/sathyam/media/media_files/igsbqC5zzFxkFe0SU3p9.jpg)
സെക്രട്ടേറിയറ്റില്‍ ഓരോ നടപടിക്കും ഓരോ ചിട്ടയും രീതിയുമുണ്ട്. വര്‍ഷങ്ങളായി തുടരുന്ന നടപടിക്രമങ്ങളും രീതികളും ഉദ്യോഗസ്ഥര്‍ക്കൊക്കെ അറിയാവുന്നതു തന്നെ. എന്നിട്ടും പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍റെ മരണത്തിന്‍റെ അന്വേഷണം സിബിഐയെ ഏല്‍പ്പിക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ തീരുമാനം നടപ്പിലാക്കാന്‍ വൈകിയത് 17 ദിവസം. സെക്രട്ടേറിയറ്റിലെ ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥരുടെ വീഴ്ചകൊണ്ടുമാത്രമാണ് ഈ താമസമുണ്ടായത്. അതും സിദ്ധാര്‍ത്ഥന്‍റെ പിതാവ് ജയപ്രകാശ് വിവരം പുറത്തറിയിച്ചതിനു ശേഷം മാത്രം.
ആഭ്യന്തര വകുപ്പിന്‍റെ വീഴ്ച മനസിലാക്കിയ ഉടന്‍ തന്നെ സര്‍ക്കാര്‍ അടിയന്തിര നടപടികളുമായി രംഗത്തു വന്നു. ആഭ്യന്തര വകുപ്പുദ്യോഗസ്ഥര്‍ക്കു പറ്റിയ വീഴ്ച ഉടന്‍ തന്നെ തിരുത്തി. ബന്ധപ്പെട്ട രേഖകള്‍ പെട്ടെന്ന് ഇ-മെയില്‍ വഴി കേന്ദ്ര സര്‍ക്കാരിന്‍റെ ആഭ്യന്തര വകുപ്പില്‍ പഴ്സണല്‍ കാര്യാലയത്തിനയച്ചുകൊടുത്തു. രേഖകളുടെയെല്ലാം ഒറിജിനലുമായി ഒരു പോലീസുദ്യോഗസ്ഥനെ രാത്രിതന്നെ ഡല്‍ഹിക്കയയ്ക്കുകയും ചെയ്തു.
സിദ്ധാര്‍ത്ഥന്‍റെ കുടുംബം മുഖ്യമന്ത്രിയെ സെക്രട്ടേറിയറ്റിലെത്തി നേരിട്ടു കണ്ട് സിബിഐ അന്വേഷണം ആവശ്യപ്പെടുകയായിരുന്നു. മറുചോദ്യമൊന്നും ഉന്നയിക്കാതെ മുഖ്യമന്ത്രി അപ്പോള്‍ത്തന്നെ ആവശ്യം അംഗീകരിക്കുകയും ചെയ്തു. സിബിഐ അന്വേഷണം പ്രഖ്യാപിച്ചുകൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചുവെങ്കിലും വകുപ്പുദ്യോഗസ്ഥരുടെ അനാസ്ഥ മൂലം സിബിഐ അന്വേഷണം എങ്ങുമെത്തിയില്ല.
അനാസ്ഥയ്ക്ക് ഉത്തരവാദികളായ മൂന്ന് ഉദ്യോഗസ്ഥകളെയും സര്‍ക്കാര്‍ അപ്പോള്‍ത്തന്നെ സസ്പെന്‍റ് ചെയ്തുവെങ്കിലും ഈ താമസം സര്‍ക്കാരിന്‍റെ പ്രതിഛായയ്ക്ക് ഏറെ മങ്ങലേല്‍പിച്ചു.
സിദ്ധാര്‍ത്ഥന്‍റെ മരണത്തില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് എസ്എഫ്ഐയാണ്. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരില്‍ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും കോളജ് യൂണിയന്‍ ഭാരവാഹികളും ഉള്‍പ്പെടുന്നു. എസ്എഫ്ഐ എന്ന വിദ്യാര്‍ത്ഥി സംഘടനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയും ആക്ഷേപവുമാണ് ഈ സംഭവത്തോടെ എസ്എഫ്ഐ നേരിടുന്നത്. കേരളത്തിലെ കലാലയങ്ങളില്‍ വര്‍ഷങ്ങളായി നിറഞ്ഞു നില്‍ക്കുന്ന വിദ്യാര്‍ത്ഥി സംഘടനയെന്ന നിലയ്ക്ക് സിദ്ധാര്‍ത്ഥന്‍റെ മരണം ഉണ്ടാക്കിവെച്ച ക്ഷീണം അത്ര പെട്ടെന്നു മായ്ക്കാനോ മറയ്ക്കാനോ പറ്റുന്നതല്ല.
