/sathyam/media/post_attachments/tq5aRuEANQcclVp1a3Dg.jpg)
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ നടത്താനിരിക്കുന്ന ട്രാക്ടര്‍ റാലി പിന്‍വലിച്ചിട്ടില്ലെന്ന് കര്‍ഷകര്‍. ദേശീയ അന്വേഷണ ഏജന്‍സിയുടെ അന്വേഷണം കര്‍ഷക പ്രക്ഷോഭത്തെ തകര്‍ക്കാന്‍ ലക്ഷ്യംവച്ചുള്ളതാണെന്നും കര്‍ഷകര്‍ ആരോപിച്ചു. ട്രാക്ടര്‍ റാലിയെ സര്‍ക്കാര്‍ നിയമപരമായി നേരിടും. ഇതുമായി ബന്ധപ്പെട്ട ഹര്‍ജി തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കും.
എന്‍ഐഎ നടപടിയെ അപലപിക്കുന്നതായി ഒരു കര്‍ഷക നേതാവ് പറഞ്ഞു. കോടതിയില്‍ മാത്രമല്ല, നിയമപരമായി തങ്ങള്‍ അതിനെതിരെ പോരാടും. സമരത്തെ അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1000 ട്രാക്ടറുകള്‍ പങ്കെടുക്കുന്ന റാലി സമാധാനപരമായിരിക്കും. റിപ്പബ്ലിക് പരേഡിനെ ഒരിക്കലും തടസപ്പെടുത്തില്ലെന്നും കര്‍ഷകര്‍ അറിയിച്ചു.
ആയിരം ട്രാക്ടറുകള്‍ പങ്കെടുക്കുന്ന റാലിയാണ് റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ ഡല്‍ഹിയില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. അന്‍പത് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റാലി ഡല്‍ഹിയെ ചുറ്റിക്കിടക്കുന്ന ഔട്ടര്‍ റിംഗ് റോഡിലാണ് നടത്തുന്നത്. സമാധാനപരമായി നടത്തുന്ന റാലിയോട് ഡല്‍ഹി, ഹരിയാന പോലീസ് സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു.