ഏഴാച്ചേരി ഗ്രാമത്തിലെ കണ്ടൈന്‍മെന്റ് സോണില്‍ ശുചീകരണത്തില്‍ ഒറ്റയാള്‍ പോരാട്ടവുമായി റിട്ട. പോലീസ് ഉദ്യോഗസ്ഥന്‍.

New Update

പാലാ: സി.ആര്‍.പി.എഫ് റിട്ട. ഡിവൈ.എസ്.പി.യും മുൻ പ്രധാനമന്ത്രിമാരുടെ സുരക്ഷാ വിംഗായ എസ്. പി.ജി.(ബ്ലായ്ക്ക് ക്യാറ്റ്) അംഗവുമായിരുന്ന കെ. അലോഷ്യസ് കണ്ണച്ചാംകുന്നേലാണ് പൊതു ഇടങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങളുമായി മുന്നിട്ടിറങ്ങിയിട്ടുള്ളത്. ഏഴാച്ചേരി സ്റ്റോണേജ് ക്ലബ്ബ് പ്രസിഡൻ്റുമാണ് അലോഷ്യസ്‌.

Advertisment

publive-image

(കെ. അലോഷ്യസ്)

ജില്ലാ ഭരണകൂടം കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ച ഏഴാച്ചേരി 7, 8 വാര്‍ഡുകളില്‍ ചൂലും ബക്കറ്റും കുമ്മായപ്പൊടിയുമായി പൊതുസ്ഥലങ്ങള്‍ വൃത്തിയാക്കുകയാണ് അലോഷ്യസ് .

"ഏഴാച്ചേരി ഗ്രാമത്തിലെ കഴിയുന്നത്ര പൊതു സ്ഥലങ്ങളിൽ ശുചീകരണം നടത്തണമെന്നുണ്ട്. മഹാമാരിയെ തുരത്താൻ വ്യക്തി ശുചിത്വം പോലെ തന്നെ പ്രധാനപ്പെട്ടതാണല്ലോ ആളുകൾ കൂടിയിരുന്ന പൊതു സ്ഥലങ്ങളുടെ ശുചീകരണവും" മുൻ അന്തർദ്ദേശീയ നീന്തൽ താരവും കൂടിയായ അലോഷ്യസ് പറയുന്നു.

publive-image

ആദ്യ ഘട്ടമായി ഇന്നലെ ഏഴാച്ചേരി ജി.വി.യു.പി. സ്കൂൾ ബസ് സ്റ്റോപ്പ് ഉൾപ്പെടെ ചില വെയിറ്റിംഗ് ഷെഡ്ഡുകളുമാണ് തൂത്തുവാരി വൃത്തിയാക്കിയും കുമ്മായപ്പൊടി വിതറിയും ശുചിയാക്കിയത്. ആളുകള്‍ കൂടുന്ന മറ്റു ചില പ്രദേശങ്ങളും പൊതുസ്ഥലങ്ങളും വെള്ളം ഒഴിച്ച് അടിച്ച് കഴുകുന്നുമുണ്ട്.

പോലീസിന്റെയും ആരോഗ്യപ്രവര്‍ത്തകരുടെയും മൗനാനുവാദത്തോടെയാണ് അലോഷ്യസിൻ്റെ വേറിട്ട ശുചീകരണ പ്രവര്‍ത്തനങ്ങള്‍. ഇന്ന് ഏഴാച്ചേരിയിലെ മറ്റ് പ്രദേശങ്ങളിലും അണുനശീകരണം ഉൾപ്പെടെയുള്ള ശുചീകരണ പരിപാടികൾ നടത്തുമെന്ന് ഇദ്ദേഹം പറഞ്ഞു.

ഇന്നത്തെ ശുചീകരണ യജ്ഞത്തിൽ അലോഷ്യസിനൊപ്പം മകനും ഹൈസ്‌ക്കൂള്‍ അധ്യാപകനുമായ അലനും , മകള്‍ ആല്‍ഫിയും ഗ്രാമത്തിലെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകും. വേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ മുഴുവൻ സ്വീകരിച്ചു കൊണ്ടാണീ മുൻ പോലീസ് ഉദ്യോഗസ്ഥൻ്റേയും മക്കളുടേയും ശുചീകരണ പ്രവർത്തനങ്ങൾ. നാടിനു മാതൃകയായ ഈ റിട്ട. പോലീസ് ഉദ്യോഗസ്ഥന് നമുക്ക് പിന്തുണ കൊടുക്കാം

Advertisment