സിദ്ധാര്‍ത്ഥന്‍റെ മരണം സിബിഐക്കു വിട്ടുകൊണ്ടുള്ള വിജ്ഞാപനം സര്‍ക്കാര്‍ പുറപ്പെടുവിച്ചത് ഈ മാസം ഒമ്പതിനാണ്. 16 -ന് ആഭ്യന്തര വകുപ്പ് സിബിഐയ്ക്കു കത്തു നല്‍കി. കത്തയച്ചുകൊടുത്തത് കൊച്ചിയിലെ സിബിഐ ഓഫീസിലേയ്ക്ക്. കത്ത് അവിടെ കിടന്നു. ആരും അറിഞ്ഞില്ല. ദിവസങ്ങള്‍ കടന്നുപോയി.
കത്തിനൊപ്പം വെച്ചിരിക്കേണ്ട ആവശ്യ രേഖകളും ഉണ്ടായിരുന്നില്ല. കേസിന്‍റെ എഫ്ഐആര്‍ ഇംഗ്ലീഷിലേയ്ക്കു തര്‍ജിമ ചെയ്തതിന്‍റെ പകര്‍പ്പും മഹസര്‍, പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് എന്നിവയും ഒപ്പം വേണം. ഇതൊന്നുമില്ലാതെയാണ് സിബിഐക്കു കത്തയച്ചത്. വീഴ്ചകള്‍ വരിവരിയായിത്തന്നെ.
യഥാര്‍ത്ഥത്തില്‍ വിശദമായ രേഖകള്‍ ഉള്‍പ്പെടെ ഈ കത്ത് അയയ്ക്കേണ്ടത് കേന്ദ്ര ആഭ്യന്തര വകുപ്പിലെ പഴ്സണല്‍ മന്ത്രാലയത്തിനാണ്. ഈ മന്ത്രാലയത്തിനു കീഴിലാണ് സിബിഐ.
ആഭ്യന്തര വകുപ്പില്‍ ഇതുമായി ബന്ധപ്പെട്ട ഡെപ്യൂട്ടി സെക്രട്ടറി വി.കെ പ്രശാന്ത, സെക്ഷന്‍ ഓഫീസര്‍ വി.കെ ബിന്ദു, ക്ലാര്‍ക്ക് എസ്.എന്‍ അഞ്ജു എന്നിവരെ സര്‍ക്കാര്‍ സസ്പെന്‍റ് ചെയ്തിട്ടുമുണ്ട്.
മുഖ്യമന്ത്രി സിബിഐ അന്വേഷണം പ്രഖ്യാപിച്ചിട്ട് 17 ദിവസം കഴിഞ്ഞിട്ടും നടപടിയൊന്നുമുണ്ടാവാഞ്ഞതിനെ തുടര്‍ന്ന് സിദ്ധാര്‍ത്ഥന്‍റെ പിതാവ് ജയപ്രകാശ് പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ കണ്ട് പരാതി പറയുകയായിരുന്നു. ഉടന്‍ തന്നെ മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെ വിഷയം ഏറ്റെടുത്തു.
തങ്ങളെ സംബന്ധിച്ചു വളരെ പ്രാധാന്യമുള്ള ഈ വിഷയത്തില്‍ സര്‍ക്കാരിന്‍റെ നടപടി വൈകിയതില്‍ ജയപ്രകാശ് സംശയിച്ചതും അത് പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായി പങ്കുവെച്ചതും തികച്ചും സ്വാഭാവികം മാത്രം.
എങ്കിലും ആഭ്യന്തര വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ വരുത്തിയ വീഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ മന:പൂര്‍വം ഇടപെട്ടു നടത്തിച്ചതാണെന്നും തെളിവുകള്‍ നശിപ്പിക്കാന്‍ കരുതിക്കൂട്ടി ചെയ്തതാണെന്നും ആരോപിക്കുന്നതില്‍ അത്രകണ്ടു കഴമ്പുണ്ടെന്നു കരുതാനാവില്ല.
ജയപ്രകാശ് നേരിട്ടു കണ്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ട അതേ സമയം തന്നെ മുഖ്യമന്ത്രി അത്തരമൊരു അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. സിദ്ധാര്‍ത്ഥന്‍റെ മരണം സര്‍ക്കാരിനും പാര്‍ട്ടിക്കുമുണ്ടാക്കിയ പ്രതിഛായാ നഷ്ടത്തിന് വലിയ നിലയിര്‍ത്തന്നെ പരിഹാരം കാണാന്‍ പെട്ടെന്നെടുത്ത ഈ തീരുമാനത്തിനു കഴിയുകയും ചെയ്തു.
