ചരിത്രത്തിലാദ്യമായി മനുഷ്യനെ ബഹിരാകാശത്തെത്തിച്ച് ഒരു സ്വകാര്യ കമ്പനി; ചരിത്ര നേട്ടം സ്വന്തമാക്കിയത്‌ ഇലോണ്‍ മസ്‌കിന്റെ സ്‌പേസ്എക്‌സ്; അമേരിക്കന്‍ മണ്ണില്‍ നിന്നും മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്നത് ഒമ്പത് വര്‍ഷത്തിനു ശേഷം ; അവിശ്വസനീയമെന്ന് ട്രംപ്‌

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Sunday, May 31, 2020

ചരിത്രത്തിലാദ്യമായി ഒരു സ്വകാര്യ കമ്പനി മനുഷ്യനെ ബഹിരാകാശത്തെത്തിച്ച് ചരിത്രം രചിച്ചിരിക്കുകയാണ് ഇലോണ്‍ മസ്‌കിന്റെ സ്‌പേസ്എക്‌സ്. ഒമ്പത് വര്‍ഷത്തിനു ശേഷമാണ് അമേരിക്കന്‍ മണ്ണില്‍ നിന്നും ആദ്യമായി മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്നതെന്ന പ്രത്യേകതയും ഈ വിക്ഷേപണത്തിനുണ്ടായിരുന്നു. ഞായറാഴ്ച ഇന്ത്യൻ സമയം പുലർച്ചെ 12.52 ന് സ്‌പേസ് എക്‌സിന്റെ ഫാല്‍കണ്‍ 9 രണ്ട് ബഹിരാകാശ യാത്രികരേയും കൊണ്ട് കുതിച്ചുയർന്നു.

ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നടന്ന വിക്ഷേപണം കാണാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അടക്കമുള്ളവര്‍ സന്നിഹിതരായിരുന്നു. ഇതൊരു തുടക്കം മാത്രമാണെന്നും അവിശ്വസനീയമാണെന്നുമാണ് ട്രംപ് പറഞ്ഞത്. നമ്മൾ ഇതുവരെ ചെയ്തതിൽ വച്ച് ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ് സ്പേസ് എക്സ് ചെയ്തിരിക്കുന്നത്, ഞങ്ങളെപ്പോലെ ആരും ഇത് ചെയ്യുന്നില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.

നാസയുടെ റോബര്‍ ബെന്‍കനും (49) ഡഗ്ലസ് ഹര്‍ലി (53)യുമാണ് സ്വകാര്യ കമ്പനി ചരിത്രത്തിലാദ്യമായി ബഹിരാകാശത്തേക്ക് എത്തിച്ച ദൗത്യത്തില്‍ പങ്കെടുത്തത്. ദൗത്യത്തിന്റെ അവസാന വട്ട റിഹേഴ്‌സല്‍ കഴിഞ്ഞ ശനിയാഴ്ച തന്നെ പൂര്‍ത്തിയാക്കിയിരുന്നു. 2011ല്‍ നാസയുടെ ഷട്ടില്‍ ഫ്ലൈറ്റിന് ശേഷം ആദ്യമായാണ് കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നും ബഹിരാകാശ സഞ്ചാരികള്‍ യാത്ര തിരിക്കുന്നത്.

സ്വകാര്യ കമ്പനികളുടെ സഹായത്തില്‍ നാസ സഞ്ചാരികളെ ബഹിരാകാശത്തേക്ക് എത്തിക്കുന്ന പദ്ധതിക്ക് ഒബാമയുടെ കാലത്താണ് അമേരിക്കയില്‍ പച്ചക്കൊടി ലഭിച്ചത്. പണച്ചെലവും അപകടസാധ്യതയും കണക്കിലെടുത്താണ് അമേരിക്ക സ്‌പേസ് ഷട്ടില്‍ യുഗം അവസാനിപ്പിച്ചത്. 2011 നുശേഷം അമേരിക്കന്‍ സഞ്ചാരികള്‍ റഷ്യയില്‍ നിന്നും ‘ടിക്കറ്റെടുത്താണ്’ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് എത്തിയിരുന്നത്. ബഹിരാകാശ സഞ്ചാരികള്‍ക്കായി റഷ്യയുടെ സോയുസ് റോക്കറ്റും ക്യാപ്‌സൂളുമായിരുന്നു നാസ ഉപയോഗിച്ചിരുന്നത്.

സ്‌പേസ് ഷട്ടില്‍ യുഗത്തിന്റെ തുടര്‍ച്ചക്കായി അമേരിക്കയും നാസയും പ്രതീക്ഷയര്‍പ്പിക്കുന്നത് സ്‌പേസ് എക്‌സ് ബോയിങ് പോലുള്ള സ്വകാര്യ കമ്പനികളേയാണ്. സ്വകാര്യ ബഹിരാകാശ കമ്പനികള്‍ വഴി ‘ടിക്കറ്റെടുത്ത്’ ബഹിരാകാശ യാത്രകള്‍ നടത്താനാണ് നാസയുടേയും അമേരിക്കയുടേയും പദ്ധതി. റോക്കറ്റിലോ ബഹിരാകാശ വാഹനത്തിലോ നാസക്ക് യാതൊരു ഉടമസ്ഥതയുമുണ്ടാവില്ല. ഇത്തരം കമ്പനികള്‍ക്ക് മറ്റു രാജ്യങ്ങളുമായോ സ്വകാര്യ വ്യക്തികളുമായോ പോലും ബഹിരാകാശ യാത്ര സംബന്ധിച്ച ഉടമ്പടികളില്‍ ഏര്‍പ്പെടാനും അനുമതിയുണ്ട്.

നേരത്തെ റഷ്യ, ചൈന, അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ മാത്രമാണ് മനുഷ്യരെ ബഹിരാകാശത്തെത്തിച്ചിട്ടുള്ളത്. പണച്ചെലവിനൊപ്പം വര്‍ധിച്ച അപകടസാധ്യതയും സാങ്കേതിക തികവും ആവശ്യമുള്ളതുകൊണ്ടാണ് അധികം രാജ്യങ്ങള്‍ ഈ വെല്ലുവിളി ഏറ്റെടുക്കാത്തത്. ഇത്തരമൊരു യാത്രക്ക് സജ്ജമാണെന്ന് സ്‌പേസ് എക്‌സിന് തെളിയിക്കാന്‍ ലഭിച്ച സുവര്‍ണ്ണാവസരം കൂടിയാണ് ശനിയാഴ്ചത്തെ വിക്ഷേപണം.

×