ്ണമായ മുസ്ലിം രാഷ്ട്രീയത്തില്‍ ജലീലിനെപ്പോലെ കരുത്തനും മികച്ച വാഗ്മിയുമായ ഒരു നേതാവിനെ സിപിഎമ്മിനും ആവശ്യമായിരുന്നു.

രണ്ടുകൈയ്യും നീട്ടി സിപിഎം ജലീലിനെ സ്വീകരിച്ചു. നിര്‍ണായകമായ 2006 നിയമസഭാ തെരഞ്ഞെടുപ്പില്‍ കുറ്റിപ്പുറത്ത് ഇടതുമുന്നണി സ്വതന്ത്രനായി മത്സരിച്ച ജലീല്‍ മുസ്ലിം ലീഗിന്‍റെ നിയന്ത്രണവും നേതൃത്വവുമെല്ലാം കൈയ്യിലൊതുക്കിയിരുന്ന സാക്ഷാല്‍ പികെ കുഞ്ഞാലിക്കുട്ടിയെ പരാജയപ്പെടുത്തി കേരളത്തെത്തന്നെ ഞെട്ടിച്ചുകളഞ്ഞു. അന്നേ മുസ്ലിം ലീഗ് ജലീലിനെ നോട്ടമിട്ടതാണ്. ലീഗിന്‍റെ പശ്ചാത്തലവും മുഖവുമൊക്കെയുള്ള ജലീല്‍ ഇടതുമുന്നണിയില്‍ സിപിഎം സഹയാത്രികനായിനിന്ന് എംഎല്‍എയാകുന്നതും മന്ത്രിയാകുന്നതും ലീഗ് നേതൃത്വത്തിന് ഒട്ടും സഹിക്കാനാകുമായിരുന്നില്ല. ജലീലിനെതിരെ കിട്ടുന്ന അവസരമൊക്കെ ഉപയോഗിക്കാന്‍ അവര്‍ തക്കം പാര്‍ത്തിരുന്നു.

സ്വര്‍ണക്കടത്ത് വിവാദത്തെ തുടര്‍ന്ന് മന്ത്രി ജലീലിന്‍റെ യുഎഇ കോണ്‍സുലേറ്റ് ബന്ധവും വലിയ വിവാദമായി. അന്വേഷണ ഏജന്‍സിയും വിശദമായി അന്വേഷണം നടത്തി ജലീലിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്തെങ്കിലും കാര്യങ്ങള്‍ അവിടെ അവസാനിച്ചു എന്നാണ് സൂചന. പല ആരോപണങ്ങളില്‍ പെട്ടുപോയെങ്കിലും അനധികൃത സ്വത്തുസമ്പാദനത്തിലോ ഏതെങ്കിലും അഴിമതിയിലോ അദ്ദേഹത്തെ കുരുക്കാന്‍ ഏജന്‍സികള്‍ക്കു കഴിഞ്ഞില്ല. ഒരു തരി സ്വര്‍ണം പോലും എന്‍റെ വീട്ടിലില്ല, സര്‍ക്കാരില്‍ നിന്നു കിട്ടുന്ന ശമ്പളമല്ലാതെ ഒരു രൂപ പോലും എന്‍റെ കൈവശമോ ബാങ്ക് അക്കൗണ്ടിലോ ഇല്ല എന്നുതന്നെയാണ് ജലീല്‍ മാധ്യമങ്ങളോട് പറഞ്ഞത്.

എങ്കിലും സ്വജന പക്ഷപാതം ജനാധിപത്യത്തില്‍ ഒരു കുറ്റം തന്നെയാണ്.  ഫലമോ ബന്ധു കെടി അദീബ് പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് രാജിവെച്ചെങ്കിലും കേസ് ജലീലിനെ വേട്ടയാടിക്കൊണ്ടിരുന്നു. അവസാനം രാജി വെയ്ക്കുകയും ചെയ്തു. അനിവാര്യം തന്നെയായിരുന്നു ഈ രാജി. രാഷ്ട്രീയത്തില്‍ നില്‍ക്കുന്ന എല്ലാവര്‍ക്കും പാഠമാകേണ്ടതുമാണ് ഇത്.

×