നയം വ്യക്തമാക്കാതെ നെയ്യശ്ശേരി, പിടി തരാതെ പള്ളിക്കാമുറി; കരിമണ്ണൂരിന്റെ പ്രാദേശിക രാഷ്ട്രീയം !

ന്യൂസ് ബ്യൂറോ, ഇടുക്കി
Sunday, November 29, 2020

തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം അവശേഷിച്ചിരിക്കെ കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് ഒന്നാം നിയോജക മണ്ഡലം നെയ്യശ്ശേരി, എട്ടാം നിയോജക മണ്ഡലം പള്ളിക്കാമുറി എന്നിവിടങ്ങളിൽ കൂടിയാണ് ഇന്ന് തെരഞ്ഞെടുപ്പ് യാത്ര.

നെയ്യശ്ശേരിയുടെ സമീപകാല രാഷ്ട്രീയം

നെയ്യശ്ശേരി പരമ്പരാഗതമായി കോൺഗ്രസിനും, കേരള കോൺഗ്രസ് പി ജെ ജോസഫ് വിഭാഗത്തിനും ശക്തിയുള്ള പ്രദേശമാണ്. ഇക്കാലമത്രയും കോൺഗ്രസ് കക്ഷിയും പി ജെ ജോസഫ് വിഭാഗവും മാനസികമായി പൂർണ്ണ യോജിപ്പിലല്ല നെയ്യശ്ശേരിയിൽ പ്രവർത്തിക്കുന്നത്. ശക്തിയിലെ മൂപ്പിളമ തർക്കവും, നേതൃത്വത്തോടുള്ള വിധേയത്വത്തെ സംബന്ധിച്ച ആശയ സംഘർഷവും ഇവിടെ കോൺഗ്രസ് – കേരള കോൺഗ്രസ് (എം – ജോസഫ്) അനുഭാവികളെ ഒരിക്കലും ഒരു കുടക്കീഴിൽ ആക്കില്ല. 2010ൽ കോൺഗ്രസ് വാർഡ് കമ്മിറ്റി സ്ഥാനാർത്ഥി ആയി ആൻസി സോജൻ വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചതാണ് ഈ മണ്ഡലം സമീപക്കാലത്ത് കണ്ട ഒരു അട്ടിമറി.

2000 ൽ കോൺഗ്രസിന് വേണ്ടി ആൻസി സോജനാണ് വിജയിച്ചത്. 2005ൽ കേരള കോൺഗ്രസ് കക്ഷിക്ക് വേണ്ടി ജോർജ്ജ് അഗസ്റ്റിൻ ഇവിടെ വിജയിച്ചു. 2010ൽ കേരള കോൺഗ്രസ് (എം)ന് സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് വാർഡ് കമ്മിറ്റി ഇവിടെ ആൻസി സോജനെ സ്ഥാനാർത്ഥി ആക്കുകയും വിജയിക്കുകയും ചെയ്തു. 2015ൽ വിമതസ്വരം ഇല്ലാതെ യുഡിഎഫ് മൽസരിച്ചപ്പോൾ കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥി പി. കെ. ശിവൻകുട്ടിയാണ് വിജയിച്ചത്. 2015ൽ ബിജെപി രണ്ടാം സ്ഥാനത്തും, എൽഡിഎഫ് മൂന്നാം സ്ഥാനത്തും ആയിരുന്നു.

കേരള കോൺഗ്രസ് (എം ജോസഫ്) സ്ഥാനാർത്ഥി ആയി ഷേർളി സെബാസ്റ്റ്യനും എൽഡിഎഫ് സ്ഥാനാർഥി ആയി ലെറ്റീഷ്യ ജേക്കബും ബിജെപി സ്ഥാനാർത്ഥി ആയി ദിവ്യ ദിവാകരനും മൽസരിക്കുന്നു. അടിയൊഴുക്കുകൾ ഉണ്ടായില്ലെങ്കിൽ ഇവിടെ യുഡിഎഫിനായിരിക്കും വിജയസാധ്യത. എൽഡിഎഫ് മൂന്നാം സ്ഥാനത്തു നിന്നും മാറി രണ്ടാം സ്ഥാനത്ത് എത്തിക്കഴിഞ്ഞു. വാശിയേറിയ പോരാട്ടം തന്നെയാണ് ഇവിടെ നടക്കുന്നത്.

