Advertisment

വിരുന്നിലുമുണ്ട് രാഷ്ട്രീയം; മോദിയുടെ ക്ഷണം പ്രേമചന്ദ്രന്‍ സ്വീകരിച്ചത് രാഷ്ട്രീയമായി ശരിയോ ? ഇത് പ്രേമചന്ദ്രന്‍ സ്വയം പരിശോധിക്കേണ്ട വിഷയമാണ്-മുഖപ്രസംഗത്തില്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോര്‍ജ്‌

ഒരു ചോദ്യം പ്രേമചന്ദ്രന്‍റെ മുന്നില്‍ ഉയരുന്നുണ്ട്. രാഷ്ട്രീയമായ ശരിയും തെറ്റും വേര്‍തിരിച്ചു കണ്ടുതന്നെയല്ലേ പ്രമുഖ നേതാക്കള്‍ പെരുമാറേണ്ടത് എന്ന വലിയ ചോദ്യം

New Update
premachandran modi

വെറുമൊരു വിരുന്നു മാത്രമായിരുന്നു അത്. ലോക്സഭാ സമ്മേളനത്തിനിടയ്ക്ക് എന്‍.കെ പ്രേമചന്ദ്രനു പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നു കിട്ടിയ ഒരു ക്ഷണം മാത്രം. പ്രധാനമന്ത്രിയെ കാണാന്‍ ഓഫീസിലേയ്ക്കു ക്ഷണിച്ചുകൊണ്ടുള്ള ഒരു സന്ദേശം.

Advertisment

പ്രേമചന്ദ്രന്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെത്തി. ലോക്സഭാ കാന്‍റീനില്‍ പ്രധാനമന്ത്രി മോദിക്കൊപ്പം ഉച്ചഭക്ഷണം കഴിക്കാനായിരുന്നു ക്ഷണം എന്നു പ്രേമചന്ദ്രന്‍ അറിഞ്ഞത് അപ്പോള്‍ മാത്രം. പിന്നെ പ്രധാനമന്ത്രിയോടൊപ്പം തീന്‍ മേശയിലേയ്ക്ക്.

കുറച്ചു പേര്‍ക്കുമാത്രമായിരുന്നു ആ വിരുന്നിലേയ്ക്കു ക്ഷണം. ടിഡിപി, ബിജെഡി, ബിഎസ്‌പി എന്നീ കക്ഷികളുടെ എംപിമാര്‍ക്കു മാത്രം. മൂന്നു കക്ഷികളും ദേശീയ രാഷ്ട്രീയത്തില്‍ ബിജെപിയുടെ ഇംഗീതത്തിനൊപ്പം നില്‍ക്കുന്നവര്‍. ബിജെപിയെ സര്‍വ്വശക്തിയോടെയം എതിര്‍ക്കുന്ന ഇന്ത്യാ മുന്നണിയില്‍പ്പെട്ട ആർഎസ്‌പിയില്‍ നിന്ന് പ്രേമചന്ദ്രനും.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി വിവിധ പാര്‍ട്ടികളില്‍പ്പെട്ട ചില എംപിമാരെ കാണാന്‍ താല്‍പര്യപ്പെട്ട പ്രധാനമന്ത്രി അക്കൂട്ടത്തില്‍ തന്നെയും കാണ്ടുവെന്നേയുള്ളുവെന്ന് പ്രേമചന്ദ്രന്‍റെ വിശദീകരണം.

പ്രത്യക്ഷമായി അതില്‍ തെറ്റൊന്നുമില്ലെന്ന് ആര്‍ക്കും കാണുകയും ചെയ്യാം. എന്നാല്‍ രാഷ്ട്രീയമായി പല കേന്ദ്രങ്ങളില്‍ നിന്നും ആക്ഷേപമുയരുന്നു. സിപിഎം ഉള്‍പ്പെടെയുള്ള ഇടതുപക്ഷ കക്ഷികളില്‍നിന്നു മാത്രമല്ല, കോണ്‍ഗ്രസില്‍ നിന്നു പോലും. എന്തിന്, പ്രേമചന്ദ്രന്‍റെ സ്വന്തം പാര്‍ട്ടിയായ ആർഎസ്‌പിയിലും മുറുമുറുപ്പുണ്ട്. മുസ്ലിം ലീഗ്രില്‍ നിന്നുള്ള ആക്ഷേപവും ശക്തം തന്നെ.

ഉടനെ നടക്കാന്‍ പോകുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ മാത്രമല്ല പ്രധാനമന്ത്രി ഇങ്ങു കേരളത്തില്‍ കൊല്ലം മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന പ്രേമചന്ദ്രനെ വിരുന്നിനു ക്ഷണിച്ച സംഭവം ചര്‍ച്ചാവിഷയമാകുന്നത്. ദൈനംദിന രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ പോലും എപ്പോഴും പുതിയ തന്ത്രങ്ങളും കുസൃതികളും ഇറക്കാന്‍ ഉത്സാഹിക്കുന്ന നേതാവാണ് നരേന്ദ്രമോദി എന്ന വലിയ കാര്യം കൂടി ഈ പശ്ചാത്തലത്തില്‍ ശ്രദ്ധിക്കണം.

