വ്യാജനില്‍ ‘കേമന്‍’ 2000 രൂപ നോട്ട്, കേന്ദ്രത്തിന്റെ വാദം പൊളിഞ്ഞു

ഉല്ലാസ് ചന്ദ്രൻ
Sunday, January 19, 2020

ന്യൂഡല്‍ഹി: പിടിക്കപ്പെടുന്ന വ്യാജനോട്ടുകളില്‍ അഞ്ചില്‍ ഒന്നുവീതം 2000 രൂപയുടേതാണെന്ന് റിപ്പോര്‍ട്ട്. പകര്‍ത്താന്‍ കഴിയാത്തത്രയും സുരക്ഷാ സംവിധാനങ്ങളോടെയാണ് 2000 രൂപ നോട്ടുകള്‍ പുറത്തിറക്കുന്നതെന്നാണു നോട്ടുനിരോധനകാലത്ത് കേന്ദ്ര സര്‍ക്കാര്‍ വാദിച്ചിരുന്നത്. ഇപ്പോള്‍ ഈ വാദം തകര്‍ത്തതാകട്ടെ ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെതന്നെ കണക്കുകളും.

2018-ല്‍ മാത്രം രാജ്യത്തു പിടികൂടിയത് 10.96 കോടി മൂല്യമുള്ള രണ്ടായിരം രൂപയുടെ 54,776 വ്യാജ നോട്ടുകളാണ്. പല നോട്ടുകളായി ആകെ പിടികൂടിയത് 17.95 കോടി മൂല്യം വരുന്ന 2,57,243 വ്യാജ നോട്ടുകളും. അതായത്, പിടിച്ചെടുത്ത അഞ്ചില്‍ ഒരു നോട്ട് കോപ്പിയടിക്കാന്‍ കഴിയാത്തതാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അവകാശപെട്ടിരുന്ന രണ്ടായിരം രൂപയുടെ വ്യാജനാണ്. മൊത്തം പിടികൂടിയതിന്റെ 61 ശതമാനം വരുമിത്.

2000 രൂപ വ്യാജനോട്ടുകള്‍ അച്ചടിക്കുന്നതില്‍ വര്‍ധനവുണ്ടെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. 2017ല്‍ ആകെ പിടിച്ചെടുത്തതില്‍ 53 ശതമാനമായിരുന്നു 2000 രൂപയുടെ വ്യാജനോട്ട്. അതാണ് 2018ല്‍ 61 ശതമാനമായത്. 2016 നവംബര്‍ 8നാണു രാജ്യത്തെ അടിമുടി ഇളക്കിമറിച്ച നോട്ടുനിരോധന പ്രഖ്യാപനം ഉണ്ടായത്. പ്രചാരത്തിലിരുന്ന 86% നോട്ടുകളും പിന്‍വലിക്കപ്പെട്ടു. കള്ളപ്പണവും കള്ളനോട്ടുകളും ഇല്ലാതാക്കാനാണു നോട്ടുനിരോധനമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ വാദം. എന്നാല്‍ ഈ വാദത്തെ തള്ളുന്നതാണ് കള്ളനോട്ടുകേസുകള്‍ സംബന്ധിച്ചുള്ള ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍.

തമിഴ്‌നാട്ടിലാണ് കഴിഞ്ഞ വര്‍ഷം 2000-ത്തിന്റെ ഏറ്റവുമധികം വ്യാജന്മാര്‍ പ്രചരിച്ചത്. 12,560 വ്യാജനോട്ടുകളാണ് തമിഴ്‌നാട്ടില്‍നിന്നു മാത്രം പിടികൂടിയത്. തൊട്ടുപിറകില്‍ 9615 നോട്ടുകള്‍ പിടിച്ചെടുത്ത ബംഗാള്‍. ഇതിനു തൊട്ടുപിന്നിലായി രാജ്യ തലസ്ഥാനവുമുണ്ട്. രണ്ടായിരത്തിന്റെ 6457 നോട്ടുകളാണ് ഡല്‍ഹിയില്‍ നിന്നു പിടിച്ചെടുത്തത്. മഹാരാഷ്ട്രയില്‍ നിന്ന് 2355 നോട്ടുകളും പിടിച്ചെടുത്തു. കേരളത്തില്‍ നിന്ന് 4402 വ്യാജ 2000 രൂപ നോട്ടുകളാണു പിടിച്ചത്.

വന്‍തുകയ്ക്കുള്ള വ്യാജനോട്ടുകള്‍ വളരെ കുറഞ്ഞ സമയത്തില്‍ അച്ചടിച്ച്, വളരെ കുറവ് സ്ഥലത്ത് സൂക്ഷിക്കാനാകുന്നുവെന്നതാണ് 2000 നോട്ടിനെ കള്ളനോട്ടുകാരുടെ പ്രിയപ്പെട്ടതാക്കുന്നത്. 50, 100 നോട്ടുകളുടെ വ്യാജനാണെങ്കില്‍ കൂടുതല്‍ അച്ചടിക്കണം, വന്‍തോതില്‍ സൂക്ഷിക്കാനും ബുദ്ധിമുട്ടാണ്. അതേസമയം, 2016 നവംബറില്‍ 2000 രൂപ നോട്ടുകള്‍ പുറത്തിറങ്ങിയതു മുതല്‍ അതിന്റെ ഏറ്റവുമധികം വ്യാജനോട്ടുകള്‍ അച്ചടിച്ചിറക്കിയത് ഗുജറാത്തിലാണ്. 2016 മുതല്‍ 2018 അവസാനം വരെ ഏകദേശം 34,680 വ്യാജനോട്ടുകളാണു സംസ്ഥാനത്തുനിന്നു പിടികൂടിയത്. ഇവയുടെ ആകെ മൂല്യം ഏകദേശം 6.93 കോടി വരും.

നോട്ടുനിരോധനത്തിനു ശേഷം രാജ്യത്തു പിടികൂടിയ 2000ത്തിന്റെ വ്യാജനോട്ടുകളില്‍ 26.28 ശതമാനവും ഗുജറാത്തില്‍ നിന്നാണ്. ബംഗാളാണു രണ്ടാം സ്ഥാനത്ത്-3.5 കോടിയുടെ നോട്ടുകള്‍. തമിഴ്‌നാട് (2.8 കോടി), ഉത്തര്‍ പ്രദേശ് (2.6 കോടി) എന്നീ സംസ്ഥാനങ്ങള്‍ 3, 4 സ്ഥാനത്തും. ഇതുവരെ 2000-ത്തിന്റെ ഒരു കള്ളനോട്ട് പോലും പിടിച്ചെടുക്കാത്ത മൂന്നു സംസ്ഥാനങ്ങളുമുണ്ട്- ജാര്‍ഖണ്ഡ്, മേഘാലയ, സിക്കിം. കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നും 2000-ത്തിന്റെ വ്യാജന്മാരെ പിടികൂടാനായിട്ടില്ല.

×