എറണാകുളത്ത് സിറ്റിങ് എംഎല്‍എമാരെ തന്നെ കളത്തിലിറക്കാന്‍ കോണ്‍ഗ്രസ്. ഏഴു സിറ്റിങ് എംഎല്‍എമാരും മണ്ഡലത്തില്‍ സജീവം ! കൊച്ചി പിടിക്കാന്‍ ഇക്കുറി ടോണി ചമ്മണിയോ ? വൈപ്പിനില്‍ കെ പി ഹരിദാസ്, ഡൊമിനിക് പ്രസന്റേഷന്‍, ലാലി വിന്‍സെന്റ് എന്നിവര്‍ പരിഗണനയില്‍. മൂവാറ്റുപുഴയില്‍ സീറ്റിനായി ജോസഫ് വാഴയ്ക്കനും മാത്യു കുഴല്‍നാടനും ! തൃപ്പൂണിത്തുറയില്‍ കെ ബാബു തന്നെ ! ബാബുവിനെ വെട്ടിയാല്‍ വനിതാ പ്രാതിനിധ്യത്തില്‍ സൗമിനി ജെയിന്‍ മത്സരിക്കും !

ന്യൂസ് ബ്യൂറോ, കൊച്ചി
Sunday, February 28, 2021

കൊച്ചി: മധ്യകേരളത്തില്‍ കോണ്‍ഗ്രസ് ഏറെ പ്രതീക്ഷയര്‍പ്പിക്കുന്ന ജില്ലയാണ് എര്‍ണാകുളം. തദ്ദേശ തെരഞ്ഞെടുപ്പിലും യുഡിഎഫിന് വലിയ പിന്തുണയാണ് ജില്ല നല്‍കിയത്. സിറ്റിങ് എംഎല്‍എമാരെല്ലാം മത്സരിക്കുന്ന വിധത്തിലാണ് ഇക്കുറിയും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി  പട്ടിക തയ്യാറാക്കിയിട്ടുള്ളത്.

ജില്ലയിലെ 14 സീറ്റുകളില്‍ 11 ഇടങ്ങളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. ഇതില്‍ ഏഴ് സിറ്റിങ് സീറ്റുകളിലും നിലവിലെ സ്ഥാനാര്‍ഥികള്‍ തന്നെ തുടരാനാണ് സാധ്യത. സിറ്റിങ് സീറ്റുകളില്‍ പ്രചാരണം ആരംഭിക്കാന്‍ കെപിസിസി നേതൃത്വം എംഎല്‍എമാര്‍ക്ക് പ്രാഥമിക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

എറണാകുളത്ത് ടി ജെ വിനോദ്, പറവൂരില്‍ വിഡി സതീശന്‍, അങ്കമാലിയില്‍ റോജി എം ജോണ്‍, ആലുവയില്‍ അന്‍വര്‍ സാദത്ത്, പെരുമ്പാവൂരില്‍ എല്‍ദോസ് കുന്നപ്പള്ളി, തൃക്കാക്കരയില്‍ പിടി തോമസ്, കുന്നത്തുനാട്ടില്‍ വിപി സജീന്ദ്രന്‍ എന്നിവരാകും വീണ്ടും മത്സരിക്കുന്നത്.

പൊതുവേ കോണ്‍ഗ്രസ് അനുകൂല മണ്ഡലമെന്നാണ് കൊച്ചിയെ വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ തവണ കോണ്‍ഗ്രസ് വിമതന്‍ കെ ജെ ലീനസ് പിടിച്ച 7588 വോട്ടുകളുടെ കൂടി ബലത്തിലാണ് കെ ജെ മാക്‌സി 1086 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച് കയറിയത്.

കൊച്ചിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകാന്‍ കുപ്പായം തേച്ച് തയാറായവര്‍ നിരവധിയാണെങ്കിലും മുന്‍ മേയര്‍ ടോണി ചമ്മണി, മുന്‍ കൗണ്‍സിലര്‍ ഷൈനി മാത്യു, ഡിസിസി സെക്രട്ടറി സ്വപ്ന പെട്രോണിക്‌സ് എന്നിരാണ് അവസാന റൗണ്ടിലേക്ക് ഓടിക്കയറിയത്. ഗ്രൂപ്പ് സമവാക്യങ്ങളുടെ കൂടി പിന്‍ബലത്തില്‍ ടോണി ചമ്മണി തന്നെ സ്ഥാനാര്‍ഥിയാകാനാണ് സാധ്യത.

