പട്ടിണിയും ദാരിദ്ര്യവും ; നാല് ദിവസം പ്രായമുള്ള കുഞ്ഞിനെ അച്ഛൻ 10,000 രൂപയ്ക്ക് വിറ്റു

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Friday, November 8, 2019

കൊൽക്കത്ത: പട്ടിണിയും ദാരിദ്ര്യവും മൂലം പിതാവ് നാല് ജിവസം പ്രായമുള്ള ആൺ കുഞ്ഞിനെ വിറ്റു. 10,000 രൂപയ്ക്കാണ് കുഞ്ഞിനെ വിറ്റത്. പശ്ചിമബംഗാളിലാണ് സംഭവം. കത്വയിലെ നാരായൺപൂർ ഗ്രാമവാസിയായ ആളാണ് ബർദ്വാനയിലെ ദമ്പതികൾക്ക് കുഞ്ഞിനെ വിറ്റത്.

സംഭവം അറിഞ്ഞ് ബ്ലോക്ക് അധികൃതർ ഇയാളുടെ വീട്ടിലെത്തി സംഭവത്തെ കുറിച്ച് അന്വേഷിച്ചു. സുബു മുർമു എന്നയാളാണ് കുഞ്ഞിനെ വിറ്റതെന്ന് തിരിച്ചറിഞ്ഞു. ഈ കുഞ്ഞിനെക്കൂടാതെ നാല് മക്കൾകൂടി ഇവർക്കുണ്ട്. കടുത്ത പട്ടിണിയും ദാരിദ്ര്യവും മൂലമാണ് കുഞ്ഞിനെ വിൽക്കാൻ നിർബന്ധിതനായതെന്ന് ഇയാൾ അധികൃതരോട് പറഞ്ഞു.

റേഷൻ ലഭിക്കാറില്ലെന്നും വീട്ടിലുള്ളവരുടെ പട്ടിണി മാറ്റാൻ മറ്റ് വഴികൾ ഇല്ലായിരുന്നുവെന്നും ഇയാൾ പറഞ്ഞു. വീട്ടിൽ കഴിക്കാനായി ഒന്നുമില്ല. അരിയോ ഉപ്പോ ഇല്ല. പട്ടിണിമാറ്റാൻ വഴികളില്ല- മുർമുവിന്റെ ഭാര്യ മേനക പറഞ്ഞു. ഇപ്പോൾ ലഭിച്ചിരിക്കുന്ന പൈസ കൊണ്ടും പട്ടിണിമാറ്റാനാകില്ലെന്ന് ഇവർ വ്യക്തമാക്കി.

അതേസമയം ഇവർക്ക് റേഷൻ കാർഡുണ്ട്. എന്നാൽ കൃത്യമായി റേഷൻ ലഭിക്കാറില്ലെന്നാണ് വിവരം

×