കേരളത്തിലേക്കു വരുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ സൗകര്യം ഏര്‍പ്പെടുത്തണം: ഉമ്മന്‍ ചാണ്ടി

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Friday, May 29, 2020

തിരുവനന്തപുരം കോവിഡ്-19 മഹാമാരിയെ തുടര്‍ന്ന് കേരളത്തിലേയ്ക്ക് വരുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ സൗകര്യം ഒരുക്കുവാന്‍ അടിയന്തര നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിക്ക് കത്തുനല്കി.

ഗവണ്‍മെന്റ് സ്‌കൂളുകള്‍, എയിഡഡ് സ്‌കൂളുകള്‍, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ. ഉള്‍പ്പെടെയുള്ള അണ്‍എയ്ഡഡ് സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ ഓരോ ക്ലാസിലും 5 വിദ്യാര്‍ത്ഥികളെ വീതം എടുക്കുവാന്‍ പ്രതേ്യക അനുവാദം ഗവണ്‍മെന്റ് നല്കണം. സ്ഥലസൗകര്യം ഉള്ള സ്‌കൂളുകളില്‍ ആവശ്യമെങ്കില്‍ അഡീഷണല്‍ ബാച്ചുകള്‍ അനുവദിക്കണം.

ഈ തീരുമാനം സി.ബി.എസ്.ഇ., ഐ.സി.എസ്.എ. സ്‌കൂളുകളിലും നടപ്പിലാക്കുവാന്‍ കേന്ദ്രഗവണ്‍മെന്റിനോടും സി.ബി.എസ്.ഇ. ബോര്‍ഡിനോടും സര്‍ക്കാര്‍ ആവശ്യപ്പെടണമെന്നും ഉമ്മന്‍ ചാണ്ടി അഭ്യര്‍ത്ഥിച്ചു.

കേരളത്തിലേയ്ക്ക് വരുന്ന കുടുംബങ്ങള്‍ ആഗ്രഹിക്കുന്ന രീതിയിലുള്ള വിദ്യാഭ്യാസം അവരുടെ മക്കള്‍ക്കു ലഭിക്കുന്നതിനുള്ള അവസരം ഗവണ്‍മെന്റ് ഉണ്ടാക്കി കൊടുക്കണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

×