/sathyam/media/post_attachments/bmM95O5PLEGtKQzyaCyY.jpg)
കാസര്‍കോട്; കാസര്‍കോട് സ്വദേശിയായ പ്രവാസി ക്വട്ടേഷന്‍ സംഘത്തിന്റെ തടങ്കലില്‍ കൊല്ലപ്പെട്ടത് ക്രൂരമര്‍ദനമേറ്റെന്ന് കണ്ടെത്തല്‍. കൊല്ലപ്പെട്ട സീതാംഗോളി മുഗുറോഡിലെ അബൂബക്കര്‍ സിദ്ദീഖിന്റെ ശരീരത്തിലെ പേശികള്‍ അടികൊണ്ട് ചതഞ്ഞ് വെള്ളംപോലെയായിരുന്നതായി മൃതദേഹ പരിശോധനാ റിപ്പോര്‍ട്ട്.കാല്‍വെള്ളയിലും പിന്‍ഭാഗത്തുമായിരുന്നു അടികളെല്ലാം. അതിനിടയില്‍ തലയിലേറ്റ കനത്ത ആഘാതമാണ് സിദ്ദീഖിന്റെ മരണത്തിനിടയാക്കിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നത്. സിദ്ദീഖിന്റെ സഹോദരന്‍ അന്‍വറും സുഹൃത്ത് അന്‍സാരിയും ക്രൂരപീഡനത്തിന് ഇരയായി.
കുറഞ്ഞത് 5000 തവണയെങ്കിലും അടിയേറ്റാല്‍ മാത്രമേ ശരീരം ഇത്തരത്തിലാവുകയുള്ളൂവെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. തലകീഴായി മരത്തില്‍ കെട്ടിയിട്ട് തന്നെ മര്‍ദിക്കുകയായിരുന്നെന്ന് കുമ്ബള സഹകരണ ആശുപത്രിയില്‍ കഴിയുന്ന മുഗു സ്വദേശി അന്‍സാരി പറഞ്ഞു. വെള്ളിയാഴ്ചയാണ് അന്‍വറിനൊപ്പം അന്‍സാരി ക്വട്ടേഷന്‍ സംഘത്തിന്റെ തടങ്കലിലായത്. പൈവളിഗെയിലെ വീടിന്റെ ഒന്നാം നിലയില്‍വെച്ചും ബോളംകളയിലെ കാട്ടില്‍വെച്ചും തന്നെ സംഘം മര്‍ദിച്ചതായും അന്‍സാരി പറഞ്ഞു.
പൈവളിഗെ നുച്ചിലയില്‍ പ്രതികള്‍ തങ്ങിയ വീട് പോലീസും വിരലടയാളവിദഗ്ധരം ചൊവ്വാഴ്ച പരിശോധിച്ചു. രണ്ട് മഞ്ചേശ്വരം സ്വദേശികളുടെ 40 ലക്ഷം രൂപയുടെ ഇടപാടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് കൊലയിലേക്ക് നയിച്ചതെന്നാണ് സൂചന. പണം തിരിച്ചുപിടിക്കാന്‍ അവര്‍ പൈവളിഗെയില്‍നിന്നുള്ള ക്വട്ടേഷന്‍ സംഘത്തിന്റെ സഹായം തേടുകയായിരുന്നെന്നും
പോലീസ് കണക്കുകൂട്ടുന്നുപണം എന്തു ചെയ്തെന്ന് ചോദിച്ചായിരുന്നു മര്‍ദനം. അതിനിടയില്‍ സംഘത്തിന്റെ നിര്‍ദേശമനുസരിച്ച് വീട്ടിലേക്ക് ഫോണ്‍ വിളിച്ച് സുരക്ഷിതരായി ഒരിടത്തുണ്ടെന്ന് പറഞ്ഞു. സിദ്ദിഖിനെ വിളിച്ച് നാട്ടിലെത്താനും ആവശ്യപ്പെട്ടു. ഞായറാഴ്ച ഉച്ചയ്ക്ക് ബോളംകളയിലെ കുന്നിന്‍പുറത്ത് സിദ്ദീഖിനെ മരത്തില്‍ കെട്ടി ഒരുസംഘം മര്‍ദിച്ചു. രാത്രിയായതോടെ പണത്തിന്റെ കാര്യത്തില്‍ തീരുമാനമായെന്ന് പറഞ്ഞ് തന്നെയും അന്‍സാരിയെയും ഒരു വാഹനത്തില്‍ കയറ്റി പൈവളിഗെയില്‍ ഇറക്കിവിടുകയായിരുന്നെന്ന് അന്‍വര്‍ പറഞ്ഞു. 1500 രൂപയും സംഘം നല്‍കി. അവിടെനിന്ന് ഓട്ടോയില്‍ ബന്തിയോട് എത്തിയപ്പോഴാണ് സിദ്ദീഖ് കൊല്ലപ്പെട്ട വിവരമറിയുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us