പ്രതിസന്ധിക്കിടയിലും നിയന്ത്രണങ്ങൾ പാലിച്ച് ഗള്‍ഫ്‌ രാജ്യം ഈദ്‌ ആഘോഷത്തില്‍, സൗദിയിലും ഈദ്‌ നിറവില്‍ സ്വദേശികളും പ്രവാസികളും.

ജയന്‍ കൊടുങ്ങല്ലൂര്‍
Thursday, May 13, 2021

ജിദ്ദ: സൗദിയില്‍ ഈദ്‌ ആഘോഷം കൊവിഡ് പ്രതിസന്ധിക്കിടയിലും നിയന്ത്രണങ്ങൾ പാലിച്ച്  ആഘോഷിക്കുകയാണ്  ഒരു മാസത്തെ റമദാൻ വൃതം പൂർത്തിയാക്കി ഇന്ന്  സ്വദേശികളും വിദേശികളും ഈദുൽ ഫിത്ർ ആഘോഷിക്കുന്നു . ആഘോഷത്തിന്റ പ്രധാന ചടങ്ങായ പെരുന്നാൾ നിസ്കാരത്തിൽ കൊവിഡ് പ്രോട്ടോകോൾ പാലിച്ച് സ്വദേശികളും വിദേശികളും പങ്കെടുത്തു.

ഭരണാധികാരി സൽമാൻ രാജാവ് നിയോമിലും കിരീടവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ്‌ ബിൻ സൽമാൻ രാജകുമാരൻ റിയാദിലെ ഇമാം തുർക്കി ബിൻ അബ്ദുല്ല പള്ളിയിലും പെരുന്നാൾ നിസ്കാരത്തിൽ പങ്ക് കൊണ്ടു. രാജ്യത്തെ ഇരുപതിനായിരത്തോളം നിസ്കാര കേന്ദ്രങ്ങളാണ് പെരുന്നാൾ നിസ്കാരത്തിനായി സജ്ജീകരിച്ചിരുന്നത്.

മക്കയിലെ മസ്ജിദുൽ ഹറാമിൽ ശൈഖ് സ്വാലിഹ് ബിൻ ഹുമൈദും മദീനയിലെ മസ്ജിദുന്ന ബവിയിൽ ശൈഖ് അഹ്‌മദ്‌ ബിൻ ത്വാലിബ്‌ ബിൻ ഹുമൈദും നിസ്കാരങ്ങൾക്ക് നേതൃത്വം നൽകി. ഫലസ്തീൻ ജനതക്ക് വേണ്ടിയും ലോകമുസ്‌ലിംകൾക്ക് വേണ്ടിയും സമാധാനത്തിന് വേണ്ടിയും പ്രാർത്ഥനകൾ നടന്നു

കൊവിഡ് വ്യാപനം തടയുന്നതിന്റ ഭാഗമായി ഇരുപതിലധികം പേർ ഒരുമിച്ചു കൂടുന്നതിന് വിലക്ക് ഉള്ളതിനാൽ പെരുന്നാൾ ആഘോഷം വീടുകളിൽ ഒതുങ്ങും. മലയാളികൾ ഉൾപ്പെടെ വിദേശികൾ തങ്ങളുടെ താമസ സ്ഥലങ്ങളിൽ ഭക്ഷണം ഒരുക്കി പെരുന്നാൾ ആഘോഷം നടത്തുന്നുണ്ടെങ്കിലും കൊവിഡ് നിയന്ത്രണം ഏറെ വിഷമതകൾ സമ്മാനിക്കുണ്ട്. മുൻ കാലങ്ങളിൽ ഉണ്ടായിരുന്ന ആഘോഷ പരിപാടികൾക്ക് അനുമതി ഇത്തവണയില്ല. കുടുംബക്കാരെയും സുഹൃത്തുക്കളെയും സന്ദർശിക്കുന്ന പതിവും കുറവാണ്. പഴയ കാല പെരുന്നാൾ ഓർമ്മകൾ അയവിറക്കി കൊവിഡ് സാഹചര്യത്തിൽ നിയന്ത്രണങ്ങളോടെ പെരുന്നാൾ ആഘോഷിക്കുകയാണ് സഊദിയിലെ സ്വദേശികളും ഒപ്പം വിദേശികളും.

കൊവിഡ് കാരണം കഴിഞ്ഞ വർഷം ലോക്ക് ഡൌൺ ആയതിനാൽ റമദാനിൽ പള്ളികളിൽ ജുമുഅ ഉൾപ്പെടെ ജമാഅത് നിസ്കാരം പോലും ഉണ്ടായിരുന്നില്ല. പെരുന്നാൾ നിസ്കാരം അടക്കം വീടുക ളിലും റൂമുകളിലും വെച്ചാണ് നടത്തിയിരുന്നത്. എന്നാൽ അധികൃതർ സ്വീകരിച്ച കർശനമായ നടപടികൾ കാരണം കൊവിഡ് സാഹചര്യം മെച്ചപ്പെടുകയും പള്ളികളിൽ പ്രാർത്ഥനക്കു അവ സരം ഉണ്ടാവുകയും ചെയ്തത് വലിയ ആശ്വാസം ഉളവാക്കിയിട്ടുണ്ട്.

മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാർ കുടുംബത്തോടൊപ്പം പെരുന്നാൾ ആഘോഷിക്കാൻ വേണ്ടി നാട്ടിൽ പോവാറുണ്ടായിരുന്നെങ്കിലും ഇന്ത്യയിൽ നിന്നും സൗദിയിലേക്ക് നേരിട്ട് വിമാന സർവീസ് ഇല്ലാത്തതിനാൽ പലരും നാട്ടിൽ പോകുന്നത് നീട്ടി വെച്ചിരിക്കുകയാണ്. ഇന്ത്യയിൽ കൊവിഡ് നിയന്ത്രണ വിധേയമല്ലാത്തത് പ്രവാസികളെ ഏറെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

ഇത്തവണ ഗൾഫ് രാജ്യങ്ങൾക്കൊപ്പം കേരളത്തിലും ഒരേ ദിവസം നോമ്പും പെരുന്നാളും ആയി വന്നത് മലയാളി പ്രവാസികൾക്ക് ഇരട്ട സന്തോഷം നൽകുന്നുണ്ട്. നാട്ടില്‍ കോവിഡ് വ്യാപനം വര്‍ദ്ധിച്ചു വരുന്നതില്‍ പ്രവാസികള്‍ പെരുന്നാള്‍ ആഘോഷത്തിനിടയിലും ഏറെ ആശങ്കയോടെയാണ് ഇരിക്കുന്നത്.

×