Advertisment

മണിപ്പൂരില്‍ എല്ലാം നഷ്ടപ്പെട്ട പെണ്‍കുട്ടികളെ ജീവിതത്തിലേയ്ക്കു തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുന്ന തിയോഡോഷ്യസ് മെത്രാപ്പോലീത്ത നല്‍കുന്ന സന്ദേശം മഹത്തരം തന്നെ; തിരുവല്ലയിലെത്തിയ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ ഈ മണിപ്പൂരി പെണ്‍കുട്ടികളെ കാണണമായിരുന്നു-മുഖപ്രസംഗത്തില്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോര്‍ജ്

മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത, ഒരു വലിയ കര്‍മ്മം നിര്‍വഹിക്കുകയാണ്. നിശബ്ദനായി, ആരെയും അറിയിക്കാതെ, ഒരു പബ്ലിസിറ്റിക്കും തുനിയാതെ

New Update
theodosius methrapolitha vinai kumar saxena

ഡല്‍ഹി ലഫ്റ്റനന്‍റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേന തെരഞ്ഞെടുപ്പിനു രണ്ടു ദിവസം മുമ്പ് കേരളത്തിലെത്തി ക്രൈസ്തവ സഭാ മേലദ്ധ്യക്ഷന്മാരെ കണ്ടത് വലിയ വിവാദമായിരുന്നു. കേരളത്തിലെ ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് ക്രിസ്ത്യന്‍ പിന്തുണ ഉറപ്പാക്കുകയായിരുന്നു ഡല്‍ഹി ലഫ്റ്റനന്‍റ് ഗവര്‍ണറുടെ ദൗത്യമെന്ന കാര്യം വ്യക്തം.

Advertisment

ഭരണഘടനാ സ്ഥാനം വഹിക്കുന്ന ആളാണ് ലഫ്റ്റനന്‍റ് ഗവര്‍ണര്‍ സക്സേന. അങ്ങനെയൊരാള്‍ ഭരിക്കുന്ന പാര്‍ട്ടിക്കു വേണ്ടി കേരളത്തില്‍ വന്ന് സഭാദ്ധ്യക്ഷന്മാരുമായി സംസാരിക്കുന്നത് രാഷ്ട്രീയമായി ഒട്ടും ശരിയല്ല. സാമാന്യ മര്യാദയ്ക്കുപോലും ചേരുന്നതുമല്ല.

ചുരുക്കം ചില ബിഷപ്പുമാര്‍ മാത്രമാണ് പേരിനെങ്കിലും ലെഫ്റ്റനന്‍റ് ഗവര്‍ണറെ സ്വീകരിച്ച് സംഭാഷണം നടത്തി ചായയും കൊടുത്തു പറഞ്ഞുവിട്ടത്. മുന്‍കൂട്ടി അറിയിക്കാതെയായിരുന്നു ലെഫ്റ്റനന്‍റ് ഗവര്‍ണറുടെ വരവ്. അതുകൊണ്ടുതന്നെ അദ്ദേഹം കാണാന്‍ ഉദ്ദേശിച്ചിരുന്ന മിക്ക ബിഷപ്പുമാരും സ്ഥലത്തുണ്ടായിരുന്നില്ല.


 ലത്തീന്‍ രൂപതാദ്ധ്യക്ഷനെ കാണാന്‍ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ സക്സേന താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും സഭാ നേതൃത്വം അതു പാടേ നിരാകരിച്ചു. തെരഞ്ഞെടുപ്പിനു മുമ്പ് അങ്ങനെയൊരു ചര്‍ച്ചയ്ക്കു തങ്ങള്‍ ഒരുക്കമല്ലെന്നു ലഫ്റ്റനന്‍റ് ഗവര്‍ണറെ അറിയിക്കാനുള്ള ധൈര്യം സഭാ നേതൃത്വം കാണിച്ചു.


മാര്‍ത്തോമ്മാ സഭാദ്ധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയെ സന്ദര്‍ശിക്കാന്‍ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും നടന്നില്ല. അസുഖമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മെക്രാപ്പോലീത്ത.

അങ്ങനെയൊരു ചര്‍ച്ച നടന്നിരുന്നുവെങ്കില്‍ത്തന്നെ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ സക്സേന നിരാശനായി മടങ്ങേണ്ടി വന്നേനേ. ഏതെങ്കിലുമൊരു രാഷ്ട്രീയ നേതാവുമായി എന്തെങ്കിലുമൊരു രാഷ്ട്രീയ ചര്‍ച്ചയ്ക്കു തയ്യാറാവുന്ന ആളല്ല തിയഡോഷ്യസ് മെത്രാപ്പോലീത്ത. ലഫ്റ്റനന്‍റ് ഗവര്‍ണര്‍ എന്തെങ്കിലും പറഞ്ഞാല്‍ത്തന്നെ അതൊക്കെ കേട്ടിരുന്ന് തിരിച്ച് ഒരക്ഷരവും ഉരിയാടാതെ ചായയും കൊടുത്ത് അദ്ദേഹത്തെ തികഞ്ഞ സൗമ്യതയോടെ യാത്രയാക്കുമായിരുന്നു തിയഡോഷ്യസ് മെത്രാപ്പോലീത്ത. 

