രണ്ടാം പിണറായി സര്‍ക്കാരില്‍ രണ്ടു ഏകാംഗ പാര്‍ട്ടികളുടെ പ്രതിനിധികളും മന്ത്രിമാരായേക്കും ! കെബി ഗണേഷ്‌കുമാറും ആന്റണി രാജുവും പരിഗണനയില്‍. ഗണേഷിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതില്‍ സിപിഐയ്ക്കും താല്‍പ്പര്യം. മന്ത്രിയാക്കിയില്ലെങ്കില്‍ ആന്റണി രാജുവിനെ ഡപ്യൂട്ടി സ്പീക്കറാക്കാനും ആലോചന. ഇക്കാര്യത്തില്‍ സിപിഐ തീരുമാനം നിര്‍ണായകം. ഐഎന്‍എല്ലും മന്ത്രിസ്ഥാനം വേണമെന്ന ആവശ്യത്തില്‍ !

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Thursday, May 13, 2021

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരില്‍ രണ്ട് ഏകാംഗ പാര്‍ട്ടികളെ കൂടി മന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചേക്കും. കേരളാ കോണ്‍ഗ്രസ് ബി, ഐഎന്‍എല്‍, ജനാധിപത്യ കേരളാ കോണ്‍ഗ്രസ് എന്നിവരില്‍ ഏതെങ്കിലും രണ്ടു പേര്‍ക്കാണ് മന്ത്രിസ്ഥാനം ലഭിക്കാനിടയുള്ളത്. അങ്ങനെ വന്നാല്‍ കെബി ഗണേഷ്‌കുമാര്‍, അഹമ്മദ് ദേവര്‍കോവില്‍, ആന്റണി രാജു എന്നിവരില്‍ ആരെങ്കിലും രണ്ടുപേര്‍ മന്ത്രിയാകും.

ഏകാംഗ പാര്‍ട്ടികള്‍ അഞ്ചെണ്ണം ഉണ്ടെങ്കിലും അവരില്‍ രണ്ടുപേരെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചാല്‍ മതിയെന്നാണ് സിപിഎം തീരുമാനം. ഇക്കാര്യത്തില്‍ സിപിഐയുടെ കൂടി അഭിപ്രായം ആരാഞ്ഞ ശേഷമാകും തീരുമാനം. കെബി ഗണേഷ് കുമാര്‍ എംഎല്‍എമാരില്‍ സീനിയറാണ്.

മന്ത്രിയെന്ന നിലയില്‍ ഗണേഷിന് പേരും ഉണ്ട്. അതുകൊണ്ടുന്നെ അദ്ദേഹത്തിനെ മന്ത്രിസഭയില്‍ എടുക്കാന്‍ പിണറായിക്ക് താല്‍പ്പര്യവുമുണ്ട്. എന്നാല്‍ ചില കേസുകള്‍ ഗണേഷ് മന്ത്രിയായാല്‍ വരുമോയെന്ന സംശയം മുന്നണിക്കുണ്ട്.

ആന്റണി രാജുവിനെ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് ലത്തീന്‍ പ്രാതിനിധ്യത്തിനു വേണ്ടിയാണ്. മന്ത്രിയാക്കിയില്ലെങ്കില്‍ ഡപ്യൂട്ടി സ്പീക്കറായും പരിഗണിക്കുന്നുണ്ട്. സിപിഐ അതിനുവേണ്ടി വിട്ടുവീഴ്ച ചെയ്യേണ്ടി വരും.

കാലങ്ങളായി ഇടതുമുന്നണിക്കൊപ്പമാണ് ഐഎന്‍എല്‍. ഇത്തവണയെങ്കിലും മന്ത്രിസ്ഥാനത്ത് തങ്ങളെ പരിഗണിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. കോഴിക്കോട് സൗത്തില്‍ വിജയിച്ച അഹമ്മദ് ദേവര്‍കോവിലിനു വേണ്ടിയാണ് ഐഎന്‍എല്ലിന്റെ ഈ ആവശ്യം. പക്ഷേ അഹമ്മദിന് മന്ത്രിസ്ഥാനത്തിന് സാധ്യത കുറവാണ്.

അതിനിടെ മുന്നണിയിലേക്ക് കൂടുതല്‍ ആളുകള്‍ വന്ന സാഹചര്യത്തില്‍ പദവികളിലും എല്ലാ പാര്‍ട്ടികളും വിട്ടു വീഴ്ച ചെയ്യണമെന്നാണ് സിപിഎം നിലപാട്. കൂടുതല്‍ സീറ്റില്‍ വിജയിച്ച സിപിഎം വിട്ടുവീഴ്ച ചെയ്യുമ്പോള്‍ സിപിഐയും അതിനു തയ്യാറാകണമെന്നും സിപിഎം വിശദീകരിക്കുന്നു.

×