ദില്ലി: ദില്ലി അതിർത്തികളിലെ കർഷക പ്രക്ഷോഭം ഇന്ന് മുപ്പത്തിരണ്ടാം ദിവസം. സർക്കാർ വിളിച്ച ചർച്ചയിൽ പങ്കെടുക്കാൻ കർഷക സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്.
29ന് രാവിലെ 11 മണിക്കാകും ചർച്ച. നിയമങ്ങൾ പിൻവലിക്കണമെന്ന നിലപാടിൽ യാതൊരു മാറ്റവും ഇല്ലെന്ന് വ്യക്തമാക്കി തന്നെയാകും ചർച്ചയിൽ പങ്കെടുക്കുക എന്ന് കർഷക നേതാക്കൾ അറിയിച്ചു.
കർഷക നേതാക്കളുടെ റിലേ നിരാഹാര സമരം ഇന്ന് അഞ്ചാം ദിവസമാണ്. ദേശീയ പാതകളിൽ ടോൾ പിരിവ് തടഞ്ഞുള്ള സമരവും തുടരുകയാണ്. മുപ്പതിന് ദില്ലി അതിർത്തികളിലൂടെ ദില്ലി ചുറ്റും മാർച്ച് നടത്താനും കർഷക സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്.
അതിർത്തികളിൽ നേരിട്ടെത്തി സുരക്ഷ ക്രമീകരണങ്ങൾ ദില്ലി പൊലീസ് കമ്മീഷണർ ഇന്നലെ വിലയിരുത്തിയിരുന്നു.