കേരളത്തിൽ സിപിഎം- കോൺഗ്രസ് ഗുസ്തി, ത്രിപുരയിൽ ദോസ്തി; ഭരണം പിടിക്കാനുള്ള സി.പി.എം- കോൺഗ്രസ് ചങ്ങാത്തത്തെ പരിഹസിച്ച് മോദി; ബി.ജെ.പിയുടെ ഇരട്ട എഞ്ചിൻ സർക്കാർ വരുമെന്നും വാഗ്ദാനം. ജയിച്ചാൽ മുഖ്യമന്ത്രി സ്ഥാനം സി.പി.എമ്മിനെന്ന് കോൺഗ്രസ് !

New Update

അംബാസ (ത്രിപുര): കേരളത്തിൽ ഗുസ്തി നടത്തുന്നവർ ത്രിപുരയിൽ ചങ്ങാത്തത്തിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിഹാസം. അംബാസ്സയിലും രാധാകിഷോർപൂരിലും നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സി.പി.എം - കോൺഗ്രസ് സഖ്യത്തെ പിന്തുണച്ച് മറ്റ് ചില പാർട്ടികളും പിന്നിലുണ്ട്. നിങ്ങൾ ഈ സഖ്യത്തിന് വോട്ട് ചെയ്താൽ അത് സംസ്ഥാനത്തെ അനേക വർഷം പിന്നിലേക്ക് കൊണ്ട് പോകും.

Advertisment

publive-image


ദുർഭരണത്തിന്റെ പഴയ നാളുകൾ തിരിച്ചു വരാൻ ഇടയാകും. ഒരു കാലത്ത് സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകൾ സി.പി.എം പ്രവർത്തകർ കയ്യേറിയിരുന്നു. എന്നാൽ ബി.ജെ.പി ഭരണം വന്ന ശേഷമാണ് സംസ്ഥാനത്ത് നിയമവാഴ്ച്ചയുണ്ടായത്. ഭയത്തിൽ നിന്നും ജനങ്ങളെ മോചിപ്പിച്ചു.


പണ്ട് സ്ത്രീകളുടെ അവസ്ഥ വളരെ ദയനീയമായിരുന്നു. ഇന്ന് അവർ തലയുയർത്തി പിടിച്ചാണ് വീട്ടിൽ നിന്നും പുറത്തിറങ്ങുന്നത്. എന്നാൽ ബി.ജെ.പി ഭരണം ക്രമസമാധാന നില സാധാരണയാക്കി തൊഴിലവസരങ്ങൾ വർദ്ധിപ്പിച്ചു- മോദി പറഞ്ഞു.ഫെബ്രുവരി 16നാണ് ത്രിപുരയിൽ തിരഞ്ഞെടുപ്പ്

വോട്ടുകൾ വിഭജിച്ച് പോകണമെന്നാഗ്രഹിക്കുന്ന പ്രതിപക്ഷത്തിന് പിന്തുണയുമായി മറ്റ് ചില ചെറിയ പാർട്ടികൾ രംഗത്തുണ്ട്. വോട്ടുകൾ ഭിന്നിപ്പിച്ച് പ്രതിപക്ഷത്തെ സഹായിച്ചാൽ തങ്ങൾക്ക് അതിന്റെ പ്രതിഫലം ലഭിക്കുമെന്ന പ്രതീക്ഷയിലാണവർ. തിരഞ്ഞെടുപ്പ് അടുത്തപ്പോൾ കുതിരക്കച്ചവടം കണ്ട് പുറത്തിറങ്ങിയവർ വീട്ടിൽ തന്നെ ഇരിക്കുന്നതാണ് നല്ലത്. പാവങ്ങളെ കോൺഗ്രസും സി.പി.എമ്മും അതിദരിദ്രരാക്കി.

നേരത്തെ ത്രിപുരയും ഡൽഹിയും ഭരിച്ചിരുന്നവർ ജനങ്ങൾക്ക് കുടിവെള്ളവും വൈദ്യുതിയും പോലുള്ള അവശ്യ സർവ്വീസുകൾ നൽകാൻ പോലും വിമുഖത കാണിച്ചു. അന്ന് ത്രിപുരയെ കൊള്ളയടിച്ച് ജനങ്ങളെ വഴിയാധാരമാക്കിയവർ ഇപ്പോൾ അധികാരത്തിനായി ഒന്നിച്ചിരിക്കുകയാണ്. തന്റെ തിരഞ്ഞെടുപ്പ് റാലികളിൽ കാണുന്ന ജനപങ്കാളിത്തം പഴയ ദുർഭരണത്തോടുള്ള പ്രതിഷേധവും ബി.ജെ.പിയുടെ ഇരട്ട എഞ്ചിൻ സർക്കാർ സംസ്ഥാനത്ത് തിരികെയെത്തുന്നതിന്റെ സൂചനയുമാണ്-മോദി പറഞ്ഞു.

അതിനിടെ, ഇടത് - കോൺഗ്രസ് സഖ്യം ത്രിപുരയിൽ വിജയിച്ചാൽ മുഖ്യമന്ത്രി സ്ഥാനം സി.പി.എമ്മിന് തന്നെയെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി അജയ് കുമാർ പറഞ്ഞു. സഖ്യം അധികാരത്തിൽ വന്നാൽ സി.പി.എമ്മിന്റെ മുതിർന്ന ഗോത്രവർഗ്ഗ നേതാവ് ആയിരിക്കും മുഖ്യമന്ത്രിയെന്ന് ഇന്നലെ ത്രിപുര കൈലാശഹറിലെ സംയുക്ത റാലിയിൽ അജയ് കുമാർ പറഞ്ഞു.

മുൻ മുഖ്യമന്ത്രിയും സി.പി.എം പോളിറ്റ് ബ്യറോ അംഗവുമായ മണിക് സർക്കാരിന്റെ സാന്നിദ്ധ്യത്തിലായിരുന്നു അജയ് കുമാറിന്റെ പ്രഖ്യാപനം. സംസ്ഥാനത്ത് ബി.ജെ.പിക്ക് അഞ്ച് സീറ്റിൽ പോലും വിജയിക്കാനാകില്ലെന്നും അജയകുമാർ വ്യക്തമാക്കി.

Advertisment