കിടപ്പുരോഗിയായ ഭാര്യയ്ക്കു കൊടുക്കാന്‍ കരിക്ക് ഇടുന്നതിനിടെ തോട്ടി വഴുതി വൈദ്യുതി കമ്പിയിലേക്ക്‌ വീണു; ജീവനോടെ കത്തിയമരുന്ന അച്ഛനെ രക്ഷിക്കാന്‍ ശ്രമിക്കവേ മകനും ഷോക്കേറ്റു; ഒന്നുമറിയാതെ കിടക്കയില്‍ വീട്ടമ്മയും; ഞെട്ടല്‍ വിട്ടുമാറാതെ ചൊവ്വര ഗ്രാമം

author-image
Charlie
Updated On
New Update

വിഴിഞ്ഞം: ഷോക്കേറ്റ് ജീവനോടെ കത്തിയമരുന്ന അച്ഛനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മകനും അതേ രീതിയില്‍ മരിച്ചത്. ഇരുവരുടെയും മരണത്തിന്റെ ഞെട്ടലിലാണ് വിഴിഞ്ഞം ചൊവ്വര ഗ്രാമം. പുതുവല്‍ പുത്തന്‍വീട്ടില്‍ അപ്പുക്കുട്ടന്‍ (65) മകന്‍ റെനില്‍ (35) എന്നിവരാണ് ഇന്നലെ മരിച്ചത്. ഹൃദ്രോഗത്തെത്തുടര്‍ന്ന് കിടപ്പിലായ ഭാര്യ സരസമ്മയ്ക്ക് വേണ്ടി കരിക്ക് അടര്‍ത്താന്‍ പോയ പിതാവും ഷോക്കേറ്റ പിതാവിനെ രക്ഷിക്കാന്‍ ശ്രമിച്ച പുത്രനുമാണ് ദാരുണാന്ത്യം.

Advertisment

ഒരു കരിക്ക് അടര്‍ത്തിയതിനു ശേഷമാണ് അപ്പുക്കുട്ടന്റെ കയ്യില്‍ നിന്ന് തോട്ടി വഴുതി വൈദ്യുതി കമ്ബിയിലേക്ക് വീണ് കുരുങ്ങിയത്. കോണ്‍ക്രീറ്റിന് ഉപയോഗിക്കുന്ന ഇരുമ്ബു കമ്ബി അഗ്രം വളച്ച്‌ തോട്ടിയാക്കിയതിന്റെ ഏതാനും ഭാഗത്ത് തടിക്കഷണം കെട്ടിയിരുന്നെങ്കിലും അത് വൈദ്യുതാഘാതം തടയാന്‍ മതിയായിരുന്നില്ല.

പുറത്തു പോയ മകന്‍ റനില്‍ തിരിച്ചെത്തുമ്ബോള്‍ കാണുന്നത് തൊട്ടുമുന്നിലെ കടയുടെ ടെറസിനു മുകളില്‍ നിന്നു പുകയും തീയും ഉയരുന്നതാണ്. അച്ഛാ എന്നുറക്കെ വിളിച്ചു ടെറസ്സിലേക്ക് ഓടുന്ന റനിലിനെയാണ് അയല്‍വാസികള്‍ ശ്രദ്ധിക്കുന്നത്. വൈദ്യുത ലൈനില്‍ കുരുങ്ങിക്കിടന്ന ഇരുമ്ബു തോട്ടിയുടെ ഭാഗം റനിലിന്റെ ശരീരത്തില്‍ തട്ടിയതുകൊണ്ടാവണം റനിലും ഷോക്കേറ്റു വീണു.

തോട്ടി ഏറെ നേരം തൊട്ടിരുന്നതിനാല്‍ കാല്‍ കത്തിയമര്‍ന്നു. അയല്‍വാസികള്‍ ടെറസിലേക്ക് പാഞ്ഞെത്തിയെങ്കിലും അപകടത്തിന്റെ ഗൗരവം മനസ്സിലായതിനാല്‍ കൂടുതല്‍ പേരെ ഷോക്കേല്‍ക്കുന്നതില്‍ നിന്ന് രക്ഷിക്കാനായി. റനില്‍ കൂടി കത്തിയമരുന്നത് കണ്ടതോടെ സമീപവാസികള്‍ നിലവിളിയുമായി ഓടി എത്തിയെങ്കിലും ആരും മുകളിലേക്ക് പോകരുതെന്ന് അലമുറയിട്ടു ഓടിക്കയറാന്‍ പോയവരെ പിന്തിരിപ്പിക്കുകയായിരുന്നുവെന്ന് പ്രദേശവാസി ശ്രീരംഗന്‍ പറഞ്ഞു.

സംഭവമറിഞ്ഞ് എത്തിയ 108 ആംബുലന്‍സ് സംഘം ഓടിയെത്തുമ്ബോള്‍ വൈദ്യുത ബന്ധം വേര്‍പെടുത്തിയിരുന്നില്ല. ഫയര്‍ഫോഴ്സ് അധികൃതരാണ് അവരെ അപകടത്തില്‍പ്പെടാതെ തടഞ്ഞത്. റജി, വിജി എന്നിവരാണ് അപ്പുക്കുട്ടന്റെ മറ്റു മക്കള്‍. മരുമകന്‍: പ്രദീപ്. നേരത്തെ ചുമട്ടു തൊഴിലാളിയായിരുന്നു അപ്പുക്കുട്ടന്‍. ഗ്യാസ് ഏജന്‍സിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയാണ് റനില്‍. അവിവാഹിതനാണ്.

Advertisment