പണമില്ലെങ്കിലെന്താ കുന്നോളം സ്നേഹമുണ്ടല്ലോ? അച്ഛനും മകനുമായാല്‍ ഇങ്ങനെ ആയിരിക്കണം

Tuesday, October 30, 2018

story of a son and father

മുംബൈ: എല്ലാ രക്ഷിതാക്കളുടേയും ആഗ്രഹം മക്കളുടെ ആഗ്രഹങ്ങള്‍ നടപ്പാക്കിക്കൊടുക്കാനായിരിക്കും. ചുറ്റുമുള്ള കുട്ടികളെ പോലെ എല്ലാം നല്‍കാനായില്ലെങ്കിലും ചില മക്കള്‍ അവരുടെ അച്ഛനമ്മമാരുടെ കഷ്ടപ്പാടുകളും ഇല്ലായ്മകളും തിരിച്ചറിയും. അവരെ ഒരുപാട് സ്നേഹിക്കും. അത്തരമൊരു അച്ഛന്‍റേയും മകന്‍റേയും കഥയാണ് ‘ഹ്യുമന്‍സ് ഓഫ് ബോംബെ’ എന്ന ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുന്നത്.

വാച്ച്മാനാണ് അച്ഛന്‍. മകന്‍ കോളേജിലെ നന്നായി പഠിക്കുന്ന കുട്ടിയാണ്. കണക്കിലും സയന്‍സിലും നൂറില്‍ നൂറാണ് മാര്‍ക്ക്. അവനെ അഭിനന്ദിക്കുമ്പോള്‍ തന്നെയും സ്റ്റേജിലേക്ക് വിളിച്ച് അഭിനന്ദിച്ചു. പക്ഷെ, എല്ലാവരും തങ്ങളുടെ മക്കളെ വലിയ വലിയ ഹോട്ടലുകളില്‍ ഭക്ഷണം കഴിക്കാനായി കൊണ്ടുപോയി. എന്നാല്‍, തന്‍റെ കയ്യില്‍ അതിനുള്ള പണമില്ലായിരുന്നു. അത് തന്നെ ഒരുപാട് വേദനിപ്പിച്ചു. പക്ഷെ, അന്ന് രാത്രി മകന്‍ ചെയ്ത ഒരു കാര്യം തന്‍റെ എല്ലാ വേദനകളേയും ഉരുക്കി കളഞ്ഞുവെന്നും ആ അച്ഛന്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റ്: എന്‍റെ അച്ഛനൊരു കര്‍ഷകനായിരുന്നു. കഷ്ടപ്പാടിലായിരുന്നു ജീവിതം. എനിക്ക് പതിനെട്ട് വയസുള്ളപ്പോള്‍ നാട്ടിലൊരു വരള്‍ച്ച വന്നു. ഞങ്ങള്‍ പട്ടിണിയുടെ വക്കിലെത്തി. അങ്ങനെയാണ് ഞാന്‍ ബോംബെയിലെത്തുന്നത്. എങ്ങനെയെങ്കിലും കുറച്ച് പണമുണ്ടാക്കി എന്‍റെ കുടുംബത്തിന്‍റെ പട്ടിണി മാറ്റാന്‍. എനിക്കൊരു പോസ്റ്റോഫീസില്‍ ജോലി കിട്ടി. ഞാന്‍ വീട്ടിലേക്ക് പണമയച്ചു തുടങ്ങി. ജീവിതകാലം മുഴുവന്‍ ഞാനവിടെ ജോലി ചെയ്തു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഞാന്‍ വിരമിച്ചത്. പക്ഷെ, ഉടനെ തന്നെ ഇവിടെ വാച്ച്മാനായി ജോലിക്കു കയറി. കാരണം, എന്‍റെ രണ്ട് മക്കളിപ്പോഴും പഠിക്കുകയാണ്. ഞാന്‍ ജോലി ചെയ്യാതിരുന്നാല്‍ അവരെ പഠിപ്പിക്കാനാകുമോ എന്ന ഭയമുണ്ടായിരുന്നു എനിക്ക്.

ഈയിടെ എന്‍റെ മകന്‍ കോളേജില്‍ അഭിനന്ദിക്കപ്പെട്ടു. കണക്കിലും സയന്‍സിലും നൂറില്‍ നൂറ് മാര്‍ക്ക് വാങ്ങിയതിനാണത്. അവര്‍ എന്നെയും സ്റ്റേജിലേക്ക് വിളിച്ചു അഭിനന്ദിക്കാന്‍. എനിക്ക് വളരെ അഭിമാനം തോന്നി. എനിക്കെന്‍റെ കണ്ണുനീര്‍ അടക്കി വയ്ക്കാനായില്ല. ആ പരിപാടിക്കു ശേഷം മകന്‍റെ സുഹൃത്തുക്കളുടെ രക്ഷിതാക്കള്‍ അവരെ അടുത്തുള്ള റെസ്റ്റോറന്‍റുകളില്‍ കൂട്ടിക്കൊണ്ടുപോയി. എനിക്ക് വല്ലാതെ വേദന തോന്നി. കാരണം, അത്തരമൊരു ജീവിതം എന്‍റെ മക്കള്‍ക്ക് നല്‍കാന്‍ എനിക്ക് കഴിയുന്നില്ലല്ലോ. എനിക്ക് കിട്ടുന്ന പണം അവരുടെ ഫീസ് നല്‍കാനും, പുസ്തകങ്ങള്‍ വാങ്ങാനും മാത്രമേ തികയുമായിരുന്നുള്ളൂ.

അന്ന് രാത്രി നമ്മള്‍ എല്ലാവരും വീട്ടില്‍ നിന്ന് സാധാരണ ഭക്ഷണം കഴിച്ചു. എനിക്ക് തോന്നി ഞാന്‍ എന്താണ് ചിന്തിക്കുന്നതെന്ന് അവന് മനസിലായി എന്ന്. അതുകൊണ്ടാവാം, ഭക്ഷണം കഴിച്ചതിനു ശേഷം അവനെന്നെ കെട്ടിപ്പിടിച്ചു, എന്നിട്ട് പറഞ്ഞു, ‘ നന്ദി ബാബ’. അതോടെ എന്‍റെ എല്ലാ ആശങ്കകളും ഉരുകിപ്പോയി. ഞാന്‍ ചെയ്യുന്നത് ശരിയാണെന്ന് അപ്പോഴെനിക്ക് മനസിലായി.

 

×