/sathyam/media/post_attachments/ctdImbBVt8h7LBWLAFQi.jpg)
ഷാർജ: നയതന്ത്ര വഴികളിലൂടെ തിരുവനന്തപുരത്തു യുഎഇ കോണ്സുലേറ്റിനെ മറയാക്കി നടന്ന സ്വർണക്കടത്തു കേസിലെ പ്രധാന പ്രതികളിലൊരാളായ ഫൈസൽ ഫരീദിനെ ഇന്ത്യയ്ക്ക് വിട്ടുനൽകില്ലെന്ന് റിപ്പോർട്ടുകൾ.
നിലവിൽ ഷാർജ പോലീസിന്റെ കസ്റ്റഡിയിലുള്ള ഫൈസലിനെ വിട്ടുനല്കണമെന്ന ഇന്ത്യയുടെ ആവശ്യത്തോട് ഇതുവരെ യുഎഇ അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. ഇന്റർപോൾ വഴി ഫൈസലിനെ ഇന്ത്യയിലെത്തിക്കാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം.
എന്നാൽ യുഎഇയിൽ നിലവിൽ ഒന്നിലേറെ കേസുകളിൽ ഫൈസൽ പ്രതിയാണെന്നതാണ് ഇദ്ദേഹത്തെ വിട്ടു നൽകാൻ തടസം. ചെക്കു കേസുകൾ ഉൾപ്പെടെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പ്രതികളാകുന്നവർക്ക് എത്ര ഉന്നതരായാലും യാത്രാ വിലക്ക് ഏർപ്പെടുത്തുന്നതാണ് യുഎഇയിലെ നിയമം.
നിലവിലുണ്ടായിരുന്ന ചെക്കു കേസിലായിരുന്നു ഫൈസൽ ഷാർജ പോലീസിൽ കഴിഞ്ഞയാഴ്ച്ച കീഴടങ്ങിയത്. അഭിഭാഷകന് ഒപ്പമെത്തിയായിരുന്നു കീഴടങ്ങൽ.
അതെ സമയം യുഎഇയുടെ കോൺസുലേറ്റ് വഴി നടന്ന സ്വർണക്കടത്തിൽ കോൺസൽ ജനറലുമായി ബന്ധപ്പെട്ടും അറ്റാഷെയുമായി ബന്ധപ്പെട്ടും ചില നിർണായക സൂചനകൾ കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിൽ ഫൈസൽ ഫരീദ് കസ്റ്റംസിന്റെ കസ്റ്റഡിയിലായാൽ കോൺസുലേറ്റിനെ ബാധിക്കുന്നവിധം അന്വേഷണം നീങ്ങുമോ എന്ന ആശങ്കയും ഫൈസലിനെ വിട്ടുനൽകാതിരിക്കാൻ കാരണമായി പറയുന്നു.
അതിനിടെ ഫൈസലിനെതിരെ കസ്റ്റംസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഫൈസലിന്റെ വീടിനു മുമ്പിലും വാറണ്ട് പതിച്ചിട്ടുണ്ട്.
ഫൈസലിനെ നാട്ടിലെത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ പോലും അത് അന്വേഷണത്തെ ബാധിക്കാതിരിക്കാനുള്ള മുൻകരുതലുകൾ കസ്റ്റംസ് സ്വീകരിക്കുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us