അല്‍പ്പം കുരുട്ടുബുദ്ധിയുള്ള സഭാദ്ധ്യക്ഷനായിരുന്നുവെങ്കില്‍ മെത്രാപ്പോലീത്ത തിരുവല്ല പട്ടണത്തിനടുത്തുള്ള നിക്കോള്‍സണ്‍ ഗേള്‍സ് ഹൈസ്കൂളില്‍ വേണ്ട സജ്ജീകരണം ഒരുക്കി ചര്‍ച്ച അവിടെ വെച്ചാക്കുമായിരുന്നു. മാര്‍ത്തോമ്മാ സഭയുടെ ആസ്ഥാനം തിരുവല്ലയാണ്. തിരുവല്ലാ - കോഴഞ്ചേരി റോഡില്‍ ഒരു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ റോഡിന്‍റെ വലതു ഭാഗത്തായി നിക്കോള്‍സണ്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. 100 വര്‍ഷത്തിലേറെയായി മധ്യകേരളത്തിലെ പെണ്‍കുട്ടികള്‍ക്കായി മാര്‍ത്തോമ്മാ സഭ നടത്തുന്ന പ്രസിദ്ധമായ സ്കൂള്‍. ഇപ്പോള്‍ സിബിഎസ്ഇ വിഭാഗവുമുണ്ട്.

മണിപ്പൂരില്‍ മാസങ്ങളായി തുടരുന്ന വര്‍ഗീയ കലാപത്തില്‍ ബന്ധുക്കളെ നഷ്ടപ്പെട്ട് കഷ്ടതയിലായ 30 കുട്ടികള്‍ ഈ സ്കൂളിന്‍റെ സുരക്ഷിതത്വത്തില്‍ പഠിക്കുന്നുണ്ട്. തിയഡോഷ്യസ് മെത്രാപ്പോലീത്ത മുന്‍കൈ എടുത്തു നടത്തിയ ശ്രമങ്ങളുടെ ഫലമായാണ് ചില സാമൂഹ്യ സംഘടനകള്‍ വഴി ഇത്രയും കുട്ടികളെ ഇവിടെയെത്തിച്ചത്. ലഹളയില്‍ മാതാപിതാക്കളെയും സഹോദരങ്ങളെയുമെല്ലാം നഷ്ടപ്പെട്ടവര്‍ ഇക്കൂട്ടത്തിലുണ്ട്. ലഹളയുടെ ഭീകരത കണ്ട് മാനസികമായി സംഘര്‍ഷമനുഭവിച്ചവരുമുണ്ട്. അവരെല്ലാം ഇപ്പോള്‍ സ്വസ്ഥമായി പഠനത്തില്‍ മുഴുകിയിരിക്കുന്നു. 12 -ാം ക്ലാസുവരെ വിവിധ ക്ലാസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍.


ഇനിയിപ്പോള്‍ 20 കുട്ടികളെ കൂടി കൊണ്ടുവരാനുള്ള പരിശ്രമത്തിലാണ് മെത്രാപ്പോലീത്ത. സ്കൂളില്‍ ആവശ്യത്തിനു ക്ലാസ് മുറികളുണ്ട്. ഹോസ്റ്റല്‍ സൗകര്യങ്ങളും ഏറെ.


ഡല്‍ഹി ലഫ്റ്റനന്‍റ് ഗവര്‍ണറുമായി നടക്കേണ്ടിയിരുന്ന ചര്‍ച്ച നിക്കോള്‍സണ്‍ സ്കൂളില്‍ നടന്നിരുന്നുവെങ്കില്‍ ? ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ക്ക് മണിപ്പൂരിലെ കുട്ടികള്‍ ചായയും പലഹാരങ്ങളും വിളമ്പിയിരുന്നുവെങ്കില്‍, ഇവിടെ പഠിക്കുന്ന മണിപ്പൂരി കുട്ടികളാണിവര്‍ എന്ന് മെത്രാപ്പോലീത്തയോടൊപ്പമുള്ള പുരോഹിതര്‍ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ക്കു പരിചയപ്പെടുത്തി കൊടുത്തിരുന്നെങ്കില്‍...

വിഷം പുരട്ടിയ വാക്കുകളും മതാടിസ്ഥാനത്തില്‍ ജനങ്ങളെ വിഭജിക്കുന്ന ചിന്തകളും മതാധിപത്യത്തിന്‍റെ രാഷ്ട്രീയവുമൊക്കെയായി തെരഞ്ഞെടുപ്പിനെ നേരിടുന്നവര്‍ക്ക് മാര്‍ത്തോമ്മാ സഭ നല്‍കുന്ന നിശബ്ദമായ മറുപടിയാണ് തിരുവല്ലാ നിക്കോള്‍സണ്‍ സ്കൂളിലെ മണിപ്പൂരി പെണ്‍കുട്ടികള്‍.

