Advertisment

ജനാധിപത്യ ക്രമത്തിലൂടെ തെരഞ്ഞെടുപ്പില്‍ ജയിച്ച് ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തുന്നവര്‍ ഒരിക്കലും വിവേചനം കാണിച്ചുകൂടാ; അത് പ്രധാനമന്ത്രിയായാലും മുഖ്യമന്ത്രിമാരായാലും മറ്റേതു ഭരണകര്‍ത്താക്കളായാലും ! സ്വന്തം പാര്‍ട്ടി നേതൃത്വത്തില്‍ നിന്നു പരസ്യമായ വിവേചനം നേരിടേണ്ടിവന്ന ഡോ. അബ്ദുള്‍ സലാമിന്‍റെ കാര്യം സങ്കടകരം തന്നെ-മുഖപ്രസംഗത്തില്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോര്‍ജ്

ഇന്ത്യന്‍ ജനാധിപത്യത്തില്‍ എല്ലാ പൗരന്മാരും തുല്യര്‍ തന്നെയാണ്. ജാതിയുടെയോ മതത്തിന്‍റെയോ ഭാഷയുടെയോ പേരില്‍ ആരോടും ഒരു വിവേചനവും കാട്ടിക്കൂടാ എന്നു ഭരണഘടന അനുശാസിക്കുന്നു.

New Update
modi abul salam

ഹിന്ദുത്വ രാഷ്ട്രീയമാണ് ബിജെപിയുടെ പ്രഖ്യാപിത രാഷ്ട്രീയം. ഒരു കലര്‍പ്പുമില്ലാത്ത മുസ്ലിം വിരോധത്തില്‍ ഊന്നിയ ഹിന്ദുത്വ രാഷ്ട്രീയം തന്നെയാണത്. അയോദ്ധ്യയിലെ ബാബ്റി മസ്ജിദ് തകര്‍ത്ത നാളില്‍ നീറിപ്പുകഞ്ഞു തുടങ്ങിയ തീവ്ര ഹിന്ദുത്വ ചിന്ത രാജ്യത്തിന്‍റെ ഹിന്ദി മേഖല മുഴുവന്‍ ശക്തമായി പടര്‍ന്നിരിക്കുന്നു. ഇന്ത്യന്‍ ജനതയില്‍ ഒരു വലിയ വിഭാഗത്തിന്‍റെ രാഷ്ട്രിയവും വിശ്വാസവുമെല്ലാം തീവ്ര ഹിന്ദുത്വ വികാരമായിരിക്കുന്നു.

Advertisment

ഈ തീവ്ര ഹിന്ദുത്വ വികാരത്തില്‍ത്തന്നെ ഒരു അടിസ്ഥാന ഘടകവുമുണ്ട് - തീവ്ര മുസ്ലിം വിരുദ്ധ വികാരം. തീവ്ര ഹിന്ദുത്വ വികാരം ആളിക്കത്തിക്കാന്‍ തീവ്ര മുസ്ലിം വിരുദ്ധതയും ആയുധമാക്കുന്നു. സംഘപരിവാറിന്‍റെ രാഷ്ട്രീയ പ്രചാരണത്തിന്‍റെയെല്ലാം അടിസ്ഥാനം ഈ മുസ്ലിം വിരുദ്ധത തന്നെയാണ്.

തെരഞ്ഞെടുപ്പു പ്രചരണത്തിനായി കഴിഞ്ഞ തിങ്കളാഴ്ച പാലക്കാട്ടെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ റോഡ് ഷോയില്‍ നിന്ന് മലപ്പുറത്തെ ബിജെപി സ്ഥാനാര്‍ത്ഥി ഡോ. അബ്ദുള്‍ സലാമിനെ ഒഴിവാക്കിയതിനെക്കുറിച്ചാണ് പറഞ്ഞു വരുന്നത്.

