ന്യൂഡല്‍ഹി: പ്രക്ഷോഭം തുടരുന്ന കര്‍ഷകരുമായി വീണ്ടും ചര്‍ച്ചക്ക് തയാറാണെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍ കത്തയച്ചു. പ്രയോജനകരമല്ലാത്ത ഭേദഗതികള്‍ ആവര്‍ത്തിക്കുന്നതിന് പകരം വ്യക്തമായ ഒരു തീരുമാനത്തിലെത്തണമെന്ന് കഴിഞ്ഞ ദിവസം കര്‍ഷകസംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ചര്‍ച്ചക്ക് സന്നദ്ധത അറിയിച്ച് സംയുക്ത കിസാന്‍ മോര്‍ച്ചക്ക് കേന്ദ്ര സര്‍ക്കാര്‍ കത്തയച്ചത്.
നേരത്തെ അഞ്ച് തവണ കേന്ദ്രവും കര്‍ഷകരും തമ്മില്‍ നടത്തിയ ചര്‍ച്ച ധാരണയാകാതെ പിരിഞ്ഞിരുന്നു.
ചര്‍ച്ചക്ക് തയാറാണെന്നും എല്ലാ അഭിപ്രായങ്ങളും കേള്‍ക്കേണ്ടത് സര്‍ക്കാറിന്‍റെ ഉത്തരവാദിത്തമാണെന്നും കത്തില്‍ പറയുന്നു. അതേസമയം, അവശ്യസാധന നിയമത്തില്‍ തങ്ങളുടെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും കത്തില്‍ പറയുന്നു.
കര്‍ഷകര്‍ മുന്‍ ചര്‍ച്ചകളില്‍ ഉയര്‍ത്തിയ ആശങ്കകള്‍ പരിഹരിക്കുമെന്ന് സര്‍ക്കാര്‍ എഴുതി നല്‍കിയതാണെന്നും കത്തില്‍ പറയുന്നു. എന്നാല്‍, നിയമങ്ങള്‍ പിന്‍വലിക്കുകയെന്ന കര്‍ഷകരുടെ ആവശ്യത്തെ കുറിച്ച് കത്തില്‍ പറയുന്നില്ല.
കര്‍ഷകരുടെ സമരം 28ാം ദിവസത്തിലേക്കാണ് കടന്നിരിക്കുന്നത്. നവംബര്‍ 26ന് ആരംഭിച്ച സമരം ഡല്‍ഹിയുടെ വിവിധ അതിര്‍ത്തികളില്‍ തുടരുകയാണ്.