ഹൈക്കമാന്‍ഡ് സാന്നിധ്യത്തില്‍ തീരുമാനിച്ചത് 10 പേരടങ്ങുന്ന പ്രചാരണ മേല്‍നോട്ട സമിതി ! പുറത്തിറങ്ങിയപ്പോള്‍ അംഗബലം പതിമൂന്നായി ഉയര്‍ന്നു. പട്ടിക പ്രസിദ്ധീകരിക്കാന്‍ വൈകും തോറും എണ്ണം കൂടി തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി ! സമിതിയിലേക്ക് കൂടുതല്‍ നേതാക്കളുടെ പേരു പറഞ്ഞ് എ, ഐ ഗ്രൂപ്പുകള്‍. കെസി ജോസഫിനും തമ്പാനൂര്‍ രവിക്കും വേണ്ടി ഉമ്മന്‍ചാണ്ടി. വാഴയ്ക്കന്‍ കൂടി വേണമെന്ന് ചെന്നിത്തലയും. തനിക്ക് വേണ്ടി കയ്യടിക്കാന്‍ ആളുവേണമെന്ന നിലപാടില്‍ മുല്ലപ്പള്ളിയും. കോണ്‍ഗ്രസിലെ സമിതികളില്‍ നേതാക്കള്‍ കുത്തി നിറയുന്നതിങ്ങനെ. ആന്റണിയെ താരപ്രചാരകനാക്കുന്നതിലും പ്രതിഷേധം. ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യുമെന്നും ആശങ്ക !

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Tuesday, January 19, 2021

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടി അധ്യക്ഷനായ തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിക്ക് കോണ്‍ഗ്രസ് രൂപം നല്‍കിയിരുന്നു. ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചയില്‍ പത്തംഗ സമിതിയാണ് രൂപീകരിച്ചത്. എന്നാല്‍ ചര്‍ച്ച കഴിഞ്ഞ് പുറത്തിറങ്ങിയതോടെ സമിതിയുടെ വലുപ്പം 13 ആകുമെന്നാണ് നേതാക്കള്‍ പറഞ്ഞത്.

ഉമ്മന്‍ചാണ്ടിക്ക് പുറമെ രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, താരിഖ് അന്‍വര്‍, ശശി തരൂര്‍, കെസി വേണുഗോപാല്‍, കെ മുരളീധരന്‍, കെ സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, വിഎം സുധീരന്‍ എന്നിവരടങ്ങുന്നതാണ് ഹൈക്കമാന്‍ഡ് സാന്നിധ്യത്തില്‍ പ്രഖ്യാപിച്ച സമിതി. എന്നാല്‍ പുറത്തിറങ്ങിയതോടെയാണ് തങ്ങളുടെ വിശ്വസ്തര്‍ കമ്മറ്റിയില്‍ ഇല്ലെന്ന് ചില നേതാക്കള്‍ക്ക് മനസിലായത്.

ഇതോടെ ചില നേതാക്കളെ കൂടി ഉള്‍പ്പെടുത്താന്‍ നേതൃത്വം തീരുമാനിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് തന്ത്രം മെനയുക, സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തുക, തെരഞ്ഞെടുപ്പ് പ്രചരണം എന്നീ വിഷയങ്ങള്‍ ഈ കമ്മറ്റിയുടെ കീഴിലാണ്. ഇതോടെയാണ് തങ്ങളുടെ വിശ്വസ്തരെ കമ്മറ്റിയില്‍ ഉള്‍പ്പെടുത്താന്‍ നേതാക്കളെ പ്രേരിപ്പിക്കുന്നത്.

സീറ്റ് കിട്ടില്ലാത്ത സാഹചര്യത്തില്‍ ഇത്തരം കമ്മറ്റികളില്‍ അംഗമാകാന്‍ പല നേതാക്കളും ആഗ്രഹിക്കുന്നുണ്ട്. ഇവരെക്കൂടി ഉള്‍പ്പെടുത്തിയാല്‍ കമ്മറ്റിയുടെ വലുപ്പം ചിലപ്പോള്‍ അമ്പതിലേക്ക് കടക്കാനിടയുണ്ടെന്നാണ് വിലയിരുത്തല്‍. എ, ഐ ഗ്രൂപ്പുകള്‍ തങ്ങളുടെ പരമാവധി നേതാക്കളെ ഈ കമ്മറ്റിയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്.

തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയിലേക്ക് എ ഗ്രൂപ്പ് കെസി ജോസഫ്, തമ്പാനൂര്‍ രവി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരുടെ പേരുകള്‍ മുമ്പോട്ടുവയ്ക്കുമ്പോള്‍ ഐ ഗ്രൂപ്പും പിന്നോട്ടില്ല. ജോസഫ് വാഴയ്ക്കന്‍ അടക്കമുള്ളവരെ ഉള്‍പ്പെടുത്തണമെന്നാണ് ഐ ഗ്രൂപ്പിന്റെ ആവശ്യം. സമിതിയില്‍ താന്‍ കാര്യം പറയുമ്പോള്‍ കയ്യടിക്കാനാളുവേണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രനും ആഗ്രഹമുണ്ട്.

ഇതോടെ ചിലപ്പോള്‍ സമിതിയുടെ വലുപ്പം ഇനിയും വര്‍ധിക്കാനിടയുണ്ട്. കഴിഞ്ഞ ദിവസം തന്നെ സമിതി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ചില കാരണങ്ങളാല്‍ മാറ്റുകയായിരുന്നു. കൂടുതല്‍ പേരെ ഉള്‍ക്കൊള്ളിക്കാനാണ് ഈ തീരുമാനം നീട്ടുന്നതെന്നാണ് സൂചന. അതിനിടെ കോണ്‍ഗ്രസിന്റെ താര പ്രചാരകനായി എകെ ആന്റണി വരുന്നതില്‍ പ്രതിഷേധം ശക്തമാണ്. ആന്റണിക്ക് പഴയപോലെ സ്വാധീനമില്ലെന്നു തന്നെയാണ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും പക്ഷം.

പിസി വിഷ്ണുനാഥിനുള്ള സ്വാധീനംപോലും ഇന്നു കേരളത്തില്‍ ആന്റണിക്കില്ലെന്നാണ് നേതാക്കളും പ്രവര്‍ത്തകരും ഒന്നടങ്കം പറയുന്നത്. ആന്റണി വരുന്നത് ഗുണത്തെക്കാളേറെ ദോഷം ചെയ്യുമെന്ന ആശങ്കയും നേതാക്കള്‍ പങ്കുവയ്ക്കുന്നുണ്ട്.

 

 

 

 

×