തദ്ദേശ പോരിന്റെ ചൂടുയരുന്നു ! മുന്നണികള്‍ക്ക് തലവേദനയായി റിബല്‍ ശല്യം. യുഡിഎഫിന് ചില വാര്‍ഡുകളില്‍ രണ്ടു സ്ഥാനാര്‍ത്ഥികള്‍ വരെ. വോട്ടെടുപ്പിന് മുമ്പെങ്കിലും ഒരാളെ പിന്‍വലിപ്പിക്കാമെന്ന പ്രതീക്ഷയോടെ പാര്‍ട്ടികള്‍ ! ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷനില്‍ യുഡിഎഫിന് തലവേദനയാകുന്നത് രണ്ടു റിബലുകള്‍. ജോസ് പക്ഷം വന്നതോടെ ഇടതിലും തമ്മിലടി. സൗഹൃദ മത്സരമെന്ന പേരില്‍ നടക്കുന്നതും മുന്നണിക്കുള്ളിലെ പോര്. പാര്‍ട്ടി മാറി വന്നവര്‍ക്ക് സീറ്റു വിട്ടു നല്‍കിയതില്‍ സിപിഐയിലും എതിര്‍പ്പ്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചിത്രം വ്യക്തമായതോടെ മധ്യകേരളത്തില്‍ സംഭവിക്കുന്നത് ഇങ്ങനെ…

ന്യൂസ് ബ്യൂറോ, കോട്ടയം
Thursday, November 26, 2020

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആവേശം മധ്യകേരളത്തില്‍ സജീവമായിക്കഴിഞ്ഞു. കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ മുന്നണി മാറ്റംകൊണ്ട് ഏറെ ചര്‍ച്ചയായി കഴിഞ്ഞിട്ടുണ്ട് ഇത്തവണത്തെ തെരഞ്ഞെടുപ്പ്. ഇരു മുന്നണികളിലുമുള്ള കേരളാ കോണ്‍ഗ്രസുകള്‍ പരസ്പ്പരം പോരടിക്കുന്ന സ്ഥലങ്ങളില്‍ വീറും വാശിയും ഏറെയാണ്.

മുന്നണി സംവീധാനങ്ങളില്‍ നേതൃത്വം കൊടുക്കുന്ന പാര്‍ട്ടിക്ക് ഏറെ തലവേദനയുണ്ടാക്കുന്ന സംഗതി തന്നെയാണ് സീറ്റ് വിഭജനം. യുഡിഎഫിന്റെ ഒരു പതിവ് രീതിക്ക് ഇക്കുറിയും കാര്യമായ മാറ്റമുണ്ടായില്ല എന്നു പറയാം. ഇപ്പോഴും സീറ്റ് വിഭജനം കൃത്യമായി നടക്കാത്ത പഞ്ചായത്തുകള്‍ യുഡിഎഫിലുണ്ട് എന്നു പറഞ്ഞാല്‍ അത്ഭുതപ്പെടേണ്ട.

ചിലയിടത്തൊക്കെ യുഡിഎഫിന് രണ്ടു സ്ഥാനാര്‍ത്ഥികളുണ്ട്. ഔദ്യോഗികമല്ലെങ്കിലും ആരെയും തള്ളാനും കൊള്ളാനും വയ്യാത്ത സ്ഥിതിയുണ്ട്. മൂവാറ്റുപുഴയ്ക്ക് അടുത്ത് ഒരു പഞ്ചായത്തില്‍ പത്രിക പിന്‍വലിക്കേണ്ട സമയം കഴിഞ്ഞപ്പോഴും രണ്ടു കക്ഷികളിലെ സ്ഥാനാര്‍ത്ഥികള്‍ മത്സരംഗത്ത് ഉറച്ചു നിന്നതോടെ മുന്നണിക്ക് രണ്ടു സ്ഥാനാര്‍ത്ഥികളായി. ഇനി വോട്ടെടുപ്പിന് മുമ്പെങ്കിലും ഒരാളെ മാറ്റാമെന്ന വിചാരത്തിലാണ് പാര്‍ട്ടികള്‍!

