ആദിവാസി യുവാവിന്‍റെ മരണം; 'ശരീരത്തിലെ പാടുകൾ മർദനത്തെ തുടർന്ന്', വീണ്ടും പോസ്റ്റ്മോർട്ടം നടത്തണമെന്ന് കുടുംബം

New Update

publive-image

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിന് സമീപം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ആദിവാസി യുവാവ് വിശ്വനാഥന്‍റെ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം നടത്തമെന്ന് കുടുംബം. വിശ്വനാഥന്‍റെ മൃതദേഹത്തിലുണ്ടായിരുന്ന പാടുകളും മുറിവും മർദ്ദനത്തെ തുടർന്നുണ്ടായതാണെന്ന് സഹോദരൻ ആരോപിച്ചു. നിലവിൽ നടക്കുന്ന അന്വേഷണത്തിൽ വിശ്വാസമില്ലെന്നും നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും വിശ്വനാഥന്‍റെ സഹോദരൻ ഗോപി  പറഞ്ഞു.

Advertisment

വിശ്വനാഥന്‍റെ മരണത്തിൽ പൊലീസ് റിപ്പോർട്ട് സംസ്ഥാന എസ്‍സി/ എസ്ടി കമ്മീഷൻ ഇന്നലെ പൂർണ്ണമായി തള്ളിയിരുന്നു. നടപടിക്രമങ്ങളെ വീഴ്ച ചൂണ്ടിക്കാട്ടിയ കമ്മീഷൻ നാല് ദിവസത്തിനകം പുതിയ റിപ്പോർട്ട് നൽകാനും കമ്മീഷന്‍ നിർദേശിച്ചിരുന്നു. സംഭവത്തിൽ കേസെടുത്ത ദേശീയ പട്ടിക വർഗ്ഗ കമ്മീഷൻ ഡിജിപിയോടും, കോഴിക്കോട് കളക്ടറോടും അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്. എസ്‍സി/ എസ്ടി കമ്മീഷൻ ഇന്ന് വിശ്വനാഥന്‍റെ വീട് സന്ദര്‍ശിക്കും.

വിശ്വനാഥന്‍റെ മരണം ആത്മഹത്യയാണെന്നും കാരണങ്ങൾ അന്വേഷിക്കുന്നുവെന്നും പരമാർശിക്കുന്ന റിപ്പോർട്ടാണ് അന്വേഷണ ഉദ്യോഗസ്ഥാനായ മെഡി. കോളേജ് എസിപി കമ്മീഷൻ മുന്‍പാകെ നൽകിയത്. ഈ റിപ്പോർട്ട് തള്ളിയ കമ്മീഷൻ അധ്യക്ഷൻ ബി.എസ്. മാവോജി, രൂക്ഷമായ ഭാഷയിലാണ് ഉദ്യോഗസ്ഥനോട് ചോദ്യങ്ങൾ ചോദിച്ചത്. കാത്തിരുന്ന് കുഞ്ഞിനെ കിട്ടിയ സന്തോഷത്തിൽ ആശുപത്രിക്ക് പുറത്ത് കാത്തുനിന്ന ഒരു മനുഷ്യൻ എന്തിന് ആത്മഹത്യ ചെയ്യണം എന്നായിരുന്നു കമ്മീഷന്‍റെ ചോദ്യം.

കറുത്ത നിറവും മോശം വസ്ത്രവും ധരിച്ച മനുഷ്യനെ ഇല്ലാത്ത കുറ്റങ്ങൾ ആരോപിച്ച് ആരെങ്കിലും പീഡിപ്പിച്ചു കാണും. അതൊന്നും സഹിക്കാനാകെ ആയാൾ ജീവനൊടുക്കിയെങ്കിൽ അത് ഗൗരവമേറിയ സംഭവമാണ്. വെറുമൊരു ആത്മഹത്യ കേസായി കാണാതെ പട്ടികജാതി പട്ടിക വർഗ്ഗ നിരോധന നിയമപ്രകാരം കേസെടുത്ത് വിശദമായി അന്വേഷിക്കണമെന്നും കമ്മീഷൻ പൊലീസ് ഉദ്യോഗസ്ഥനോട് പറഞ്ഞു.

ആശുപത്രിക്ക് പുറത്തെ ആളൊഴിഞ്ഞ പറമ്പിലാണ് വിശ്വനാഥന്‍റെ മൃതദേഹം കണ്ടത്. എക്സിക്യൂട്ടീവ് മജിസ്ട്രറ്റേറ്റിന്‍റെ സാന്നിധ്യമില്ലാതെ ഇൻക്വസ്റ്റ് നടത്തിയത് വീഴ്ചയാണെന്നും കമ്മീഷൻ പറഞ്ഞു. സംഭവത്തിൽ കേസെടുത്ത പട്ടിക വർഗ്ഗ കമ്മീഷനും അടിയന്തര റിപ്പോർട്ട് തേടി. വീഴചവരുത്തിയാൽ ഡിജിപി, കളക്ടർ എന്നിവരെ നേരിട്ട് വിളിച്ചുവരുത്തുമെന്നും മുന്നറിയിപ്പ് നൽകി. അതേസമയം, വിശ്വനാഥനെ മർദ്ദിച്ച് കൊലപ്പെടുത്തിയതാണന്ന ആരോപണം കുടുംബം വീണ്ടും ആവർത്തിക്കുകയാണ്.

Advertisment