മൂന്നാമതും  ഭരണം പിടിക്കാനൊരുങ്ങുന്ന നരേന്ദ്ര മോദി ലക്ഷ്യം വെയ്ക്കുന്നത് കോണ്‍ഗ്രസിനെയും അതു നേതൃത്വം നല്‍കുന്ന ഇന്ത്യാ മുന്നണിയുടെയും തകര്‍ച്ച തന്നെയാണ്. ഇന്ത്യാ മുന്നണിക്കു രൂപം നല്‍കിയ പ്രധാന നേതാക്കളിലൊരാളായ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെത്തന്നെ അപ്രതീക്ഷിതമായ ചില നീക്കങ്ങളിലൂടെ കൂടെ കൂട്ടിയ നേതാവാണ് മോദി.

ഒരു വശത്ത് രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ നടത്തിയും മറുവശത്ത് ന്യൂനപക്ഷ വിരുദ്ധ നീക്കങ്ങള്‍ക്ക് ആക്കം കൂട്ടിയും ജനങ്ങളില്‍ വര്‍ഗീയ ചേരിതിരിവ് ഉറപ്പാക്കുകയാണ് ബിജെപി. ഒപ്പം ഇന്ത്യാ മുന്നണിയില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള രാഷ്ട്രീയ തന്ത്രങ്ങളും പയറ്റുന്നു. അതിന്‍റെ ഭാഗമായാണ് പ്രേമചന്ദ്രനു കിട്ടിയ പ്രധാനമന്ത്രിയുടെ ക്ഷണമെന്നു പൊതു വ്യാഖ്യാനം.

ലോക്സഭയില്‍ കേരളത്തെ പ്രതിനിധീകരിക്കുന്ന 20 ലോക്സഭാംഗങ്ങളില്‍ അതിപ്രഗത്ഭനായ പാര്‍ലമെന്‍റംഗം തന്നെയാണ് പ്രേമചന്ദ്രന്‍. പക്ഷേ അദ്ദേഹത്തിന്‍റെ പാര്‍ട്ടിയായ ആർഎസ്‌പി ഇന്നു വളരെ ശോഷിച്ചിരിക്കുന്നു. കൊല്ലം കേന്ദ്രീകരിച്ച് ശക്തമായി നിലനിന്നിരുന്ന ആർഎസ്‌പിയ്ക്ക് തലയെണ്ണി എടുത്തുകാട്ടാനുള്ളത് പ്രേമചന്ദ്രന്‍ എംപിയെ മാത്രം. കഴിഞ്ഞ രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകളിലും ആർഎസ്‌പിയ്ക്ക് സീറ്റൊന്നും കിട്ടിയില്ല.

എങ്കിലും കൊല്ലം പാര്‍ലമെന്‍റ് സീറ്റില്‍ ജയിക്കാനുള്ള കഴിവും മിടുക്കും പ്രേമചന്ദ്രനുണ്ട്. പ്രേമചന്ദ്രന്‍റെ കഴിവുകളും കൊല്ലത്ത് ജയിക്കാനുള്ള കഴിവും പ്രധാനമന്ത്രി നേരിട്ടു ശ്രദ്ധിച്ചുവെന്നതാണോ ഈ നീക്കത്തിനു പിന്നിലെ രാഷ്ട്രീയം ? എല്ലാവരെയും ഉള്‍ക്കെള്ളുക എന്ന പ്രധാനമന്ത്രിയുടെ നീക്കത്തിന്‍റെ ഭാഗം മാത്രമാണിതെന്ന നിഷ്കളങ്കമായ വ്യാഖ്യാനം ഇവിടെ ചേരുമോ ? 

ഒരു ചോദ്യം പ്രേമചന്ദ്രന്‍റെ മുന്നില്‍ ഉയരുന്നുണ്ട്. രാഷ്ട്രീയമായ ശരിയും തെറ്റും വേര്‍തിരിച്ചു കണ്ടുതന്നെയല്ലേ പ്രമുഖ നേതാക്കള്‍ പെരുമാറേണ്ടത് എന്ന വലിയ ചോദ്യം. ഇന്ത്യാ മുന്നണിയെ ശിഥിലമാക്കിയും ന്യൂനപക്ഷ സമുദായങ്ങളെ ഒറ്റപ്പെടുത്തിയും പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളെ ആകര്‍ഷിച്ചും വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ഒരിക്കല്‍കൂടി സ്വന്തമാക്കാന്‍ വെമ്പുന്ന നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചത് രാഷ്ട്രീയമായി ശരിയോ ?

എന്‍.കെ പ്രേമചന്ദ്രന്‍ സ്വയം പരിശോധിക്കേണ്ട ഒരു വിഷയം തന്നെയാണിത്. വെറുമൊരു വിരുന്നിലുമുണ്ട് രാഷ്ട്രീയം.

Advertisment