എഴുകോണ്‍: മകളെയും മരുമകനെയും ഉപദ്രവിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ വീട്ടമ്മ അറസ്റ്റില്‍. കേരളപുരം കല്ലൂര്‍വിളവീട്ടില്‍ നജി(48)യാണ് പിടിയിലായത്.
/sathyam/media/post_attachments/gUEEd9VOpbMW45iWETnk.jpg)
ബൈക്കില്‍ സഞ്ചരിച്ച ദമ്പതിമാരെ മര്‍ദിച്ച് മാല കവര്‍ന്ന സംഭവം ക്വട്ടേഷന്‍ ആക്രമണമാണെന്നു പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നജി അറസ്റ്റിലാവുന്നത്.
ഡിസംബര്‍ 23-ന് രാത്രി ഏഴിനായിരുന്നു ദമ്പതികള്‍ക്ക് നേരെയുള്ള ആക്രമണം. നജിയുടെ മകള്‍ അഖിനയും ഭര്‍ത്താവ് ജോബിനും സഞ്ചരിച്ച ബൈക്ക് തടഞ്ഞ് മൂന്നംഗസംഘം മര്‍ദിക്കുകയായിരുന്നു.
അഖിനയുടെ കഴുത്തിലുണ്ടായിരുന്ന സ്വര്‍ണമാലയും സംഘം കവര്‍ന്നു. അക്രമിസംഘത്തില്‍പ്പെട്ട മങ്ങാട് സ്വദേശി ഷഹിന്‍ഷാ (29), വികാസ് (34), കിരണ്‍ (31) എന്നിവര്‍ പൊലീസ് പിടിയിലാവുകയും, ക്വട്ടേഷന്‍ വിവരങ്ങള്‍ വെളിപ്പെടുത്തുകയുമായിരുന്നു.
അഖിനയുടെ രണ്ടാം ഭര്‍ത്താവാണ് തൃശ്ശൂര്‍ സ്വദേശിയായ ജോബിന്‍. ജോലിയില്ലാത്ത ജോബിനും അഖിനയും നജിയുടെ ചെലവിലാണ് കഴിഞ്ഞിരുന്നത്.
ജോലിക്കുപോകാതെ മകളും മരുമകനും ആഡംബരജീവിതം നയിക്കുന്നതിനെ നജി ചോദ്യംചെയ്തു. ഇത് ഇഷ്ടപ്പെടാതിരുന്ന ജോബിന്‍ നജിയെ ഉപദ്രവിച്ചു. ഇതിലുള്ള വിരോധമാണ് മകളെയും മരുമകനെയും ആക്രമിക്കാനും മാല കവരാനും ക്വട്ടേഷന്‍ നല്‍കാന്‍ പ്രേരിപ്പിച്ചതെന്നു പൊലീസ് പറഞ്ഞു.
'മരുമകനിട്ടു രണ്ടെണ്ണം കൊടുക്കണം, മകളെയൊന്നു വിരട്ടണം, കഴുത്തില്‍ കിടക്കുന്ന സ്വര്‍ണമാല പിടിച്ചുപറിക്കണം, ക്വട്ടേഷന്‍ സംഘത്തിന് നജി നല്‍കിയ നിര്‍ദേശങ്ങള്‍ ഇങ്ങനെയായിരുന്നു. സംഭവത്തിന് ശേഷം പലയിടത്തായി ഒളിവില്‍ കഴിഞ്ഞ നജിയെ വര്‍ക്കലയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.