പ്രശസ്ത നടിയും ദേശീയ പുരസ്കാര ജേതാവുമായ രാധാമണി അന്തരിച്ചു

ന്യൂസ് ബ്യൂറോ, ചെന്നൈ
Sunday, October 20, 2019

ചെന്നൈ; പ്രശസ്‌ത സിനിമാ അഭിനേത്രി ടി പി രാധാമണി അന്തരിച്ചു.ഏറെനാളായി രോഗ ബാധിതയായി ചികിത്സയിലായിരുന്നു.ചെന്നൈയിലായിരുന്നു അന്ത്യം.

എഴുപതുകളില്‍ സജീവമായി സിനിമാ രംഗത്ത് ഉണ്ടായിരുന്ന രാധാമണി സിന്ദൂരച്ചെപ്പ് എന്ന സിനിമയിലെ ‘തമ്പ്രാൻ തൊടുത്തത് മലരമ്പ്‌ ‘ എന്ന ഗാനരംഗത്തില്‍ അഭിനയിച്ചു. മലയാളത്തിലും തമിഴിനും പുറമെ ബോളിവുഡിലും ശ്രദ്ധേയമായ വേഷങ്ങള്‍ രാധാമണി കൈകാര്യം ചെയ്തിട്ടുണ്ട്.

തിലകൻ ആദ്യമായി അഭിനയിച്ച പെരിയാറിൽ തിലകന്റെ സഹോദരിയായി വേഷമിട്ടത് രാധാമണിയായിരുന്നു. ഉത്തരായനം, കൊടിയേറ്റം, ഒരിടത്ത്, ആരണ്യകം, മുദ്ര തുടങ്ങി മുപ്പത്തിയഞ്ചോളം മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ ഹിറ്റ്‌ലറാണ് അവസാനം അഭിനയിച്ച ചിത്രം.

രാധാമണിയുടെ മരണത്തിൽ മന്ത്രി എ കെ ബാലൻ അനുശോചനം അറിയിച്ചു. രാധാമണി കാൻസർ ചികിത്സക്ക് പണമില്ലാതെ വിഷമിക്കുന്നുവെന്ന പത്രവാർത്ത കണ്ട ഉടൻ തന്നെ ചികിത്സക്കുള്ള സഹായം നൽകാൻ നടപടിയെടുത്തുവെന്നും സാംസ്‌കാരിക ക്ഷേമനിധിയിൽ നിന്ന് ഒരു ലക്ഷം രൂപയുടെ ധനസഹായം നൽകിയെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. സംസ്കാരം നാളെ രാവിലെ 11 മണിക്ക് ചെന്നൈയില്‍ നടക്കും.

×