Advertisment

ഇന്ത്യയില്‍ ബിസിനസ് നടത്തി ലാഭമുണ്ടാക്കുന്ന വന്‍ സ്ഥാപനങ്ങളാണ് ഭീമമായ തുകയ്ക്ക് ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങിയതെന്നതു വ്യക്തം; ഇന്ത്യന്‍ ജനതയെ ചൂഷണം ചെയ്തു ഞെക്കിപ്പിഴിഞ്ഞുണ്ടാക്കിയ കൊള്ള ലാഭം തന്നെയാണിത് ! ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ ചരിത്രത്തിലെ ഒരു പ്രധാന നാഴികക്കല്ലാവുകയാണ് ഇലക്ടറല്‍ ബോണ്ട് സംബന്ധിച്ച സുപ്രീം കോടതി വിധി-മുഖപ്രസംഗത്തില്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോര്‍ജ്

ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ ചരിത്രത്തിലെ ഒരു പ്രധാന നാഴികക്കല്ലാവുകയാണ് ഇലക്ടറല്‍ ബോണ്ട് സംബന്ധിച്ച സുപ്രീം കോടതി വിധി. ഇന്ത്യയിലെ ഏറ്റവം വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ രാജ്യത്തിനു മുന്നില്‍ തലകുനിച്ചു നില്‍ക്കുന്നു.

New Update
supreme court1.jpg

ഇലക്ടറല്‍ ബോണ്ട് വഴി ബിജെപി കൈക്കലാക്കിയത് വന്‍ തുക. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ എന്നിങ്ങനെ വിവിധ കക്ഷികളും ഇലക്ടറല്‍ ബോണ്ട് വഴി കാശുണ്ടാക്കിയിട്ടുണ്ട്. രാജ്യത്ത് കള്ളപ്പണമുണ്ടാക്കുന്നവരും അനധികൃത വഴികളിലൂടെ പണം സമ്പാദിക്കുന്നവരുമെല്ലാം സ്വന്തം തടി രക്ഷിക്കാന്‍ കോടികളുടെ ഇലക്ടറല്‍ ബോണ്ട് വാങ്ങി രാഷ്ട്രീയ കക്ഷികള്‍ക്കു സമ്മാനിച്ചുവെന്നത്രെ ഈ വലിയ വിവാദത്തിന്‍റെ ചുരുക്കം.

Advertisment

എങ്കിലും ബോണ്ട് വാങ്ങിയവര്‍ ആരൊക്കെയെന്നും അത് ഏതൊക്കെ കക്ഷികള്‍ക്കു കൊടുത്തുവെന്നുമുള്ള വിവരങ്ങള്‍ ഇലക്ടറല്‍ ബോണ്ട് സംബന്ധിച്ച എല്ലാ ഔദ്യോഗിക ഇടപാടുകളും നടത്തിവന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇതേവരെ സുപ്രീം കോടതി ഡിവിഷന്‍ ബഞ്ച് മുമ്പാകെ നല്‍കിയിട്ടില്ല. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും.

ഇലക്ടറല്‍ ബോണ്ട് സംബന്ധിച്ച എല്ലാ വിവരങ്ങളും പരമരഹസ്യമായി വെയ്ക്കാനായിരുന്നു കേന്ദ്ര സര്‍ക്കാരിനു താല്‍പര്യം. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ആരെങ്കിലും കൈയയച്ചു സംഭവാന ചെയ്താല്‍ അതു പൊതുജനമറിയേണ്ട കാര്യമില്ലെന്നതായിരുന്നു ബിജെപി നേതൃത്വത്തിന്‍റെ തീരുമാനമെന്നര്‍ത്ഥം.

ബിജെപി എന്തുകൊണ്ടാണ് അന്ന് അങ്ങനെയൊരു തീരുമാനമെടുത്തത് എന്ന ചോദ്യത്തിന് ഇപ്പോള്‍ മറുപടി കിട്ടിയിരിക്കുന്നു. 2018 മാര്‍ച്ച് മുതല്‍ 2023 സെപ്തംബര്‍ 30 വരെയുള്ള കണക്കു പുറത്തുവന്നപ്പോള്‍ ബിജെപി സമാഹരിച്ചത് 6986.5 കോടി രൂപ.

