പാര്‍ലമെന്റിലേക്ക് പ്രതിഷേധം നടത്താനൊരുങ്ങി കര്‍ഷകര്‍;സുരക്ഷ കര്‍ശനമാക്കി പൊലീസ്

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Wednesday, July 21, 2021

ന്യൂഡല്‍ഹി: പാര്‍ലമെന്റിലേക്ക് പ്രതിഷേധം നടത്താനൊരുങ്ങി കര്‍ഷകര്‍. വ്യാഴാഴ്ച്ചയാണ് കര്‍ഷകര്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച്‌ നടത്തുന്നത്. സാഹചര്യം കണക്കിലെടുത്ത് ഡല്‍ഹിയില്‍ സുരക്ഷ കര്‍ശനമാക്കി. ഡല്‍ഹി അതിര്‍ത്തികളിലും പാര്‍ലമെന്റിനടുത്ത മേഖലകളിലും പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചിരിക്കുന്നത്.

നാളെ മുതല്‍ പാര്‍ലമെന്റ് സമ്മേളനം അവസാനിക്കും വരെ ജന്തര്‍മന്ദറില്‍ ധര്‍ണ നടത്തും. ഇവിടെ നിന്ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച്‌ നടത്തുമെന്നും കര്‍ഷകസംഘടനകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സമരം കണക്കിലെടുത്ത് അതീവ ജാഗ്രതയിലാണ് ഡല്‍ഹി പോലീസ്. സംഘര്‍ഷ സാധ്യതയെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പ്രകാരമാണ് സുരക്ഷ കൂട്ടിയത്.

അതേസമയം റിപബ്ലിക്ക് ദിനത്തിലെ സംഘര്‍ഷ സാഹചര്യം ഒഴിവാക്കാനാണ് കര്‍ഷക സംഘടനകള്‍ ശ്രമിക്കുന്നത്. പ്രതിഷേധത്തില്‍ പങ്കെടുക്കുന്ന കര്‍ഷകരുടെ പട്ടിക തയ്യാറാക്കി തുടങ്ങിയിട്ടുണ്ട്. ഇരുന്നൂറ് കര്‍ഷകരും അഞ്ച് കര്‍ഷക സംഘടനാ നേതാക്കളും പ്രതിദിനം സമരത്തില്‍ പങ്കെടുക്കും. ഇവരുടെ തിരിച്ചറിയല്‍ രേഖകള്‍ ഉള്‍പ്പെടെ പൊലീസിന് കൈമാറും. മൂന്‍കൂട്ടി നിശ്ചയിച്ചവര്‍ മാത്രമാകും പരിപാടിയില്‍ പങ്കെടുക്കുക. രാവിലെ 8 മണിക്ക് സിംഘുവില്‍ നിന്ന് പോലീസ് അകമ്ബടിയോടെ ബസുകളിലാകും കര്‍ഷകര്‍ ഡല്‍ഹിയ്ക്ക് എത്തുന്നത്.

×