കേരളത്തില്‍ ബിജെപി നിര്‍ത്തിയിരിക്കുന്ന ഒരേയൊരു മുസ്ലിം സ്ഥാനാര്‍ത്ഥിയാണ് മുന്‍ കോഴിക്കോട് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ‍ഡോ. അബ്ദുള്‍ സലാം. കുറേ കാലമായി ബിജെപി അനുകൂല രാഷ്ട്രീയ നിലപാടിലാണ് അദ്ദേഹം. അതുകൊണ്ടുതന്നെയാണ് മുസ്ലിം സമുദായത്തിന്‍റെ വലിയൊരു കേന്ദ്രം തന്നെയായ മലപ്പുറം മണ്ഡലത്തില്‍ അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബിജെപി തുനിഞ്ഞതും.

പാലക്കാട് പട്ടണത്തില്‍ നടത്തിയ റോഡ് ഷോയില്‍ പാലക്കാട്, മലപ്പുറം, പൊന്നാനി എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ ഉണ്ടായിരിക്കുമെന്ന് ബിജെപി സംസ്ഥാന നേതൃത്വം അറിയിച്ചിരുന്നു. റോഡ് ഷോയില്‍ പ്രധാനമന്ത്രിയോടൊപ്പം പങ്കെടുക്കാന്‍ അദ്ദേഹം കാലത്തുതന്നെ പാലക്കാട്ടെത്തുകയും ചെയ്തു. 


എന്നാല്‍ റോഡ് ഷോ തുടങ്ങുന്നേരം തുറന്ന ജീപ്പില്‍ കയറാന്‍ ചെന്ന അബ്ദുള്‍ സലാമിനെ പ്രധാനമന്ത്രിയുടെ സുരക്ഷാ ഭടന്മാര്‍ തടയുകയായിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നു നല്‍കിയിരുന്ന പട്ടികയില്‍ അബ്ദുള്‍ സലാമിന്‍റെ പേരില്ലാത്തതാണു കാരണം. അബ്ദുള്‍ സലാമിന് മാറി നില്‍ക്കേണ്ടി വന്നു.


റോഡ് ഷോയില്‍ പ്രധാനമന്ത്രിക്കൊപ്പം പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, പാലക്കാട്ടെ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍, പൊന്നാനി സ്ഥാനാര്‍ത്ഥി നിവേദിതാ സുബ്രഹ്മണ്യന്‍ എന്നിവര്‍ മാത്രം പങ്കെടുത്തു.

2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി വയനാട്ടില്‍ വന്നിറങ്ങിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ വലിയ ആള്‍ക്കൂട്ടമാണ് അത്യാവേശത്തോടെ സ്വീകരിച്ചത്. ലീഗിന്‍റെ വലിയൊരു തട്ടകമായ വയനാട്ടില്‍ പച്ചക്കൊടി വീശി വലിയ സംഘം പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയെ സ്വീകരിച്ചതിന്‍റെ ചിത്രങ്ങള്‍ സഹിതമുള്ള റിപ്പോര്‍ട്ടുകള്‍ ചില ഉത്തരേന്ത്യന്‍ മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു.  പാറിപറക്കുന്ന പച്ചക്കൊടികളുടെ വലയത്തില്‍ നടന്നു നീങ്ങുന്ന രാഹുല്‍ ഗാന്ധിയെ ചിത്രീകരിച്ചത് പാക്കിസ്ഥാന്‍ പതാകയുമായി ജനങ്ങള്‍ രാഹുല്‍ ഗാന്ധിയെ സ്വീകരിക്കുന്നുവെന്ന മട്ടില്‍. സാമൂഹ്യ മാധ്യമങ്ങളും ഇതേ രീതിയില്‍ വളച്ചൊടിച്ച് വാര്‍ത്ത പരത്തി. 

