Advertisment

കൊവിഡ് നിയന്ത്രണത്തിൽ നാം പിറകിലാണ്, ഇനിയെങ്കിലും എല്ലാവരെയും ഒരുമിച്ച് നിർത്തണം - വേൾഡ് ഹെൽത്ത് ഓർ​ഗൈനിസേഷനിലെ ടിബി ആന്റ് പ്രൈവറ്റ് സെക്ടർ വിഭാ​ഗത്തിലെ ​ഗ്ലോബൽ വർക്കിം​ഗ് ​ഗ്രൂപ്പ് വൈസ് ചെയർമാനും ഓൾ ഇന്ത്യ പ്രൊഫഷണൽസ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമായ ഡോ. എസ്എസ് ലാലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

author-image
സത്യം ഡെസ്ക്
Updated On
New Update

publive-image

Advertisment

കേരളത്തിൽ കൊവിഡ് വ്യാപനം ഇപ്പോൾ നിയന്ത്രണാതീതമായ നിലയിലാണ്. ലഭ്യമായ കണക്കുകൾ ശാസ്ത്രീയമായി അവലോകനം ചെയ്‌താൽ പ്രതിദിന രോഗവ്യാപന നിരക്കിൽ കേരളം ഏറ്റവും മുന്നിലും രോഗനിയന്ത്രണത്തിൽ പല കാര്യങ്ങളിലും പിന്നിലുമാണ്. ഈ യാഥാർത്ഥ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കേരളത്തിൽ കൊവിഡ് നിയന്ത്രണ പരിപാടികൾ തുടർന്നു നടപ്പാക്കേണ്ടത്.

രാജ്യത്തെ ജനസംഖ്യയുടെ രണ്ടര ശതമാനം ജീവിക്കുന്ന കേരളത്തിൽ കൊവിഡിൻറെ കാര്യത്തിൽ മൂന്ന് ശതമാനമാണ്. രോഗാവസ്ഥയിൽ കഴിയുന്നവരുടെ ശരാശരി ഏറ്റവും കൂടുതൽ കേരളത്തിലാണെന്നത് രോഗവ്യാപനം തീവ്രമാണെന്ന് സൂചിപ്പിക്കുന്നു.

രോഗ പരിശോധനയുടെ കാര്യത്തിൽ കേരളം പിന്നിലാണ്. രോഗികളിൽ നല്ലൊരു ശതമാനത്തിൻറെ രോഗാവസ്ഥ കണ്ടുപിടിക്കാത്തതിനാൽ സമൂഹത്തിൽ രോഗവ്യാപനം ശക്തിയായി നടക്കുകയാണ്. ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കാണിക്കുന്നത് കുറഞ്ഞ നിരക്ക് പരിശോധനയും ഉയർന്ന രോഗവ്യാപനവുമാണ്.

കേരളത്തിലെ മരണ നിരക്ക് മറ്റു നാടുകളോട് താരതമ്യം ചെയ്ത് കുറവാണെന്ന വാദം അനാവശ്യമാണ്. രോഗത്തിൻറെ തുടക്ക കാലത്തെ ആശയക്കുഴപ്പം കൊണ്ടുണ്ടായ അധിക മരണങ്ങൾ മാറ്റി നിർത്തിയാൽ ഈ രോഗത്തിന്റെ മരണ നിരക്ക് ഇപ്പോൾ പൊതുവെ എല്ലാ രാജ്യങ്ങളിലും കുറവാണ്.

എന്നാൽ കൂടുതൽ പേർക്ക് രോഗമുണ്ടായാൽ മരണങ്ങളുടെ എണ്ണം കൂടുമെന്നത് കേരളത്തിൽ പ്രധാനമാണ്. കണക്കുകളെ തെറ്റായി വ്യാഖ്യാനിച്ച് രോഗനിയന്ത്രണത്തിൽ കേരളം എല്ലാ നാടുകളെക്കാളും മുന്നിലാണെന്ന് പ്രചരിപ്പിച്ച് ഇനിയും ജനങ്ങളിൽ അമിത ആത്മവിശ്വാസം സൃഷ്ടിക്കുന്നത് അപകടമാണ്. അത്തരം താരതമ്യങ്ങൾ പലതും ഈ രോഗത്തിൻ്റെ കാര്യത്തിൽ അർത്ഥമില്ലാത്തതാണ്.

ഉന്നയിക്കുന്ന പ്രശ്ങ്ങൾ നിലനിർത്തുമ്പോഴും പ്രത്യക്ഷ സമരങ്ങൾ അവസാനിപ്പിച്ച് യുഡിഎഫ് മാതൃക കാട്ടിയിട്ടുണ്ട്. അത് സ്വാഗതം ചെയ്യുകയാണ് ജനങ്ങളുടെ ആരോഗ്യത്തിന് വിലകല്പിക്കുന്ന ഒരു ഗവൺമെൻറ് ചെയ്യേണ്ടത്. പകരം യുഡിഎഫിനെ കളിയാക്കുന്നത് പ്രവർത്തകരെ പ്രകോപിപ്പിക്കാനേ ഉപയോഗപ്പെടൂ. കൊവിഡ് വിഷയത്തിൽ നിന്ന് രാഷ്ട്രീയം പൂർണ്ണമായി ഒഴിവാക്കാൻ സർക്കാർ മുകൈ എടുക്കണം.

ഇന്ന് നടക്കുന്ന സർവകക്ഷി യോഗത്തിൽ ക്ളീൻ സ്ളേറ്റിൽ പ്രവർത്തനങ്ങൾ തുടങ്ങാൻ സർക്കാർ തയ്യാറാകണം. സംസ്ഥാനത്തിനും ജനങ്ങൾക്കും ഗുണം ചെയ്യുന്ന തീരുമാനങ്ങൾ കൂട്ടായി നടപ്പാക്കാൻ സർക്കാർ സന്നദ്ധത അറിയിക്കണം.

മുഖ്യമന്ത്രി അദ്ധ്യക്ഷനായും പ്രതിപക്ഷ നേതാവ് ഉപാദ്ധ്യക്ഷനായും കമ്മിറ്റി രൂപീകരിച്ച് കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകണം. സർക്കാരിനെ ഉപദേശിക്കാൻ പുതിയ സാങ്കേതിക സമിതി ഉണ്ടാക്കണം. ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും മറ്റു വിദഗ്ദ്ധരുടെയും സംഘടനകളുടെ പ്രതിനിധികളെ സമിതിയിൽ അംഗങ്ങളാക്കണം. വിമർശനങ്ങളും വ്യത്യസ്ത അഭിപ്രായങ്ങളും ഉള്ളവരെ സമിതിയിൽ ഉൾപ്പെടുത്തണം.

മുഖ്യമന്ത്രിയുടെ കൊവിഡ് പത്രസമ്മേളനത്തിൽ രാഷ്ട്രീയ വിഷയങ്ങൾ ഒഴിവാക്കണം. ഓരോ ജീവനും വിലപ്പെട്ടതാണ്. ഓരോ മരണവും നഷ്ടമാണ്. തർക്കങ്ങളിലും വാഗ്വാദങ്ങളിലും വിജയിച്ചാലും നഷ്ടപ്പെട്ട ജീവനുകൾ തിരികെക്കിട്ടില്ല.

-ഡോ. എസ്എസ് ലാൽ

voices
Advertisment