തെരഞ്ഞെടുപ്പു ബോണ്ട് സമ്പ്രദായം തുടങ്ങിയത് 2018 മാര്‍ച്ചിലാണ്. തുടക്കത്തില്‍ത്തന്നെ ബിജെപിക്ക് 240 കോടി രൂപ ലഭിച്ചു. കോണ്‍ഗ്രസിനു കിട്ടിയത് അഞ്ചു കോടി രൂപ. 2018 - 19 വര്‍ഷം ബിജെപിക്ക് 1450 കോടി രൂപ കിട്ടിയപ്പോള്‍ കോണ്‍ഗ്രസിനു കിട്ടിയത് 383 കോടി.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുംബൈയില്‍ ഒരു പ്രത്യേക ബ്രാഞ്ചിലാണ് ഇങ്ങനെ പണം കൊടുത്ത് ബോണ്ട് വാങ്ങാനുള്ള സൗകര്യങ്ങളെല്ലാം ഒരുക്കിയത്. പണം കിട്ടിയ സ്ഥാപനത്തെക്കുറിച്ചോ ഈ പണത്തിന്‍റെ ഉറവിടത്തെക്കുറിച്ചോ ഒന്നും ഒരു ചോദ്യവും ഉന്നയിക്കില്ലെന്ന് ഉറപ്പ്. ഒരുതരം വെള്ള പൂശല്‍. അതുകൊണ്ടുതന്നെ കേന്ദ്ര അന്വേഷണ ഏജന്‍സികളായ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെയും മറ്റും അന്വേഷണം നേരിട്ട വന്‍ സ്ഥാപനങ്ങള്‍ എസ്.ബി.ഐ ഓഫീസ് മുമ്പാകെ ഇലക്ടറല്‍ ബോണ്ട് വാങ്ങാന്‍ വരി നിന്നു എന്നത് വസ്തുത മാത്രം.


ലോട്ടറി മാഫിയക്കാരന്‍ എന്നു കേരളത്തില്‍ അറിയപ്പെടുന്ന സാന്‍റിയാഗോ മാര്‍ട്ടിന്‍ ഒരു ഉദാഹരണം. മാര്‍ട്ടിന്‍റെ ഫ്യൂച്ചര്‍ ഗെയ്മിങ്ങ് ആന്‍റ് ഹോട്ടല്‍ സര്‍വീസ് 1368 കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ടാണു വാങ്ങിയത്.


 രണ്ടാം സ്ഥാനം നിര്‍മ്മാണ കമ്പനിയായ മേഘാ എഞ്ചിനിയറിങ്ങ് ആന്‍റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് എന്ന സ്ഥാപനം. വാങ്ങിയത് 1226 കോടി രൂപയുടെ ബോണ്ടുകള്‍. ഖനി വ്യവസായത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വേദാന്ത പ്രൈവറ്റ് ലിമിറ്റഡ് ആണ് മൂന്നാമത്. വാങ്ങിയത് 400 കോടി രൂപയുടെ ബോണ്ടുകള്‍.

ഇ.ഡിയുടെയും ആദായ നികുതി വകുപ്പിന്‍റെയും അന്വേഷണം നേരിട്ടുകൊണ്ടിരിക്കുന്ന സ്ഥാപനങ്ങള്‍ തന്നെയാണ് ഇവ മൂന്നും. സാന്‍റിയാഗോ മാര്‍ട്ടിന്‍റെ സ്ഥാപനങ്ങള്‍ 2019 മുതല്‍ ഇ.ഡി അന്വേഷണം നേരിടുന്നുണ്ട്. 2022 -ല്‍ ഇവരുടെ ഓഫീസുകളില്‍ ഇ.ഡി റെയ്ഡും നടത്തി. തൊട്ടു പിന്നാലെ 1368 കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ട് വാങ്ങി. ഈ പട്ടിക വളരെ നീണ്ടതാണെന്ന കാര്യവും ഓര്‍ക്കണം.

