രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്‌; വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ് മക്കളുടെ പരീക്ഷ കാലം, പരീക്ഷാ 'ചൂട്' വേണ്ട !

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

സ്വന്തം മക്കളുടെ പഠനകാലത്ത് മാതാപിതാക്കൾ ഏറ്റവും ടെൻഷനടിക്കുന്നത് പരീക്ഷ അടുക്കുമ്പോഴായിരിക്കും. വർഷത്തിൽ മൂന്ന് പരീക്ഷ എന്ന കാലമൊക്കെ കഴിഞ്ഞു. ഇപ്പോൾ പലതരം അസസ്‌മെന്റുകളും പരീക്ഷകളുമാണ് ഒരു അക്കാദമിക വർഷം കുട്ടികൾ നേരിടുന്നത്. കുട്ടികളിൽ ഇതുണ്ടാക്കുന്ന സമ്മർദം വളരെ വലുതുമാണ്.

Advertisment

publive-image

എന്നാൽ, കുട്ടികളെക്കാളും ആധിയാണ് പരീക്ഷ സമയങ്ങളിൽ മാതാപിതാക്കളുടേത്. പലരും ജോലിയിൽനിന്ന് അവധിയെടുത്ത് വരെ വീട്ടിൽ മക്കൾ പഠിക്കുന്നുണ്ടോ എന്നും നോക്കിയിരിക്കും. എന്നാൽ, ഇതു പലപ്പോഴും വിപരീത ഫലമാണ് ഉണ്ടാക്കാറ്.

രക്ഷിതാക്കളുടെ ടെൻഷൻ കാണുന്നതോടെ കുട്ടികൾക്ക് സമ്മർദമുണ്ടാകും. പിന്നെ പേടിയോടെയാകും പഠനം. ഫുൾ മാർക്ക് കിട്ടിയില്ലെങ്കിൽ, അല്ലെങ്കിൽ തോറ്റാൽ എന്തുചെയ്യും എന്ന ടെൻഷനിലാകും മക്കൾ. അതിനാൽ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ് മക്കളുടെ പരീക്ഷ കാലം.

കുട്ടികൾ നന്നായി പഠിക്കുകയും പരീക്ഷയിൽ നന്നായി പങ്കെടുക്കുകയും ചെയ്യുന്നതിൽ രക്ഷിതാക്കൾക്കും പങ്കുണ്ട്. പഠിക്കാൻ മികച്ച അന്തരീക്ഷവും ടെൻഷനില്ലാതെ പഠിക്കാനുള്ള പിന്തുണയും അവർക്ക് നൽകേണ്ടതുണ്ട്. മാത്രമല്ല, സുഹൃത്തായും വീട്ടിലെ അധ്യാപകനായും കൂടെ നിൽക്കുകയും വേണം

പരീക്ഷ അടുത്താൽ കുട്ടികളുടെ മേൽ അനാവശ്യ സമ്മർദം ചെലുത്തി ബുദ്ധിമുട്ടിക്കാതിരിക്കുക. ഉത്കണ്ഠാകുലരായി അവർക്ക് ചുറ്റും നടക്കാതിരിക്കുക. അനാവശ്യ ഗൗരവം കാണിക്കരുത്. നന്നായി പഠിക്കുന്നുണ്ടോ എന്ന് ഇടക്കിടെ ചോദിക്കരുത്. കുട്ടികളെക്കുറിച്ചാലോചിച്ച് ഉത്കണ്ഠയുണ്ടെങ്കിൽ അതവരുടെ മുന്നിൽ പ്രകടിപ്പിക്കരുത്.

ടീച്ചർമാരുമായോ സ്‌കൂൾ കൗൺസിലർമാരുമായോ സംസാരിക്കുക. മക്കൾക്ക് അമിത ടെൻഷനും മറ്റു പ്രശ്‌നങ്ങളും വരുമ്പോൾ കുറ്റപ്പെടുത്തരുത്. ഇത്തരം സാഹചര്യങ്ങളുണ്ടായാൽ അവരെ സഹായിക്കുന്ന തീരുമാനമെടുക്കുക.