എന്തുകൊണ്ടും സര്‍ക്കാരിന്‍റെ പ്രതിഛായയുടെ കാവലാള്‍ മുഖ്യമന്ത്രി തന്നെയാണ്. എസ്എഫ്ഐയാണ് ഈ സംഭവത്തില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് എന്ന വസ്തുത പ്രശ്നത്തിന്‍റെ ഗൗരവം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെയാണ് സംഭവം വലിയ വാര്‍ത്തയായപ്പോള്‍ത്തന്നെ ഡിജിപിയെ വിളിച്ച് കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായത്. സ്വന്തം ആള്‍ക്കാരുടെ ഭാഗത്തുനിന്നാണു വീഴ്ചയെങ്കില്‍ അവരെ തള്ളിപ്പറയാനുള്ള തന്‍റേടം ലക്ഷ്യബോധമുള്ള ഒരു ഭരണാധികാരി കാണിച്ചേ മതിയാകൂ. പിണറായി വിജയന്‍ ഈ തന്‍റേടം തന്നെയാണു കാണിച്ചത്.
പ്രതികള്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കാനും പിന്നീട് സിബിഐ അന്വേഷണം പ്രഖ്യാപിക്കാനും മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറായത് ആത്മാര്‍ത്ഥമായിത്തന്നെയാണെന്നേ പറയാനാകൂ. ഇത്തരം സങ്കീര്‍ണമായ നിമിഷങ്ങളില്‍ ധീരമായ നിലപാടെടുക്കാന്‍ ഒരു മടിയും കാണിക്കാത്ത നേതാവാണ് പിണറായി വിജയന്‍. അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ജീവിതത്തില്‍ ഇതിന് ധാരാളം ഉദാഹരണങ്ങളുണ്ട്.
സ്വന്തമായി രാഷ്ട്രീയ ചിന്തയും ഉറച്ച നിലപാടുകളുമുള്ള ഭരണാധികാരിയാണു പിണറായി വിജയന്‍. ഇതിലൊന്നും വിട്ടുവീഴ്ച വരുത്താന്‍ അദ്ദേഹം ഒരിക്കലും തയ്യാറാകില്ല. മകന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ഒരു പിതാവിന്‍റെ ആവശ്യത്തോട് മുഖ്യമന്ത്രി പ്രതികരിച്ചത് രാഷ്ട്രീയ തലത്തിലോ ഉദ്യോഗസ്ഥ തലത്തിലോ ഒരാലോചനയും നടത്താതെയാണെന്നോര്‍ക്കണം. സിബിഐ അന്വേഷണങ്ങള്‍ വേണ്ടെന്നായിരുന്നു അഭിപ്രായമെങ്കില്‍ ആ പിതാവിനോട് അതു തുറന്നു പറയാനും മുഖ്യമന്ത്രി പിണറായി വിജയന്‍ മടിക്കുമായിരുന്നില്ല. അതിനുള്ള ധൈര്യവും തന്‍റേടവും അദ്ദേഹത്തിനുണ്ട് എന്നതാണു സത്യം.
ഏതു വിഷയത്തിലും സ്വന്തമായി നിലപാടുകളുണ്ടാവുക, ആ നിലപാടുകളില്‍ ഏതു സാഹചര്യത്തിലും ഉറച്ചു നില്‍ക്കുക - പിണറായി വിജയന്‍ എന്ന രാഷ്ട്രീയക്കാരന്‍റെ വ്യക്തമായ മുഖമുദ്രയാണിത്. ഒരു കലര്‍പ്പുമില്ലാത്ത മുഖമുദ്ര.
പ്രതിഛായ വര്‍ദ്ധിപ്പിക്കാനോ പത്തു വോട്ടു കിട്ടാനോ നാടകം കളിക്കുന്ന ആളല്ല മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വന്തം തീരുമാനങ്ങളിലും നടപടികളിലും ഒരു വലിയ വ്യക്തത എപ്പോഴും അദ്ദേഹത്തിനുണ്ട്. പിണറായിയെ പിണറായി ആക്കുന്നത് ഈ വ്യക്തത തന്നെയാണ്. കട്ടും കരടുമൊന്നുമില്ലാത്തതാണ് പിണറായിക്കു സ്വന്തമായ ഈ രാഷ്ട്രീയ ശൈലി.