ഇരിങ്ങാലക്കുടയില്‍ കുഴഞ്ഞ് വീണു മരിച്ച രണ്ട് പേര്‍ കഴിച്ചിരുന്നത് വ്യാജമദ്യമല്ല, ഏതോ കെമിക്കല്‍; കൂടുതല്‍ പേര്‍ ഈ ദ്രാവകം കഴിക്കാന്‍ സാധ്യതയില്ല, കഴിച്ചിരുന്നുവെങ്കില്‍ ഇതിനകം അപകടത്തിലായേനേയെന്ന് എസ് പി

New Update

തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ കുഴഞ്ഞ് വീണു മരിച്ച രണ്ട് പേര്‍ കഴിച്ചിരുന്നത് വ്യാജമദ്യമല്ല, ഏതോ കെമിക്കല്‍ എന്ന് പൊലീസിന്റെ പ്രഥമിക നിഗമനം. റൂറല്‍ എസ് പി ജി പുങ്കുഴലിയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സംഭവസ്ഥലത്തും കുഴഞ്ഞ് വീണ ഹോട്ടലിന് മുന്നിലും പരിശോധന നടത്തി. കൂടുതല്‍ പേര്‍ ഈ ദ്രാവകം കഴിക്കാന്‍ സാധ്യതയില്ലെന്നും കഴിച്ചിരുന്നുവെങ്കില്‍ ഇതിനകം അപകടത്തിലായേനേയെന്നും എസ് പി പറഞ്ഞു.

Advertisment
publive-image

ഇരിങ്ങാലക്കുട കാട്ടൂര്‍ റോഡില്‍ എക്‌സൈസ് ഓഫീസിന് സമീപത്തായുള്ള ഗോള്‍ഡന്‍ ചിക്കന്‍ സെന്ററിനുള്ളിലാണ് കഴിഞ്ഞ ദിവസം രാത്രി രണ്ട് പേര്‍ ഈ ദ്രാവകം കുടിച്ചത്. ശാരീരിക അസസ്ഥതകള്‍ തോന്നിയ ചിക്കന്‍ സെന്റര്‍ നടത്തുന്ന കണ്ണംമ്പിള്ളി വീട്ടില്‍ നിശാന്ത് സ്‌കൂട്ടറില്‍ പോകും വഴി ബസ്സ് സ്റ്റാന്റിന് സമീപത്തെ വീനസ് ഹോട്ടലിന് മുന്നില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഹോട്ടല്‍ ജീവനക്കാര്‍ ഇദ്ദേഹത്തെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കില്ലും രക്ഷിക്കാനായില്ല.

നിഷാന്തിന്റെ കൂടെ ഇതേ ദ്രാവകം കുടിച്ചിരുന്ന എടതിരിഞ്ഞി ചെട്ടിയാലിന് അടുത്ത് അണക്കത്തിപറമ്പില്‍ ബിജുവിനെ വീട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇദ്ദേഹത്തെ തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച പുലര്‍ച്ചേ മരിക്കുകയായിരുന്നു.

നിശാന്തിന്റെ കോഴിക്കടയ്ക്ക് സമീപത്ത് നിന്ന് വെളുത്ത ദ്രാവകവും ഗ്ലാസ്സുകളും പൊലീസ് കണ്ടെടുത്ത് വിശദമായ പരിശോധനക്ക് അയച്ചിട്ടുണ്ട്. സയന്റിഫിക്ക് പരിശോധയ്ക്കും പോസ്റ്റ്മാര്‍ട്ടത്തിനും ശേഷം മാത്രമേ ഏത് ദ്രാവകമാണ് കഴിച്ചതെന്ന് കണ്ടെത്താന്‍ കഴിയു എന്ന് പൊലീസ് അറിയിച്ചു. ഇരിങ്ങാലക്കുട ഡി വൈ എസ് പി ബാബു കെ തോമസിനാണ് അന്വേഷണ ചുമതല.

Advertisment