തികച്ചും സുതാര്യമായ മനസാണ് തിയഡോഷ്യസ് മെത്രാപ്പോലീത്തയ്ക്കുള്ളത്. അത് അദ്ദേഹത്തിനു നല്‍കുന്ന കരുത്തും ചെറുതല്ല. എക്കാലത്തും സഭയുടെ വലിയ പിതാവായിരുന്ന ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്തായുടെ ഓര്‍മ്മയ്ക്കായി അദ്ദേഹത്തിന്‍റെ കലമണ്ണില്‍ കുടുംബത്തിലെ അംഗങ്ങളുടെ ട്രസ്റ്റ് നല്‍കിയ ആദ്യ ബഹുമതി തിയോ‍ഡോഷ്യസ് മെത്രാപ്പോലീത്തയ്ക്കു സമ്മാനിച്ചതും അതുകൊണ്ടുതന്നെ.

മെയ് ഒന്നിന് തിരുവല്ലയില്‍ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത മലങ്കര സഭയിലെ കര്‍ദിനാള്‍ മാര്‍ ക്ലീമീസും മുഖ്യ പ്രഭാഷണം നടത്തിയ മുന്‍ മഹാത്മാഗാന്ധി സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. സിറിയക് തോമസുമെല്ലാം ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ സംഭാവനകളെ പ്രകീര്‍ത്തിച്ചു. ക്രിസോസ്റ്റം തിരുമേനിയുടെ പാത പിന്തുടര്‍ന്ന് വീടില്ലാത്തവര്‍ക്കു വേണ്ടി നൂറു വീടു പണിയുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന തിയോഡോഷ്യസ് മെത്രാപ്പോലീത്തയെയും അവര്‍ ഏറെ പ്രശംസിച്ചു. എന്തുകൊണ്ടും ഈ ബഹുമതിക്ക് അര്‍ഹതയുള്ള ആളിനു തന്നെയാണ് അതു സമ്മാനിക്കുന്നതെന്ന് ട്രസ്റ്റ് ചെയര്‍മാന്‍ എബ്രഹാം കലമണ്ണില്‍ ചൂണ്ടിക്കാട്ടി. ബിഷപ്പ് ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സമയത്ത് അതിനെതിരെ ശബ്ദമുയര്‍ത്താന്‍ അന്നത്തെ സഭാദ്ധ്യക്ഷന്‍ യൂഹാനോന്‍ മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത തയ്യാറായി എന്നത് കേരള രാഷ്ട്രീയത്തിലെ തന്നെ ഒരു വലിയ ചരിത്രം. ജനങ്ങളുടെ സ്വാതന്ത്ര്യവും വ്യക്തിയുടെ അവകാശങ്ങളും ഹനിച്ചുകൊണ്ടുള്ള അടിയന്തരാവസ്ഥ എത്രം വേഗം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മെത്രാപ്പോലീത്ത പ്രധാനമന്ത്രി ഇന്തിരാ ഗാന്ധിക്കു കത്തെഴുതിയത് അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ രാഷ്ട്രീയക്കാര്‍ക്കു പോലും ആലോചിക്കാനാകുമായിരുന്നില്ല.

ഇപ്പോഴത്തെ മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത, ഒരു വലിയ കര്‍മ്മം നിര്‍വഹിക്കുകയാണ്. നിശബ്ദനായി, ആരെയും അറിയിക്കാതെ, ഒരു പബ്ലിസിറ്റിക്കും തുനിയാതെ. മണിപ്പൂരില്‍ എല്ലാം നഷ്ടപ്പെട്ട പെണ്‍കുട്ടികളെ ജീവിതത്തിലേയ്ക്കു തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുന്ന തിയോഡോഷ്യസ് മെത്രാപ്പോലീത്ത ഇന്ത്യയ്ക്കും ഇന്ത്യന്‍ രാഷ്ട്രീയത്തിനും നല്‍കുന്ന സന്ദേശം മഹത്തരമാണ്.

തിരുവല്ലയില്‍ വന്ന ഡല്‍ഹി ലഫ്റ്റനന്‍റ് ഗവര്‍ണര്‍ സക്സേന തീര്‍ച്ചയായും ഇവിടെ നിക്കോള്‍സണ്‍ സ്കൂളില്‍ പഠിക്കുന്ന മണിപ്പൂരിലെ പെണ്‍കുട്ടികളെ കാണേണ്ടതായിരുന്നു. മണിപ്പൂരില്‍ എറെകാലമായി തുടരുന്ന കലാപത്തിനു നേരേ മുഖം തിരിച്ചു നില്‍ക്കുന്ന ഡല്‍ഹിയിലെ ഭരണ ശിക്കാരികളെ ഇക്കാര്യം അറിയിക്കേണ്ടതായിരുന്നു.

Advertisment