വീടിനുള്ളിലും പുറത്തും പെണ്‍മക്കള്‍ സുരക്ഷിതരല്ല ; അമ്മയെ കത്തിക്കാനുള്ള അച്ഛന്റെ ശ്രമം പരാജയപ്പെടുത്തി മകള്‍ ; അയോധ്യയില്‍ 18 വയസ്സുകാരി മകളെ പിതാവ് ജീവനോടെ കത്തിച്ചു ; ഭാര്യയുടെ ദേഹത്തേയ്ക്ക് ഒഴിച്ച ഡീസല്‍ മകള്‍ മുന്നില്‍ കയറി സ്വന്തം ശരീരത്തേയ്ക്ക് ഏറ്റുവാങ്ങി, ഒടുവില്‍ നിന്ന് കത്തി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Sunday, December 8, 2019

അയോധ്യ : വീട്ടിലായാലും പുറത്തായാലും പെൺമക്കൾ സുരക്ഷിതരല്ല. അയോദ്ധ്യയിൽ ഒരു  പിതാവ് മകളെ ജീവനോടെ കത്തിച്ചു . ഭാര്യയെ തീകൊളുത്താൻ പോകുന്നതിനിടെ മദ്യപാനിയായ പിതാവ് തന്റെ 18 വയസ്സുള്ള മകളെ കത്തിക്കുകയായിരുന്നു .

അമ്മയുടെ ദേഹത്തേയ്ക്ക് പിതാവ് ഡീസല്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമിക്കുന്നതു കണ്ട പെണ്‍കുട്ടി അമ്മയെ രക്ഷിക്കാനാണ് സ്വയം വെന്തുനീറിയത്. അമ്മയെ ദുരന്തത്തില്‍ നിന്നും രക്ഷപ്പെടുത്തിയെങ്കിലും മകള്‍ക്ക് രക്ഷപ്പെടാനായില്ല .80 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി അതീവ ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ട്.

വിവരം ലഭിച്ചതോടെ പോലീസ് സ്ഥലത്തെത്തി മകളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ നിന്ന് ഗുരുതരാവസ്ഥയിൽ ലഖ്‌നൗ ട്രോമ സെന്ററിലേക്ക് റഫർ ചെയ്തു. ഹഷാപൂർ ഗ്രാമത്തിലാണ് കേസ്.

ഭര്‍ത്താവിന്‍രെ അമിത മദ്യപാനം മൂലം ഭാര്യ ഭര്‍ത്താവറിയാതെ കുടുംബചിലവിനായി പണം സൂക്ഷിച്ചിരുന്നു. അടുത്തിടെ വസ്തു വിറ്റ പണവും ഭാര്യയുടെ കൈവശം ഉണ്ടായിരുന്നു. ഇതറിഞ്ഞ ഭര്‍ത്താവ് മദ്യപിച്ചെത്തി പണം ആവശ്യപ്പെടുകയായിരുന്നു .

ഭാര്യ പണം നൽകാതിരുന്നപ്പോൾ,വീട്ടില്‍ സൂക്ഷിച്ചിരുന്ന ഡീസല്‍ മദ്യലഹരിയില്‍ ഭാര്യയുടെ ദേഹത്തേയ്ക്ക് ഒഴിച്ച് കത്തിക്കാന്‍ തുടങ്ങി. സംഭവം കണ്ട 18 കാരി മകള്‍ ഓടി വന്ന് അമ്മയ്ക്ക് മുന്നില്‍ രക്ഷാ കവചമായി നിന്നു. ഇതില്‍ കോപാകുലനായ പിതാവ് മകളുടെ ശരീരത്തേയ്ക്ക് ഡീസല്‍ ഒഴിക്കുകയും തീപ്പെട്ടി കത്തിച്ച് എറിയുകയുമായിരുന്നു.ബഹളം കേട്ട് ഒാടി വന്ന അയല്‍ക്കാരാണ് നിന്നു കത്തുകയായിരുന്ന പെണ്‍കുട്ടിയെ തീകെടുത്തി പൊലീസില്‍ വിവരം അറിയിച്ചത്.

പൊള്ളലേറ്റ മകളെ ഗുരുതരാവസ്ഥയിൽ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ നിന്ന് ലഖ്‌നൗ ട്രോമ സെന്ററിലേക്ക് മാറ്റി. ഈ സമയത്ത് പ്രതിയായ പിതാവ് സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെടുകയും ചെയ്തു . പോലീസ് സ്റ്റേഷനിൽ ഭാര്യയുടെ പരാതിയിൽ ഭർത്താവിനെതിരെ പോലീസ് കേസെടുക്കുകയും അറസ്റ്റിനായി ഒരു സംഘം രൂപീകരിക്കുകയും ചെയ്തു.

×