റിബല്‍ ശല്യം യുഡിഎഫിനെ കാര്യമായി ബാധിക്കുന്നുണ്ട്. കോട്ടയത്ത് ജില്ലാ പഞ്ചായത്ത് ഡിവിഷനിലടക്കം റിബല്‍ സ്ഥാനാര്‍ത്ഥികളുണ്ട്. അതിരമ്പുഴയില്‍ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗമാണ് മത്സരിക്കുന്നത്. ഇവിടെ കോണ്‍ഗ്രസില്‍ നിന്നും ജോസഫ് വിഭാഗത്തില്‍ നിന്നും റിബലുകള്‍ മത്സരിക്കുന്നുണ്ട്.

അതിനിടെ സീറ്റ് വിഭജനത്തില്‍ തല്ലുപിടിച്ച് വാങ്ങിയ സീറ്റുകളില്‍ ആളെ നിര്‍ത്താനില്ലാത്ത സ്ഥിതി ജോസഫ് വിഭാഗത്തിനും മുസ്ലീംലീഗിനുമുണ്ടായി. കോട്ടയത്തും ഇടുക്കിയിലും മലയോരമേഖലയിലെ പഞ്ചായത്തുകളില്‍ കിട്ടിയ സീറ്റില്‍ മത്സരിക്കാന്‍ കണ്ടെത്തിയതില്‍ കോണ്‍ഗ്രസുകാരുമുണ്ട്. പാര്‍ട്ടി ചിഹ്നം വിട്ടു സ്വതന്ത്ര ചിഹ്നത്തിലാണ് ഇവരെ ജോസഫ് വിഭാഗവും ലീഗും മത്സരിപ്പിക്കുന്നത്.

ഇതൊക്കെ കേട്ടപ്പോള്‍ പ്രശ്‌നം വലതു മുന്നണിയില്‍ മാത്രമാണെന്നോര്‍ക്കേണ്ട. മുന്‍ വര്‍ഷങ്ങളില്‍ വലിയ കുഴപ്പമില്ലാതെ സീറ്റ് വിഭജനവും സ്ഥാനാര്‍ത്ഥി നിര്‍ണയവും പൂര്‍ത്തിയാക്കിയ ഇടതു മുന്നണി പക്ഷേ പുതിയ ഘടകകക്ഷിയുടെ വരവോടെ പുലിവാലു പിടിച്ചു എന്നു പറയാം. ജില്ലാ പഞ്ചായത്തില്‍ ഏറ്റവും ഒടുവിലാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കിയത്.

റിബലുകളും ഇടതുമുന്നണിയിലും കുറവല്ല. ജില്ലാ പഞ്ചായത്തിലേക്ക് റിബല്‍ ശല്യമില്ലെങ്കിലും ഗ്രാമ ബ്ലോക്ക് പഞ്ചായത്തുകളില്‍ റിബലുകള്‍ ഏറെയാണ്. ജോസ് കെ മാണി വിഭാഗം വന്നതോടെ സീറ്റെണ്ണം കുറഞ്ഞതാണ് ഇടതു മുന്നണിക്കും പ്രശ്‌നമായത്.

പാറത്തോട് പഞ്ചായത്തില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം പൊതുവിഭാഗത്തിന് കിട്ടിയ സീറ്റില്‍ കണ്ണുവച്ചിരുന്ന സിപിഎം നേതാവിന് ജോസ് വിഭാഗം വന്നതോടെ സീറ്റ് പോയി. ഇതോടെ പാര്‍ട്ടി അംഗത്വം രാജിവച്ച് സ്വതന്ത്രനായി മത്സരിക്കുകയാണ് നേതാവ്. ഇതുപോലെ പലയിടത്തും നേതാക്കള്‍ തന്നെ റിബലായിട്ടുണ്ട്.

×