മസാല ദോശയും ചമ്മന്തിയും ഇല്ലാത്ത, ആർഭാടം ഒഴിവാക്കിയ മോളുടെ മാമ്മോദിസ-സിപിഐ ജില്ലാ നേതൃത്വത്തിന് പരോക്ഷ പരിഹാസവുമായി എൽദോ എബ്രഹാം

New Update

publive-image

മൂവാറ്റുപുഴ: മുന്‍ എംഎല്‍എ എല്‍ദോ എബ്രഹാമിന്റെ ആര്‍ഭാട വിവാഹമാണ് മൂവാറ്റുപുഴയിലെ പരാജയത്തിന് കാരണമെന്നായിരുന്നു സിപിഐ ജില്ലാ നേതൃത്വത്തിന്റെ കണ്ടെത്തല്‍. എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവാണ് ഈ കണ്ടെത്തൽ സിപിഐ സംസ്ഥാന കൗണ്‍സിൽ യോഗത്തിൽ അവതരിപ്പിച്ചത്. അന്ന് വിവാഹത്തിന്‍റെ കാർമ്മികരിൽ ഒരാളായി നിന്നപ്പോഴും പഴയിടത്തിന്‍റെ സദ്യ കഴിച്ചപ്പോഴും ഈ തോന്നൽ ഉണ്ടായില്ലേ എന്നായിരുന്നു രാജുവിനോട് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ചോദ്യം.

Advertisment

ഇപ്പോഴിതാ, സിപിഐ ജില്ലാ നേതൃത്വത്തെ പരോക്ഷമായി പരിഹസിച്ചിരിക്കുകയാണ് എല്‍ദോ എബ്രഹാം. മസാലദോശയും ചമ്മന്തിയുമില്ലാത്ത ആർഭാടമില്ലാത്ത മാമോദീസ എന്നാണ് മകളുടെ മാമോദിസ ചിത്രത്തോടൊപ്പം എൽദോ ഫേസ്ബുക്കിൽ കുറിച്ചത്.

ഫേസ്ബുക്ക് പോസ്റ്റ്...

മസാല ദോശയും ചമ്മന്തിയും ഇല്ലാത്ത.....
ആർഭാടം ഒഴിവാക്കിയ മോളുടെ മാമ്മോദിസ....

ഞങ്ങളുടെ മകൾക്ക് കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻ പള്ളിയിൽ ലളിതമായ മാമ്മോദിസ ചടങ്ങ്. എലൈൻ എൽസ എൽദോ എന്ന പേരും നാമകരണം ചെയ്തു.2021 മെയ് 24 നാണ് മോൾ അതിഥിയായി ഞങ്ങളുടെ കൂട്ടിന് കടന്ന് വന്നത്. എലൈൻ എന്നാൽ "സൂര്യനെപ്പോലെ പ്രകാശിക്കുന്നവൾ " ഞങ്ങൾ ഉറച്ച് വിശ്വസിക്കുന്നു ഇവൾ വേഗതയിൽ ഓടി എല്ലായിടത്തും പ്രകാശം പരത്തും. നൻമയുടെ വിത്തുപാകും.പുതു തലമുറയ്ക്ക് പ്രചോദനമാകും.

പാവപ്പെട്ടവർക്കൊപ്പം എക്കാലവും ഉണ്ടാകും. ശരിയുടെ പക്ഷത്ത് ചേരും .തിൻമകൾക്കെതിരെ പടവാൾ ഉയർത്തും. നാടിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ പതാകവാഹകയാകും. എന്റെയും ഭാര്യ ഡോക്ടർ ആഗിയുടെയും ബന്ധുക്കൾ മാത്രം ചടങ്ങിന്റെ ഭാഗമായി.ജലത്താൽ ശുദ്ധീകരിച്ച ഞങ്ങളുടെ മകളെ എലൈൻ എന്ന് എല്ലാവരും വിളിക്കും. സന്തോഷമാണ് മനസു നിറയെ ഞങ്ങളുടെ കുഞ്ഞുമോൾ... മാലാഖ.... പ്രതീക്ഷയുടെ പൊൻകിരണമാണ്.ചടങ്ങിൽ സംബന്ധിച്ച കുടുംബാംഗങ്ങൾക്ക് ഹൃദയത്തോട് ചേർത്ത് നന്ദി.....

Advertisment