Advertisment

സർക്കാർ സംരക്ഷണം പാർട്ടിക്കാർക്ക് മാത്രമോ ? കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ അന്വേഷണം ഇഴയുമ്പോൾ ദുരൂഹതകളും നീങ്ങുന്നില്ല. സർക്കാർ ശ്രമിക്കുന്നത് സിപിഎം നേതാവായ പിപി ദിവ്യയടക്കമുള്ളവരെ സംരക്ഷിക്കാൻ - മുഖപ്രസംഗം

നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി ലാന്‍റ് റവന്യു ജോയിന്റ് കമ്മീഷണര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ മുന്നിലാണ്. അത് ഇതുവരെ പുറത്തുവന്നിട്ടില്ല.

author-image
എഡിറ്റര്‍
Updated On
New Update
naveen babu pp divya
Listen to this article
0.75x 1x 1.5x
00:00 / 00:00

എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ ദുഖാർത്തരായ കുടുംബത്തോടൊപ്പമാണ് സർക്കാർ എന്നു പറഞ്ഞത് മുഖ്യമന്ത്രി തന്നെയാണ്. വകുപ്പിന്റെ ചുമതലയുള്ള റവന്യു മന്ത്രിയും സിപിഎം ജില്ലാ സെക്രട്ടറിയും ഇടതുമുന്നണി കൺവീനറും ഇതേ വാദം ആവർത്തിച്ചു.

Advertisment

എന്നാൽ സംഭവത്തിൽ പൊലീസ് അന്വേഷണം ഇഴയുമ്പോൾ അന്വേഷണ റിപ്പോര്‍ട്ടുകളിലും തുടർ നടപടികളിലും സർക്കാർ അലംഭാവം കാട്ടുമ്പോൾ സർക്കാർ ആരോടൊപ്പമാണ് എന്നതിൽ പൊതുജനം സംശയിച്ചു പോയാൽ തെറ്റുപറയാനാവില്ല.  


നിലവിലെ പോലീസ് അന്വേഷണത്തിൽ തൃപ്തിയിലെന്ന് നവീൻ ബാബുവിന്റെ ബന്ധുക്കൾ ആവർത്തിച്ച് വ്യക്തമാക്കുമ്പോൾ അത് സർക്കാരിൽ തന്നെ വിശ്വാസമില്ലെന്നതാണ് വ്യക്തമാക്കുന്നത്.


നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി ലാന്‍റ് റവന്യു ജോയിന്റ് കമ്മീഷണര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ മുന്നിലാണ്. അത് ഇതുവരെ പുറത്തുവന്നിട്ടില്ല.

tv prasanthan

നവീൻ ബാബുവിന് കൈക്കൂലി കൊടുത്തെന്ന് ആരോപിച്ച ടി.വി പ്രശാന്തിനെതിരെയും ഇതുവരെ അന്വേഷണം നീങ്ങിയിട്ടില്ല. സംഭവുമായി ബന്ധപ്പെട്ട് ഒരുപാട് ദുരൂഹതകൾ ബാക്കിയാണ്.


പരിയാരം മെഡിക്കൽ കോളേജിലെ ചെറിയൊരു ജീവനക്കാരൻ മാത്രമായ പ്രശാന്തിന് ഒരു പെട്രോൾ പമ്പ് തുടങ്ങാൻ ആവശ്യമായ കോടികളുടെ നിക്ഷേപം എവിടെ നിന്നാണ് എന്നതടക്കമുള്ള ചോദ്യങ്ങൾ നിരവധിയുണ്ട്. ഇക്കാര്യത്തിൽ അടക്കം ഉത്തരങ്ങൾ ലഭിക്കണമെങ്കിൽ ശരിയായ രീതിയിലുള്ള അന്വേഷണവും അത്യാവശ്യവുമാണ്.


എന്നാൽ ഒന്നും നടക്കുന്നില്ല. നവീൻ ബാബുവിന്റെ മരണത്തിന് പിന്നിലെ ദുരൂഹതകളും നീങ്ങിയിട്ടില്ല. ഇവിടെയാണ് ആ കുടുംബത്തിന് നീതി നിഷേധിക്കപ്പെട്ടു എന്ന തോന്നലുണ്ടാകുന്നത്. സർക്കാറിൽ വിശ്വാസം നഷ്ടപ്പെടുത്തുന്നത്. സർക്കാരിന്റെ സംരക്ഷണം പാർട്ടിക്കാർക്ക് മാത്രമാണോ എന്ന ചോദ്യവും ഉയരുന്നത്.


സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുന്ന സർക്കാർ ഭരിക്കേണ്ടത് ജനങ്ങൾക്ക് വേണ്ടിയാകണം.. ഇവിടെ സർക്കാറിന്റെ ഭാഗമായി പ്രവർത്തിച്ച ഒരു ഉന്നത ഉദ്യോഗസ്ഥൻ്റെ  മരണത്തിൽ പോലും സർക്കാർ രാഷ്ട്രീയം കളിച്ചപ്പോൾ ജനം എന്ത് വിശ്വസിക്കണം ?


നിലവിലെ പോലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണിപ്പോൾ നവീൻ ബാബുവിന്റെ കുടുംബം. നീതി തേടി നീതിപീഠത്തിൻ്റ മുന്നിൽ നിരന്തരം എത്തേണ്ട ഗതികേട് കുടുംബനാഥനെ നഷ്ടപ്പെട്ട ഒരു കുടുംബത്തിന് വരുത്തുന്ന ദുഖം ചെറുതല്ല.

ഉപതെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിൽ എഡിഎമ്മിന്‍റെ മരണത്തിൽ ഉത്തരവാദികൾക്കെതിരെ ഇതാ ഉടനടി നടപടി എന്ന് സര്‍ക്കാര്‍ സംവിധാനങ്ങൾ ആവര്‍ത്തിച്ച് പറഞ്ഞിരുന്നത് ജനം മറന്നിട്ടില്ല. മറക്കുകയുമില്ല.

Advertisment