ഇന്ത്യയിലെ പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളും ഇലക്ടറല്‍  ബോണ്ട് വാങ്ങി രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു സംഭാവന ചെയ്തു. ഹൈദരാബാദ് ആസ്ഥാനമായ ഹെറ്ററോ ഫോര്‍മ 2022 ഏപ്രില്‍, ജൂലൈ, ഒക്ടോബര്‍ മാസങ്ങളിലായി വാങ്ങിയത് സ്ഥാപനത്തില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയതിനേ തുടര്‍ന്ന്. ആദായ നികുതി റെയ്ഡില്‍ 550 കോടി രൂപയുടെ കള്ളപ്പണ ഇടപാടു കണ്ടെത്തിയിരുന്നുവെന്ന് റിപ്പോര്‍ട്ട്.

ഇന്ത്യയില്‍ ബിസിനസ് നടത്തി ലാഭമുണ്ടാക്കുന്ന വന്‍ സ്ഥാപനങ്ങളാണ് ഇങ്ങനെ അതി ഭീമമായ തുകയ്ക്ക് ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങിയതെന്നതു വ്യക്തം. ഇന്ത്യന്‍ ജനതയെ ചൂഷണം ചെയ്തു ഞെക്കിപ്പിഴിഞ്ഞുണ്ടാക്കിയ കൊള്ള ലാഭം തന്നെയാണിത്. അതില്‍ കള്ളപ്പണവും അമിത ലാഭവുമെല്ലാമുണ്ട്.

കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം വരുമ്പോള്‍ കമ്പനികള്‍ ഈ കൊള്ള ലാഭത്തില്‍ നിന്നു കുറെ ചെലവാക്കി ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങുന്നു. ഇത് കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന രാഷ്ട്രീയ കക്ഷികള്‍ക്കു വിതരണം ചെയ്യുന്നു. അന്വേഷണവും റെയ്ഡും ഒറ്റയടിക്കുതന്നെ തീരുന്നു. കേസില്ല. ജയിലില്‍ പോകണ്ട. എല്ലാം ശുഭം.

ബോണ്ട് വഴി സംഭാവന ചെയ്യുന്നവര്‍ക്ക് കൂടുതല്‍ സൗജന്യങ്ങളും കിട്ടും. സര്‍ക്കാര്‍ വക സ്ഥലങ്ങളും ലൈസന്‍സുകളും മറ്റു സൗജന്യങ്ങളുമെല്ലാം പിന്നാലെ.

കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്ക് എന്തിനാണിത്രയധികം പണം ? സംസ്ഥാനങ്ങളില്‍ ഭരണമാറ്റം ഉറപ്പിക്കാന്‍, മറ്റു പാര്‍ട്ടി നേതാക്കളെ വശത്താക്കാന്‍ എല്ലാം ഈ പണം ഉപയോഗിക്കുന്നു. പിന്നെ സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിനും.

ഇന്ത്യന്‍ ജനാധിപത്യം ഇതാ ഇവിടെ വരെ എത്തിയിരിക്കുന്നു. കള്ളപ്പണം ഇലക്ടറല്‍ ബോണ്ട് ആക്കി ഭരണകക്ഷിക്കു നല്‍കുന്നിടം വരെ.

ഇലക്ടറല്‍ ബോണ്ട് സമ്പ്രദായത്തിനെതിരെ സുപ്രീം കോടതിയില്‍ കേസ് കൊടുത്ത സിപിഎമ്മും ശക്തമായ നിലപാടുമായി എസ്.ബി.ഐ എന്ന കേന്ദ്ര പൊതുമേഖലാ ബാങ്കിനെ വിറപ്പിച്ച സുപ്രീം കോടതിയും നീതിയുടെ പാതയില്‍ ഉറച്ചു നിന്ന ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡും ഇന്ത്യന്‍ ജനതയുടെ പ്രശംസയും നന്ദിയും അര്‍ഹിക്കുന്നു.

ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ ചരിത്രത്തിലെ ഒരു പ്രധാന നാഴികക്കല്ലാവുകയാണ് ഇലക്ടറല്‍ ബോണ്ട് സംബന്ധിച്ച സുപ്രീം കോടതി വിധി. ഇന്ത്യയിലെ ഏറ്റവം വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ രാജ്യത്തിനു മുന്നില്‍ തലകുനിച്ചു നില്‍ക്കുന്നു. കേന്ദ്രം ഭരിക്കുന്ന ബിജെപിയും അതിന്‍റെ നേതാക്കളും.

Advertisment