Advertisment

കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക ഇന്ന് അർധരാത്രിയോടെ ! ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും മത്സരിച്ചില്ലെങ്കിൽ നേമത്ത് മത്സരിക്കാൻ തയ്യാറെന്ന് കെസി വേണുഗോപാൽ. വട്ടിയൂർക്കാവിലും സന്നദ്ധത അറിയിച്ച് വേണുഗോപാൽ ! നേമത്ത് മത്സരിക്കുന്നയാൾ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്ന് ഹൈക്കമാൻഡ്. സ്ഥാനാർത്ഥിയാകാൻ തയ്യാറെന്ന് എ ഗ്രൂപ്പ് യോഗത്തിൽ ഉമ്മൻ ചാണ്ടി. മത്സരിക്കേണ്ടന്ന് എ നേതാക്കൾ. വിശ്വസ്തർക്ക് സീറ്റു വേണമെന്ന ആവശ്യത്തിൽ ഉറച്ച് ഉമ്മൻചാണ്ടി !

New Update

ഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്തോ വട്ടിയൂര്‍ക്കാവിലോ മത്സരിക്കാന്‍ തയാറെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും. ഹൈക്കമാന്‍ഡ് നിര്‍ദേശം പാലിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ തയാറാകാത്ത സാഹചര്യത്തിലാണ് നീക്കം.

Advertisment

publive-image

ഉമ്മന്‍ ചാണ്ടിക്കോ രമേശ് ചെന്നിത്തലയ്‌ക്കോ വയ്യെങ്കില്‍ താന്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് എഐസിസി സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തില്‍ കെ സി വേണുഗോപാല്‍ നാടകീയ പ്രഖ്യാപനം നടത്തി. രണ്ട് മണ്ഡലങ്ങളിലും തനിക്ക് വിജയ സാധ്യതയുണ്ടെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു.

അതേസമയം നേമത്ത് മത്സരിക്കുന്ന കോണ്‍ഗ്രസ് നേതാവായിരിക്കും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് ഹൈക്കമാന്‍ഡും വ്യക്തമാക്കി. ഇക്കാര്യം ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും നേരിട്ട് അറിയിച്ചു.

ഇരുനേതാക്കളും സന്നദ്ധരല്ലെങ്കില്‍ കെ സി വേണുഗോപാല്‍ ആയിരിക്കും സ്ഥാനാര്‍ത്ഥി. കെ മുരളീധരന്‍, ശശി തരൂര്‍ എന്നിവരെയും പരിഗണിക്കുമെന്ന് ഹൈക്കമാന്‍ഡ് സൂചന നല്‍കി. നേമത്തും വട്ടിയൂര്‍കാവിലും കോണ്‍ഗ്രസ് വിജയിക്കണം എന്നാണ് ഹൈക്കമാന്‍ഡിന്റെ നിലപാട്.

നേമത്തും, വട്ടിയൂര്‍കാവിലും കോണ്‍ഗ്രസ് നടത്തുന്ന പ്രചാരണം സംസ്ഥാനത്താകെ അനുകൂല അന്തരീക്ഷം മുന്നണിക്ക് ഉണ്ടാക്കും എന്നാണ് ഹൈക്കമാന്‍ഡിൻ്റെ നിഗമനം. നേമത്തും വട്ടിയൂര്‍കാവിലും സ്ഥാനാര്‍ത്ഥികളായാല്‍ മറ്റുള്ള മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ പട്ടികയും ആയി അത് ഹൈക്കമാന്‍ഡിന് സമര്‍പ്പിക്കും.

വൈകിട്ട് ചേരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി അര്‍ധരാത്രിയോടെ സ്ഥാനാര്‍ത്ഥി പട്ടിക അംഗീകരിച്ച് പ്രഖ്യാപിക്കും. അതേ സമയം ഇന്നലെ ചേർന്ന എ ഗ്രൂപ്പ് യോഗത്തിൽ നേമത്തെ കാര്യം ഉമ്മൻചാണ്ടി അവതരിപ്പിച്ചു.

വിജയ സാധ്യതയെ കുറിച്ച് ചില നേതാക്കളെങ്കിലും ആശങ്ക പ്രകടിപ്പിച്ചെങ്കിലും ഉമ്മൻചാണ്ടി അതു തള്ളി. പക്ഷേ നേമത്ത് പോകണമെങ്കിൽ വിശ്വസ്തർക്ക് സീറ്റ് നൽകണമെന്ന് ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു. കെ ബാബുവിനും, കെ സി ജോസഫിനും സീറ്റ് വേണമെന്നാണ് ആവശ്യം.

election 2021 niyamasabha election 2021 kerala election 2021
Advertisment