വടിയെടുത്ത് ഫ്രാൻസിസ് മാർപാപ്പ ! അഹിയാറ രൂപതയിൽ സംഭവിച്ചത് എറണാകുളത്തും നടന്നേക്കും ? കര്‍ദ്ദിനാളിനെ അംഗീകരിക്കാത്ത വൈദികര്‍ക്ക് പുറത്ത് പോകേണ്ടിവരും

ന്യൂസ് ബ്യൂറോ, കൊച്ചി
Thursday, July 4, 2019

എറണാകുളം: ഫ്രാൻസിസ് മാർപാപ്പയുടെ നടപടികൾക്കെതിരെ എറണാകുളത്ത് വിമത വൈദികർക്കെതിരെ വത്തിക്കാന്‍ കര്‍ശന നടപടിയ്ക്ക് ഒരുങ്ങുന്നു.

ഫ്രാൻസിസ് മാർപാപ്പയുടെ തീരുമാനത്തിനെതിരെ എറണാകുളത്തെ വൈദികര്‍ പരസ്യമായി രംഗത്തെത്തിയത് വത്തിക്കാനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. ഇത്തരം അച്ചടക്ക ലംഘനം കത്തോലിക്കാ സഭയുടെ ചരിത്രത്തിൽത്തന്നെ വിരളമാണ്. അതിനി തുടരാന്‍ അനുവദിക്കരുതെന്നാണ് വത്തിക്കാന്‍റെ കര്‍ശന നിലപാട്.

ഇന്ത്യയിലെ അപ്പോസ്തോലിക നുൺഷ്യോ ആർച്ച്ബിഷപ്പ് ജാംബാപ്തിസ്ത ഡിക്വാത്രോ ആണ് എറണാകുളത്തെ അച്ചടക്കലംഘനങ്ങൾ മാർപാപ്പയെ വിശദമായി അറിയിച്ചത്. കർശനമായ നടപടികൾ ഉടനെ ഉണ്ടായേക്കും എന്നാണു പുറത്തുവരുന്ന സൂചനകൾ.

കത്തോലിക്കാസഭയിൽ സമാനമായ ഒരു സംഭവം നടന്നത് രണ്ട് വര്ഷം മുൻപ് 2017 ജൂണിൽ നൈജീരിയയിലെ അഹിയാറ രൂപതയിലായിരുന്നു. മാർപാപ്പ നിയമിച്ച പുതിയ മെത്രാനെ ആ രൂപതയിലെ വൈദികർ സ്വീകരിക്കാൻ കൂട്ടാക്കിയില്ല.

തങ്ങൾ ഒരുമിച്ച് നിന്നാൽ ഗതികെട്ട് മാർപാപ്പ തീരുമാനം പിൻവലിക്കും എന്ന് വിചാരിച്ച് അവർ പ്രതിഷേധ പരിപാടികൾ നടത്തി.

ശക്തമായ അച്ചടക്ക അടപടികൾ സ്വീകരിക്കുന്ന സ്വഭാവമുള്ള ഫ്രാൻസിസ് മാര്‍പാപ്പയാവട്ടെ ഒരു മാസത്തിനുള്ളിൽ രൂപതയിലെ മുഴുവൻ വൈദികരും തന്നോട് വിധേയത്വം പ്രകടിപ്പിച്ചും പുതിയ മെത്രാനെ സ്വീകരിച്ചും കാണിച്ച തെറ്റിന് ക്ഷമ യാചിച്ചും വ്യക്തിപരമായ കത്ത് നൽകാൻ ആവശ്യപ്പെട്ടു.

കത്ത് നൽകാത്ത മുഴുവൻ വൈദികരെയും സസ്‌പെൻഡ് ചെയ്യാനും അദ്ദേഹം ഉത്തരവിട്ടു. രൂപതയിലെ മുഴുവൻ വൈദികരും ഗതികെട്ട് അവസാനം പുതിയ മെത്രാനോട് വിധേയത്വം പ്രഖ്യാപിക്കേണ്ടിവന്നു. അഹിയാറ രൂപതയിൽ മാർപാപ്പ ചെയ്തത് എറണാകുളത്തും നടക്കാനാണ് സാധ്യത.

കത്തോലിക്കാ സഭയിൽ വൈദികവൃത്തിയിൽ തുടരാൻ ആഗ്രഹിക്കുന്ന മുഴുവൻ വൈദികരും എന്തായാലും കർദിനാൾ ആലഞ്ചേരിയോട് വിധേയത്വം പ്രഖ്യാപിക്കേണ്ടി വരും. അതിനു തയ്യാറാകാതെ പുറത്ത് പോകാൻ എത്രപേർ ഉണ്ടാവും എന്നതാണ് കണ്ടറിയേണ്ടത്.

×