മുസ്ലിം വിഷയവും മുസ്ലിം വിരോധവും എത്രകണ്ട് രൂക്ഷമായി തെരഞ്ഞെടുപ്പു പ്രചാരണത്തിനുപയോഗിക്കാമെന്ന് ഇതു തെളിയിക്കുന്നു. മുസ്ലിം വിരോധം ഉത്തരേന്ത്യന്‍ സമൂഹത്തിന്‍റെ മനസില്‍ ഊട്ടി ഉറപ്പിക്കുന്ന രീതികളാണിതെല്ലാം.

അപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുസ്ലിം നാമധാരിയായ ഒരാളോടൊപ്പം തുറന്ന ജീപ്പില്‍ നിന്ന് ജനങ്ങളോടു കൈ വീശി എങ്ങനെ വോട്ടു ചോദിക്കും ? അത് ഇങ്ങു തെക്കേ അറ്റത്തുള്ള കേരളത്തിലാണെങ്കില്‍ കൂടി ? ബിജെപിയുടെ താമര ചിഹ്നത്തില്‍ മത്സരിക്കുന്ന ഒരു സ്ഥാനാര്‍ത്ഥിക്കൊപ്പമാണെങ്കില്‍ കൂടി ? 

പ്രധാനമന്ത്രി നരേന്ദ്ര മോദി മലപ്പുറത്തെ ബിജെപി സ്ഥാനാര്‍ത്ഥി ഡോ. അബ്ദുള്‍ സലാമിനൊപ്പം റോഡ് ഷോയില്‍ പങ്കെടുക്കുന്നു എന്ന അടിക്കുറിപ്പോടെ ഒരു ചിത്രമോ വിഡിയോയോ ഉത്തരേന്ത്യന്‍ മാധ്യമങ്ങളില്‍ വന്നാലുണ്ടാകുന്ന ആപത്ത് മുന്‍കൂട്ടി കണ്ടിക്കാകുമോ റോഡ് ഷോയില്‍ നിന്ന് ഒരു സ്ഥാനാര്‍ത്ഥിയെ ഒഴിവാക്കിയത് ?

ഇന്ത്യന്‍ ജനാധിപത്യത്തില്‍ എല്ലാ പൗരന്മാരും തുല്യര്‍ തന്നെയാണ്. 'വി, ദ പീപ്പിള്‍ ഓഫ് ഇന്ത്യ' എന്ന വാക്കുകളില്‍ തുടങ്ങുന്ന ഇന്ത്യന്‍ ഭരണഘടന ഇന്ത്യയിലെ ജനങ്ങള്‍ സ്വന്തമായി എഴുതിയുണ്ടാക്കിയതാണെന്നത്രെ സങ്കല്‍പ്പം. ജാതിയുടെയോ മതത്തിന്‍റെയോ ഭാഷയുടെയോ പേരില്‍ ആരോടും ഒരു വിവേചനവും കാട്ടിക്കൂടാ എന്നു ഭരണഘടന അനുശാസിക്കുന്നു.

ജനാധിപത്യ ക്രമത്തിലൂടെ തെരഞ്ഞെടുപ്പില്‍ ജയിച്ച് ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തുന്നവര്‍ ഒരിക്കലും ഇത്തരം വിവേചനം കാണിച്ചുകൂടാ. അത് പ്രധാനമന്ത്രിയായാലും മുഖ്യമന്ത്രിമാരായാലും മറ്റേതു ഭരണകര്‍ത്താക്കളായാലും.

മുസ്ലിം ആയതിന്‍റെ പേരില്‍ സ്വന്തം പാര്‍ട്ടി നേതൃത്വത്തില്‍ നിന്നു പരസ്യമായ വിവേചനം നേരിടേണ്ടിവന്ന ഡോ. അബ്ദുള്‍ സലാമിന്‍റെ കാര്യം സങ്കടകരം തന്നെ. കേരളത്തില്‍ ഒരു സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ കൂടിയായിരുന്നു ഡോ. അബ്ദുള്‍ സലാം എന്നോര്‍ക്കുക.

Advertisment