കോവിഡ് പരിശോധനയുടെ പേരില്‍ സ്വകാര്യ ആശുപത്രികളില്‍ മുതലെടുപ്പ് ! കോവിഡ് പരിശോധനയ്ക്കെത്തുന്നവര്‍ക്ക് ആശുപത്രി സേവനം വേണ്ടെങ്കിലും ചീട്ട് എടുക്കണം. അതും കഴിഞ്ഞ് കോവിഡ് രോഗികള്‍ക്കൊപ്പം 5 ക്യൂവുകളില്‍ കാത്തുനിന്നാലേ പരിശോധനാ ഫലം കൈയ്യില്‍ കിട്ടൂ ! - പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കരുതലില്ലാതെ പാളുമ്പോള്‍ !

New Update

publive-image

പാലാ:കോവിഡ് പരിശോധനയുടെ പേരില്‍ സ്വകാര്യ ആശുപത്രികളില്‍ രോഗികളെ പിഴിയുന്നതിനു പുറമെ അനാവശ്യമായി ബുദ്ധിമുട്ടിക്കുന്നതായും പരാതി.

Advertisment

സ്വകാര്യ ആശുപത്രികളില്‍ കോവിഡ് പരിശോധനയ്ക്ക് ഈടാക്കുന്ന നിശ്ചിത തുകയ്ക്ക് പുറമെ പരിശോധനയ്ക്ക് എത്തുന്നവര്‍ ചീട്ട് എടുക്കണമെന്ന പുതിയ നിബന്ധനയുമുണ്ട്. ചീട്ടിന് 100 മുതല്‍ 150 വരെയാണ് നിരക്ക്. പരിശോധനയ്ക്ക് 350 രൂപയും ഈടാക്കുന്നു.

ആശുപത്രിയില്‍ ചികിത്സതേടുന്നവരെ ഉദ്ദേശിച്ചാണ് ചീട്ട് എടുക്കല്‍ (രജിസ്ട്രേഷന്‍) സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോവിഡ് പരിശോധനയ്ക്ക് എത്തുന്നവര്‍ കോവിഡ് ഉണ്ടോ, ഇല്ലയോ എന്ന് ഉറപ്പുവരുത്തുക മാത്രമാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍ അവരും ചീട്ട് എടുക്കണമെന്ന വാശി സ്വകാര്യ ആശുപത്രികളുടെ ഒരുതരം നിര്‍ബന്ധിത പിരിവുതന്നെ.

ഇനി പണം പിഴിഞ്ഞാലും പോര. പരിശോധനയ്ക്ക് വരുന്നവരെ പരമാവധി ബുദ്ധിമുട്ടിക്കണമെന്നും ഇവര്‍ക്ക് വാശിയുണ്ടത്രെ. പരിശോധനയ്ക്ക് എത്തുന്നയാള്‍ ചുരുങ്ങിയത് 5 ക്യൂവിലെങ്കിലും വരിവരിയായി നിന്നാലെ പരിശോധനാ ഫലം കൈയ്യില്‍ കിട്ടുകയുള്ളു.

ചീട്ട് എടുക്കാന്‍, രജിസ്റ്റര്‍ ചെയ്യാന്‍, പിന്നെ പൈസ അടയ്ക്കാന്‍ അതു കഴിഞ്ഞ് ലാബില്‍ പരിശോധനയ്ക്ക്, ഒടുവില്‍ പരിശോധനാ ഫലം കൈയ്യില്‍ കിട്ടാനും വരെ ക്യൂ നില്‍ക്കണം. ഓരോന്നും ഓരോ സ്ഥലത്താണ് (ഉദാ: മേരിഗിരി ഭരണങ്ങാനം).

അനാവശ്യമായ ചീട്ട് എടുക്കല്‍ ഒഴിവാക്കി രജിസ്റ്റര്‍ ചെയ്യുന്ന സ്ഥലത്തുതന്നെ പണവും വാങ്ങിയാല്‍ 3 ക്യൂ എന്നത് ഒന്നാക്കാം. ബാക്കി ലാബിലും പിന്നെ പരിശോധനാ ഫലത്തിനുമായി കാത്തുനിന്നാല്‍ മതി. പരിശോധനയ്ക്ക് എത്തുന്നവരില്‍ പകുതിയോടടുത്ത് കോവിഡ് പോസിറ്റീവ് ആകുന്നവരാണ് ഈ ക്യൂവിലൊക്കെ ഒന്നുചേര്‍ന്ന് വരിവരിയായി നില്‍ക്കുന്നത്.

ഇവിടെ അകലം പാലിക്കാതെ ഇരട്ട മാസ്ക് ഉറപ്പാക്കാനോ യാതൊരു സംവിധാനവുമില്ല. പരിശോധനാ ഫലം വരുമ്പോള്‍ തൊട്ടു മുമ്പിലും പുറകിലും നിന്നവര്‍ക്ക് പോസിറ്റീവ് ആയിരിക്കും. അതോടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വാങ്ങിപ്പോയ നടുക്കുനിന്നവന്‍റെ കാര്യത്തിലും തീരുമാനമാകും.

ആരോഗ്യ പ്രവര്‍ത്തകരുടെ അടിയന്തിര ശ്രദ്ധ ഉണ്ടായില്ലെങ്കില്‍ രോഗ പ്രതിരോധത്തിനായുള്ള ഇത്തരം സംവിധാനങ്ങള്‍ രോഗവ്യാപന കേന്ദ്രങ്ങളായി മാറുകയാവും ഫലം.

pala news
Advertisment