മൂവാറ്റുപുഴയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ജോസഫ് വാഴക്കന്‍, മാത്യു കുഴല്‍നാടന്‍ എന്നി പേരുകളാണ് അന്തിമപട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ മത്സരിച്ച് പരാജയപ്പെട്ട നേതാവാണ് ജോസഫ് വാഴക്കന്‍. പ്രാദേശിക നേതാക്കളില്‍ ഒരു വിഭാഗത്തിന്റെ എതിര്‍പ്പാണ് ജോസഫ് വാഴക്കന് തിരിച്ചടിയാകാന്‍ സാധ്യതയുള്ള പ്രധാനഘടകം.

രാഹുല്‍ഗാന്ധിയുമായുള്ള ബന്ധമാണ് മാത്യു കുഴല്‍നാടന് അനുകൂല ഘടകം. മാത്യുവിന്റെ അടുത്തകാലത്തെ ഇടപെടലുകളും തുണയായേക്കും. വൈപ്പിനില്‍ ഇടത് പക്ഷത്തിന്റെ കോട്ട പിടിക്കാന്‍ ഒരു ഡസന്‍ പേരുകളാണ് ഉയര്‍ന്ന് കേട്ടത്.

ഒട്ടുമിക്ക നേതാക്കന്‍മാരും പരിഗണന ലിസ്റ്റില്‍പ്പെടാന്‍ ഓടി നടന്നുവെങ്കിലും ഐഎന്‍ടിയുസി നേതാവ് അഡ്വ. കെ പി ഹരിദാസ്, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ഡൊമിനിക് പ്രസന്റേഷന്‍, ലാലി വിന്‍സെന്റ് എന്നിവരുടെ പേരുകളിലേക്കാണ് ചര്‍ച്ചകള്‍ ചുരുങ്ങിയിരിക്കുന്നത്. മൂന്ന് പേരുകാരിലില്ലെങ്കിലും കെ പി ധനപാലനെ പരിഗണിക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം ശക്തമായി രംഗത്തുണ്ട്.

2016 ല്‍ എം സ്വരാജിലൂടെ ഇടതുപക്ഷം പിടിച്ചെടുത്ത തൃപ്പൂണിത്തുറയില്‍ കഴിഞ്ഞ തവണത്തെ പോരാട്ടം ആവര്‍ത്തിക്കപ്പെട്ടേക്കും. കോണ്‍ഗ്രസ് സാധ്യത പട്ടികയില്‍ മുന്‍ മന്ത്രി കെ ബാബുവിനാണ് പ്രഥമ പരിഗണന. അതേ സമയം തൃപ്പൂണിത്തുറ സീറ്റ് വനിതകള്‍ക്ക് വിട്ട് നല്‍കണമെന്ന ശക്തമായ ആവശ്യവും ഉയര്‍ന്ന സാഹചര്യം നിലനില്‍ക്കുന്നുണ്ട്.

ഈ സാധ്യത മുന്നില്‍ കണ്ട് തൃപ്പൂണിത്തുറ നോട്ടം ഇട്ട് നിരവധി വനിത സ്ഥാനാര്‍ഥികള്‍ ശ്രമം നടത്തിയിരുന്നുവെങ്കിലും മുന്‍ മേയര്‍ സൗമിനി ജെയിന്‍, മുന്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആശ സനല്‍ എന്നിവരുടെ പേരുകളാണ് അവസാന റൗണ്ടില്‍ ഇടം പിടിച്ചിരിക്കുന്നത്. ബാബു അല്ലെങ്കില്‍ വനിത എന്ന നിലയിലാണ് തൃപ്പൂണിത്തുറയിലെ കാര്യങ്ങള്‍.

×