പള്ളിക്കാമുറിയിൽ പോരാട്ട ചൂട്

നെയ്യശ്ശേരി പോലെ തന്നെ കോൺഗ്രസ് കേരള കോൺഗ്രസ് (എം ജോസഫ്) കക്ഷികളുടെ ശക്തികേന്ദ്രമാണ് പള്ളിക്കാമുറി. അടുത്തിടെയായി കേരള കോൺഗ്രസ് (എം – ജോകെമാ) ഇവിടെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

2005ലും 2010ലും കോൺഗ്രസിനു വേണ്ടി യഥാക്രമം ബീനാ ജോളിയും, ജോളി അഗസ്റ്റിനും വിജയിച്ചു. 2010ൽ ജോളി അഗസ്റ്റിൻ കേരള കോൺഗ്രസിലെ ജോസഫ് മാത്യുവിനോട് തോറ്റത് വലിയ ഭൂരിപക്ഷത്തിന് ആയിരുന്നു. ഇന്നത്തെ കരിമണ്ണൂർ നിയോജക മണ്ഡലത്തിലെ പുല്ലുമല ഭാഗം ആണ് പള്ളിക്കാമുറിയുടെ ഭാഗമായിരുന്നു. 2010ൽ ത്രികോണ മത്സരം നടന്ന പള്ളിക്കാമുറിയിൽ സിപിഐ(എം) സ്ഥാനാർത്ഥി സി. പി. രാമചന്ദ്രൻ വിജയിച്ചു. അന്ന് കേരള കോൺഗ്രസ് (എം), കോൺഗ്രസ് കക്ഷികൾ ഒറ്റയ്ക്കാണ് മൽസരിച്ചത്. 2015 ൽ കോൺഗ്രസ് വാർഡ് കമ്മിറ്റി യുഡിഎഫിനെതിരായി സ്വന്തമായി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് ആസൂത്രണത്തിൽ നടന്ന നാടകങ്ങൾക്കൊടുവിൽ അവർ യുഡിഎഫ് സ്ഥാനാർത്ഥി ആയി മാറുകയും ചെയ്തു. തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വേണ്ടി സ്വതന്ത്ര ആയി മൽസരിച്ച ബിന്ദു റോബർട്ട് ആണ് വിജയിച്ചത്. കേരള കോൺഗ്രസ് (എം)ലെ ഒരു വിഭാഗവും കോൺഗ്രസിലെ ഒരു വിഭാഗവും അന്ന് ആസൂത്രിതമായി കാലുവാരിയതാണ് 2015ൽ കണ്ടത്.

ഈ തെരഞ്ഞെടുപ്പിൽ ഷിനോ തോമസ് കോൺഗ്രസിനായും, സാൻസൻ അക്കക്കാട്ട് കേരള കോൺഗ്രസ് (എം)ന് വേണ്ടിയും വിക്രമൻ സി.ജി. ബിജെപി ക്ക് വേണ്ടിയും മൽസരിക്കുന്നു.

ബിജെപി ഇവിടെ പേരിന് വേണ്ടി മാത്രമാണ് മൽസരിക്കുന്നത്. പ്രവചനാതീതമാണ് ഈ മണ്ഡലത്തിന്റെ ഇന്നത്തെ രാഷ്ട്രീയ കാലാവസ്ഥ. കുരുമ്പുപാടം കേന്ദീകൃതമായി അതിശക്തമായ പ്രചാരണമാണ് ഇവിടെ നടക്കുന്നത്. സംഘർഷ സാധ്യതയുള്ള മണ്ഡലങ്ങളിൽ ഒന്നാണ് പള്ളിക്കാമുറി

നാളെ – ആനിക്കുഴ, കോട്ടക്കവല, കിളിയറ മണ്ഡലങ്ങൾ

×