കേരളം

ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിക്കപ്പെട്ടതായി പൊലീസിന്റെ സ്ഥിരീകരണം; 81 മുത്തുള്ള മാല നഷ്ടപ്പെട്ടു, 72 മുത്തുള്ള മാല പകരം വച്ചതാണെന്ന് കണ്ടെത്തി

ന്യൂസ് ബ്യൂറോ, കോട്ടയം
Friday, September 24, 2021

കോട്ടയം: ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ തിരുഭാവരണം മോഷ്ടിക്കപ്പെട്ടതായി പൊലീസിന്റെ സ്ഥിരീകരണം. നിലവിലെ 72 മുത്തുള്ള മാല പകരം വച്ചതാണെന്ന് കണ്ടെത്തി. മാലയ്ക്ക് പഴക്കം കുറവാണെന്ന് പരിശോധനയില്‍ വ്യക്തമായി. വിവാദമായതിന് പിന്നാലെ പുതിയ മാല രജിസ്റ്ററില്‍ ഉള്‍പ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

നേരത്തെ ദേവസ്വം ബോര്‍ഡ് നടത്തിയ പരിശോധനയിലും മാല മോഷണം പോയതായി കണ്ടെത്തിയിരുന്നു. പൊലീസ് ക്ഷേത്രത്തിലെത്തി വിശദമായി നടത്തിയ പരിശോധനയിലാണ് 81 മുത്തുള്ള മാല നഷ്ടപ്പെട്ടതായും ഇപ്പോഴുള്ള മാല പകരംവച്ചതാണെന്നും പഴക്കം കുറവാണെന്നും കണ്ടെത്തിയത്.

വിവാദമായതിന് പിന്നാലെയാണ് ഈ മാല രജിസ്റ്ററില്‍ ഉള്‍പ്പടെുത്തിയതെന്നും പൊലീസ് കണ്ടെത്തി. ക്രമക്കേടില്‍ ആരൊക്കെയുണ്ടെന്ന കാര്യത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

ക്ഷേത്രത്തിലെ മേല്‍ശാന്തിയെയും ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരെയും വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. മേല്‍ശാന്തിയെ ഒന്നാംപ്രതിയാക്കിയാണ് നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തത്. നേരത്തെ വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ വിവരം മറച്ചുവെക്കാന്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുള്ളതായി കണ്ടെത്തിയിരുന്നു.

×