പൂഞ്ഞാറിലെ 'കല്ലാനി തിരയിളക്കം' അഞ്ചര പതിറ്റാണ്ടിനു ശേഷം ഒരു കൈപ്പത്തിക്കാരനെ ലഭിച്ചതിന്‍റെ ആവേശത്തില്‍ ! ഉമ്മന്‍ ചാണ്ടിയുടെ ചെരിപ്പ് പോലും നഷ്ടമായ പ്രവര്‍ത്തക തിരക്കില്‍ 'കാലെങ്കിലും കിട്ടിയല്ലോ' എന്ന ആശ്വാസത്തില്‍ കുഞ്ഞൂഞ്ഞ് ! പൂഞ്ഞാറില്‍ ഒറ്റയാനായി വിലസിയ പിസി ജോര്‍ജിനെ തളയ്ക്കാന്‍ ജില്ലയിലെ ഒന്നാം നമ്പര്‍ നേതാവ് കല്ലാനിയും മുന്‍ ജില്ലാ പഞ്ചായത്തധ്യക്ഷന്‍ സെബാസ്റ്റ്യന്‍ കുളത്തുങ്കലുമെത്തുമ്പോള്‍ കാണുന്ന ചിത്രമിത് - ആശാന് കാലിടറുന്നുവോ ?

New Update

publive-image

പാലാ:പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍ ഈരാറ്റുപേട്ട ഭാഗത്തിന് ഇത്തവണ ഒരു പ്രത്യേകതയുണ്ട്. അഞ്ചര പതിറ്റാണ്ടുകള്‍ക്കു ശേഷമാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ അവരുടെ മണ്ഡലത്തില്‍ കൈപ്പത്തി ചിഹ്നത്തില്‍ ഒരു സ്ഥാനാര്‍ഥി മത്സരിക്കുന്നത്.

Advertisment

മണ്ഡലത്തിന്‍റെ മറുഭാഗമായ മുണ്ടക്കയം-എരുമേലി ഭാഗത്ത് 10 വര്‍ഷത്തിനു ശേഷം വീണ്ടും ഒരു കോണ്‍ഗ്രസുകാരന്‍ മത്സരത്തിനെത്തുന്നു. ഇതു രണ്ടും കോണ്‍ഗ്രസുകാര്‍ക്ക് അത്യാവേശമാണെന്ന് തെളിയിക്കുന്നതായിരുന്നു വ്യാഴാഴ്ച മുണ്ടക്കയത്ത് നടന്ന യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ടോമി കല്ലാനിയുടെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍.

publive-image

ജനത്തിരക്കും പ്രവര്‍ത്തകരുടെ ആവേശവും അതിരുവിട്ടപ്പോള്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ചെരുപ്പുകൂടി കളഞ്ഞുപോയി. 'ചെരുപ്പ് പോയാലെന്താ കാലെങ്കിലും കിട്ടിയല്ലോ' - എന്നായി കുഞ്ഞൂഞ്ഞിന്‍റെ കമന്‍റ്.

പൂഞ്ഞാര്‍ തെരഞ്ഞെടുപ്പിന് കഴിഞ്ഞ തവണയില്ലാതിരുന്ന ഒരു പ്രത്യേകതയുണ്ട് ഇത്തവണ. അത് 3 കരുത്തര്‍ മാറ്റുരക്കുന്നു എന്നതാണ്. കഴിഞ്ഞ തവണ കരുത്തനായ പിസി ജോര്‍ജിനെതിരെ പൊരുതാന്‍ ഇരു മുന്നണികളും രംഗത്തിറക്കിയത് അത്ര പോന്ന കരുത്തരെ അല്ലായിരുന്നു. അതിന്‍റെ ഫലമോ - ജോര്‍ജ് ഒറ്റയ്ക്ക് കരുത്ത് തെളിയിച്ച വിജയം നേടി.

