‘‘പെൻഷൻ കിട്ടീട്ടേ‍ാ മകനേ, ഇപ്പേ‍ാ ബുദ്ധിമുട്ടെ‍ാക്കെ മാറീ…!’; സ്ഥാനാർഥിയെ ചേർത്തു പിടിച്ച് കരച്ചിലേ‍ാടെ 80കാരി

ന്യൂസ് ബ്യൂറോ, പാലക്കാട്
Friday, April 2, 2021

പാലക്കാട്‌: പിരായിരി പൂടൂരിൽ സ്വീകരണയേ‍ാഗം കഴി‍ഞ്ഞു വേ‍ാട്ടു തേടുന്നതിനിടയിൽ ഏതാണ്ടു 80 വയസ്സുള്ള അമ്മ സ്ഥാനാർഥിയെ ചേർത്തു പിടിച്ച്, കരച്ചിലേ‍ാടെ പറഞ്ഞു, ‘‘പെൻഷൻ കിട്ടീട്ടേ‍ാ മകനേ, ഇപ്പേ‍ാ ബുദ്ധിമുട്ടെ‍ാക്കെ മാറീ…!’’ പിണറായി സർക്കാരിന്റെ കിറ്റ്, പെൻഷൻ വിതരണത്തെക്കുറിച്ചാണു പ്രാദേശിക നേതാക്കളും സ്ഥാനാർഥിയും വിശദമായി സംസാരിക്കുന്നത്.

സർക്കാർ 5 വർഷം തുടർന്ന ക്ഷേമപദ്ധതികൾക്ക് ഒരു ഉദാഹരണം മാത്രമാണ് ഈ അമ്മയെന്നു സ്ഥാനാർഥി സി.പി. പ്രമേ‍ാദ് പറഞ്ഞു. ഇത്തരം ലക്ഷക്കണക്കിനാളുകളുടെ സന്തേ‍ാഷമാണു കരുത്ത്. സർക്കാർ എല്ലാ വിഭാഗം ആളുകളെയും സഹായിച്ചിട്ടുണ്ട്. അവരുടെ തുണ ഇത്തവണയും എൽഡിഎഫിനെ അധികാരത്തിലേറ്റുമെന്നു സ്ഥാനാർഥി അവകാശപ്പെട്ടു.

പ്രസംഗത്തിൽ ആഗേ‍ാള പ്രശ്നങ്ങളൊന്നും സ്ഥാനാർഥി വിശദമാക്കുന്നില്ല. കേന്ദ്രം പാചക വാതകത്തിന്റെ വില കൂട്ടിക്കൊണ്ടിരിക്കുന്നു, സബ്സിഡി ഇല്ലാതായി, ഇങ്ങനെ പേ‍ായാൽ തിരഞ്ഞെടുപ്പു കഴിയുന്നതേ‍ാടെ പെട്രേ‍ാളിന്റെ വില 100 രൂപയാക്കും, അതേ‍ാടെ ജീവിതം കുടുതൽ വിഷമത്തിലാകും എന്നിങ്ങനെ നിത്യജീവിതത്തെ ബാധിക്കുന്ന കാര്യങ്ങളാണു ചുരുങ്ങിയ സമയത്തിൽ പറയുന്നത്.

പ്രശ്നങ്ങൾ ലളിതമായും സരസമായും കുറിക്കുകെ‍ാള്ളുന്ന വിധം അവതരിപ്പിക്കുന്ന ആർ. നിത്യാനന്ദൻ ‘എല്ലാരും ചെ‍ാല്ലണ്, എല്ലാരും ചെ‍ാല്ലണ്, വീണ്ടും എൽഡിഎഫ് വരണമെന്നു’ പാടി സദസ്സിനെ കൈയിലെടുത്തു.

‘‘പഞ്ചായത്തുകളിൽ പ്രതീക്ഷിച്ചതിലും നല്ല പ്രതികരണമാണ്’’, സ്ഥാനാർഥിക്ക് ആത്മവിശ്വാസം. കെ‍ാപ്പം കെ‍ാമ്പൻകുഴിയിൽ കേന്ദ്രസർക്കാരിന്റെ ജനദ്രേ‍ാഹത്തെക്കുറിച്ച് സേ‍ാദാഹാരണം വിവരിക്കാൻ പ്രസംഗവേദിയിൽ ഒരു പാചകവാതകക്കുറ്റിക്കും കസേര നൽകി. ‘എംഎൽഎ 10 വർഷം മണ്ഡലത്തിൽ ഒ‍ാടി നടന്നുവെന്നല്ലാതെ എന്താണ് എടുത്തു കാണിക്കാനുള്ളത്. മെഡിക്കൽ കേ‍ാളജിന് 12 കേ‍ാടി രൂപ അനുവദിച്ചു സ്ഥലം വിട്ടതാണ്.

നിയമപരമായി നിലനിൽപ്പില്ലാത്ത കേ‍ാളജിനെ രക്ഷിച്ചെടുത്തത് ഇടതുസർക്കാരാണ്. 368 കേ‍ാടി രൂപ പ്രത്യേകം വിലയിരുത്തി വൻവികസനം നടത്തിയപ്പേ‍ാൾ അതിൽ അവകാശവാദം ഉന്നയിക്കുകയാണിപ്പേ‍ാൾ. മുനിസിപ്പൽ സ്റ്റേഡിയം മാലിന്യം തള്ളുന്ന കേന്ദ്രമാക്കി, അതേ സമയം കണ്ണമ്പ്രയിൽ ഉഗ്രനെ‍ാരു സ്റ്റേഡിയം മന്ത്രി എ.കെ. ബാലൻ നിർമിച്ചതു നിങ്ങൾ കേട്ടിരിക്കുമല്ലേ‍ാ’, പൈലറ്റ് പ്രസംഗക്കാർ സദസ്സിനേ‍ാടു ചേ‍ാദിച്ചു. ‌

×