Advertisment

''ആ വിഡിയോ പ്രചരിച്ച ശേഷം പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്! ജോലിക്കു പോലും പോകാന്‍ പറ്റുന്നില്ല. മകളുടെ കൂട്ടുകാര്‍ വിളിച്ചു ചോദിക്കുന്നതിനാല്‍ മകളും മാനസിക വിഷമത്തിലാണ്.'': ഭാര്യ അറിയാതെ ഒളിപ്പിച്ച മദ്യം എടുക്കുന്നതിനിടെയാണ് കൈ കുടുങ്ങിയതെന്ന പ്രചാരണം ശരിയല്ല: വിഡിയോ വൈറലായതോടെ നെഞ്ചുനീറി കഴിയുകയാണ് മാവേലിക്കരയിലെ ഈ കുടുംബം

New Update

തിരുവനന്തപുരം: സാമൂഹ്യമാധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസം പ്രചരിച്ച വിഡിയോയിലെ ചിത്രമാണ് ഇത്. ഈ വിഡിയോ കാണാത്തവരായി ആരുമില്ല എന്ന് പറയാം. ഈ വിഡിയോ മൂലം കടുത്ത വേദനയിൽ കഴിയുകയാണ് ഈ കുടുംബം.

Advertisment

publive-image

കുളിമുറിയിലെ ഡ്രെയ്നേജില്‍ ഭാര്യ അറിയാതെ ഒളിപ്പിച്ച മദ്യം പുറത്തെടുക്കുന്നതിനിടെ കൈ കുടുങ്ങിയ മധ്യവയസ്‌കനെ അഗ്‌നിശമനസേന രക്ഷിക്കുന്നു എന്ന തെറ്റായ അടിക്കുറിപ്പോടെയാണ് വിഡിയോ വൈറലായി പ്രചരിച്ചതാണ് ഒരു കുടുംബത്തെയാകെ ദുഃഖത്തിലാക്കിയത്.

''ആ വിഡിയോ പ്രചരിച്ച ശേഷം പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. ജോലിക്കു പോലും പോകാന്‍ പറ്റുന്നില്ല. മകളുടെ കൂട്ടുകാര്‍ വിളിച്ചു ചോദിക്കുന്നതിനാല്‍ മകളും മാനസിക വിഷമത്തിലാണ്.''- മാവേലിക്കരയിലെ മാന്നാറിലുള്ള ഒരു വീട്ടമ്മയുടെ നൊമ്പരപ്പെടുത്തുന്ന വാക്കുകളാണിത്.

സത്യമറിയാതെ ചിലര്‍ നടത്തിയ വ്യാജപ്രചാരണത്തില്‍ പൊള്ളിയത് അച്ഛനും അമ്മയും മകളും അടങ്ങുന്ന ഒരു കുടുംബത്തിനാണ്. കുളിമുറിയിലെ ഡ്രെയ്നേജ് പൈപ്പില്‍ തടസം നേരിട്ട് വെള്ളം നിറഞ്ഞപ്പോഴാണ് ഗൃഹനാഥന്‍ പൈപ്പ് വൃത്തിയാക്കാന്‍ ശ്രമിച്ചതും കൈകുടുങ്ങിയതും. രക്ഷാപ്രവര്‍ത്തനത്തിന്റെ വിഡിയോ പകര്‍ത്തിയ അഗ്നിശമന സേനാംഗങ്ങള്‍ തന്നെ ഇക്കാര്യം സ്ഥിരീകരിക്കുന്നു.

എന്നാല്‍, ഒളിപ്പിച്ച മദ്യക്കുപ്പി എടുക്കുന്നതിനിടെയാണ് കൈ കുടുങ്ങിയതെന്ന വ്യാജ പ്രചാരണത്തോടെ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതോടെ കുടുംബത്തിനു പുറത്തിറങ്ങാനാകാത്ത സ്ഥിതിയാണ്. ഭാര്യയും ഭര്‍ത്താവും ജോലിക്കു പോകുന്നില്ല. മകളുടെ കൂട്ടുകാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ കുടുംബം കൂടുതല്‍ സമ്മര്‍ദത്തിലായി.

ഒളിപ്പിച്ച മദ്യം എടുക്കുന്നതിനിടെയാണ് കൈ കുടുങ്ങിയതെന്ന പ്രചാരണം ശരിയല്ലെന്നു മാവേലിക്കര ആഗ്‌നിശമന ഓഫിസ് അറിയിച്ചു. ഡ്രെയ്നേജ് വൃത്തിയാക്കുന്നതിനിടെ 26-ാം തീയതി രാത്രിയാണ് മധ്യവയസ്‌കന്റെ കൈ കുടുങ്ങിയത്. വീട്ടുകാര്‍ ശ്രമിച്ചിട്ടും കൈ പുറത്തെടുക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്നാണ് അഗ്‌നിശമനസേനയെ നാട്ടുകാര്‍ വിവരമറിയിച്ചത്. തുടര്‍ന്ന് ടൈല്‍സ് അടക്കം മാറ്റി ആളെ രക്ഷപ്പെടുത്തുകയായിരുന്നെന്നും ആഗ്‌നിശമനസേന പറഞ്ഞു.

Advertisment