പക്ഷേ ഇത്തവണ സ്ഥിതി വ്യത്യസ്തം തന്നെ. ഒറ്റയാനായ ജോര്‍ജിനെ നേരിടാനെത്തിയിരിക്കുന്നത് രണ്ട് കരുത്തര്‍ തന്നെ. കോട്ടയം ജില്ലയിലെ ഒന്നാം നമ്പര്‍ രാഷ്ട്രീയ നേതാവും മുന്‍ ഡിസിസി അധ്യക്ഷനും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ അ‍ഡ്വ. ടോമി കല്ലാനി 'കൈപ്പത്തി' ചിഹ്നവുമായി മത്സരിക്കാനെത്തിയതിന്‍റെ ആവേശമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മുഖത്ത്. ഏറ്റെടുക്കുന്ന ദൗത്യങ്ങളില്‍ ഡൈനാമിക് പെര്‍ഫോര്‍മറാണ് കല്ലാനി. ഡിസിസി അധ്യക്ഷനായിരുന്നപ്പോള്‍ രാജ്യത്തെ ഏറ്റവും മികച്ച ഡിസിസി അധ്യക്ഷനായി.

publive-image

ആയിരം പേരിരിക്കുന്ന വേദിയിലെത്തിയാലും ആയിരം പേരെയും മുഖത്തു നോക്കി പേരു വിളിച്ച് അഭിവാദ്യം ചെയ്ത് സ്റ്റേജിലെത്താനുള്ള മെയ്‌വഴക്കം കല്ലാനിക്ക് മാത്രം സ്വന്തമായതാണ്.

ഇത്തവണ തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങിയിട്ടും ഏറ്റവുമധികം ആളുകളുമായി നേരിട്ട് സംവദിച്ച പൂഞ്ഞാര്‍ സ്ഥാനാര്‍ഥിയും ടോമി കല്ലാനി തന്നെ. എന്തായാലും കല്ലാനിത്തിരയിളക്കത്തില്‍ യുഡിഎഫ് ആവേശഭരിതരാണ്.

സമാനം തന്നെയാണ് ഇടതുമുന്നണിയുടെയും സ്ഥിതി. പലതവണ ജില്ലാ പഞ്ചായത്തംഗവും തൊട്ടുമുന്‍പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റുമായിരുന്ന അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കലാണ് ഇടതു പോരാളി. മണ്ഡലത്തിന്‍റെ ഒരു ഭാഗത്ത് ജോര്‍ജിനേക്കാള്‍ പരിചിതന്‍. മാത്രമല്ല, ഇടതുമുന്നണിയുടെ പ്രചരണ സന്നാഹം ഇത്തവണ എണ്ണയിട്ട യന്ത്രം പോലെയായി. അതും സ്ഥാനാര്‍ഥി ശക്തനായതിന്‍റെ നേട്ടം തന്നെ.

publive-image

അങ്ങനെ മുന്നണി സ്ഥാനാര്‍ഥികളിരുവരും ശക്തരായപ്പോള്‍ പിസി ജോര്‍ജിന്‍റെ ഒറ്റയാള്‍ മുന്നേറ്റത്തിന് അല്‍പം കോട്ടം തട്ടിയിട്ടുണ്ടെന്ന് കരുതുന്നവരേറെയാണ്. തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടത്തില്‍ എതിരാളികളെത്തും മുന്‍പ് ഒറ്റയ്ക്ക് മുന്നേറിയ ജോര്‍ജ് ഇപ്പോള്‍ മിക്കയിടത്തും ഒപ്പത്തിനൊപ്പമോ കുറച്ചു പുറകിലേയ്ക്കോ ഒക്കെ പോകുന്ന സ്ഥിതി. പിസി ജോര്‍ജിനെ സംബന്ധിച്ച് ഇതൊരു നല്ല ലക്ഷണമല്ലെന്ന് അദ്ദേഹത്തിനറിയാം. പ്രത്യേകിച്ചും ഇനിയും രണ്ടാഴ്ച കൂടി ബാക്കിയുള്ളപ്പോള്‍...

pala news
Advertisment