ഉത്കണ്ഠ, അസ്വസ്ഥത, ടെൻഷൻ, ഉറക്കമില്ലായ്മ, ഭക്ഷണത്തോട് വിരക്തി, ഒറ്റക്കിരിക്കൽ, ക്ഷീണം, വയറുവേദന, തലവേദന തുടങ്ങിയ, കുട്ടികളിലുണ്ടാകുന്ന, പരീക്ഷാകാലത്തെ മാറ്റം ശ്രദ്ധിക്കുകയും പരിഹാരം കാണുകയും ചെയ്യുക. വീടാണ് ആദ്യ കളരിപഠിക്കാൻ കുട്ടികൾക്കുവേണ്ട അന്തരീക്ഷമൊരുക്കിക്കൊടുക്കുക.

പഠന ഷെഡ്യൂൾ ഉണ്ടാക്കാൻ സഹായിക്കുക. നേരത്തെതന്നെ അത് തയാറാക്കുക. എന്നാൽ, അവസാന നിമിഷ ബുദ്ധിമുട്ടുകൾ ഒഴിവാക്കാം. പരീക്ഷയുടെ കാര്യം പറഞ്ഞ് കുട്ടികളിൽ അധിക സമ്മർദം ചെലുത്താതിരിക്കാൻ വീട്ടിലെ എല്ലാവരും ശ്രദ്ധിക്കണം. അതിഥികളുടെ വരവ്, സൽക്കാരങ്ങൾ, വീടിന്റെ അറ്റകുറ്റപ്പണി തുടങ്ങിയവ പരമാവധി മാറ്റിവെക്കുക. ഈ സമയത്ത് ഭക്ഷണം ഒഴിവാക്കുന്നില്ലെന്നും ആവശ്യമായ ഊർജം ലഭിക്കുന്നവ അവർ കഴിക്കുന്നുണ്ടെന്നും ഉറപ്പാക്കണം.

പരീക്ഷയോടനുബന്ധിച്ചുള്ള ദിവസങ്ങളിൾ വളരെ ലളിതമായ ഭക്ഷണങ്ങൾ കൊടുക്കുക. മാതാപിതാക്കൾ ഒരിക്കലും കുട്ടികളുടെ മുന്നിൽ വഴക്കിടരുത്. നിങ്ങളുടെ മനസ്സിലെ ദേഷ്യം തീർക്കാൻ കുഞ്ഞുങ്ങളെ ശിക്ഷിക്കുകയും ചെയ്യരുത്. മക്കളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മാതാപിതാക്കൾ ഒരുമിച്ച്​ തീരുമാനമെടുക്കുക.

കുട്ടികളുടെ മുന്നിൽവെച്ച്​ പുകവലി, മദ്യപാനം, നുണ പറയൽ, അശ്ലീല വാക്കുകൾ പാടില്ല. പ്രോത്സാഹനം നല്ല മരുന്ന്ഉപദേശിച്ച് മടുപ്പിക്കാതെ കുട്ടികൾക്ക് ധൈര്യം നൽകുക, പ്രോത്സാഹിപ്പിക്കുക. മക്കളുടെ ആത്മവിശ്വാസവും ധൈര്യവും ചോർന്നുപോകാൻ ഇടവരുത്തരുത്.

മറ്റു കുട്ടികളുമായി മക്കളെ താരതമ്യം ചെയ്യാതിരിക്കുക. പകരം, അവരുടെ കഴിവുകൾ എടുത്തുപറഞ്ഞ് 'നിനക്കും സാധിക്കും' എന്ന് മനസ്സിൽ ഉറപ്പിച്ചുനൽകുക. പഠിക്കാൻ ബുദ്ധിമുട്ടോ മറ്റു പ്രശ്നങ്ങളോ പറയുമ്പോൾ അവഗണിക്കരുത്. നിങ്ങളുടെ വൈകാരികമായ പിന്തുണയുണ്ടെന്ന് അവർക്ക് മനസ്സിലാകണം. പ്രോത്സാഹിപ്പിക്കുന്നതിന് പകരം, 'നീ എന്തായാലും പരീക്ഷയിൽ ജയിക്കില്ല, പഠിക്കാൻ കഴിവില്ല' എന്നിങ്ങനെയുള്ള കുറ്റപ്പെടുത്തലുകൾ അരുത്.

Advertisment