Advertisment

അപകടത്തിന് ശേഷം കോട്ടയത്തേക്ക് പോകുന്ന സമയം ഫോണില്‍ നിന്നും അദ്ദേഹം തന്റെ ഗണ്‍മാനോട് സംസാരിക്കുന്നത് കേട്ടു,''അവര്‍ക്ക് ഒരു കുഴപ്പവും വരരുത്, യാതൊരുതരത്തിലും അവരെ ബുദ്ധിമുട്ടിക്കരുത്'' എന്ന്; അപ്പോഴും അദ്ദേഹത്തിന്റെ കാലിലെ മുറിവില്‍ നിന്ന് രക്തം ഒഴുകുന്നുണ്ടായിരുന്നു: ഉമ്മന്‍ചാണ്ടിയെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു

New Update

കോട്ടയം: തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്ക് പോകവെ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടിരുന്നു. ഡ്രൈവിംഗ് പഠനത്തിനിടെ ഒരു യുവതി ഓടിച്ച വാഹനമാണ് അദ്ദേഹത്തിന്റെ വാഹനത്തില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഉമ്മന്‍ചാണ്ടിക്ക് നിസാര പരിക്കുമേറ്റിരുന്നു.

Advertisment

എന്നാല്‍ ആ യുവതിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്ന് ഗണ്‍മാന് നിര്‍ദ്ദേശം നല്‍കിയിട്ടാണ് ഉമ്മന്‍ചാണ്ടി അപകടശേഷം കോട്ടയത്തേക്ക് പോയത്. ഇതുസംബന്ധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ വരുണ്‍ മട്ടയ്ക്കല്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റും ശ്രദ്ധേയമാവുകയാണ്.

publive-image

ഫേസ്ബുക്ക് പോസ്റ്റ്...

അപ്രതീക്ഷിതമായി സംഭവിച്ച ഒന്നാണെങ്കിലും, അതിൽനിന്ന് ഉൾക്കൊണ്ട ആവേശവും നന്മയുമാണ് ഈ പോസ്റ്റിനു ആധാരം.

ഇന്ന് ഉച്ചക്ക് രണ്ടര കഴിഞ്ഞ സമയത്ത് പ്രിയ സുഹൃത്ത് ചെങ്ങന്നൂർ മുൻസിപ്പൽ വൈസ്-ചെയർമാനും യൂത്ത് കോൺഗ്രസ് ചെങ്ങന്നൂർ നിയോജക മണ്ഡലം പ്രസിഡണ്ടുമായ ഗോപു പുത്തൻമഠത്തിൽ ഫോൺ വിളിച്ചു. ഉമ്മൻചാണ്ടി സാറിന്റെ വാഹനം തിരുവനന്തപുരത്തുനിന്നും കോട്ടയത്തേക്ക് വരുന്ന വഴി അടൂരിനും-ഏനാത്തിനും മധ്യേ അപകടത്തിൽപ്പെട്ടു എന്ന് പറഞ്ഞപ്പോൾ ആദ്യമൊന്ന് പരിഭ്രമിച്ചു.

ചെറിയ മുറിവ് ഒഴിച്ച് മറ്റു കുഴപ്പങ്ങൾ ഒന്നുമില്ല എന്ന് കേട്ടപ്പോൾ ആശ്വാസമായി. ഗോപുവും മുൻ ചെങ്ങന്നൂർ മുൻസിപ്പൽ ചെയർമാൻ ശ്രീ കെ. ഷിബുരാജനും തിരുവനന്തപുരത്തുനിന്നും തിരികെ വരുന്ന വഴി അപകടത്തിൽപ്പെട്ട സാറിൻറെ വണ്ടി കാണുകയും, ഉടൻ തന്നെ നിർത്തി അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിക്കുകയും സാറിനെ കോട്ടയത്തേക്ക് കൊണ്ടുപോകുവാൻ അവരുടെ വണ്ടിയിൽ കയറ്റുകയും ചെയ്തു.

ഡ്രൈവിംഗ് പഠനത്തിനിടെ ഒരു യുവതി ഓടിച്ച വാഹനം ആണ് അദ്ദേഹത്തിന്റെ വാഹനവുമായി അപകടത്തിൽപ്പെട്ടത്. സാറിൻറെ കാലിലെ മുറിവിന് ഒട്ടിക്കുവാൻ ബാൻഡേജും ഒരു കുപ്പി വെള്ളവുമായി യൂത്ത് കോൺഗ്രസ് നേതാവ് ലിജോ ഈരയിൽനൊപ്പം ചെങ്ങന്നൂരിൽ കാത്തുനിന്നു.വണ്ടിയിൽ കയറി കോട്ടയത്തേക്ക് പോകുന്ന സമയം ഗോപുവിന്റെ ഫോണിൽ നിന്നും അദ്ദേഹം തൻറെ ഗൺമാനോട് സംസാരിക്കുന്നത് കേട്ടു. "അവർക്ക് ഒരു കുഴപ്പവും വരരുത്.യാതൊരുതരത്തിലും അവരെ ബുദ്ധിമുട്ടിക്കുകയും അരുത്" എന്ന്.

അപ്പോഴും തൻറെ കാലിലെ മുറിവിൽ നിന്ന് രക്തം ഒഴുകുന്നുണ്ടായിരുന്നു. ചിങ്ങവനത്ത് എത്തേണ്ട സ്ഥലത്തെ മണ്ഡലം പ്രസിഡണ്ടിനെയും ഫോണിൽ ബന്ധപ്പെട്ടു. പിന്നീട് മുറിവിൽ മരുന്ന് വെക്കാം എന്ന് പറഞ്ഞെങ്കിലും, മുറിവിനെ ഗണ്യമാക്കാതെ അതിൽ അതിൽ നാല് ബാൻഡേജുകൾ ഒട്ടിച്ച് പരിപാടി സ്ഥലത്തേക്ക്.

സഹജീവിയോട് സഹതാപം കാണിക്കുന്ന, സഹാനുഭൂതിയുള്ള തന്റേതിനേക്കാൾ ഉപരി മറ്റുള്ളവരുടെ വേദനയിൽ വേദനിക്കുന്ന സാറിൻറെ മഹത്വം ഒരിക്കൽക്കൂടി മനസ്സിലാക്കുവാൻ സാധിച്ചു. നല്ലൊരു ദിവസം കഴിയുമ്പോൾ, പൊതുപ്രവർത്തകൻ എങ്ങനെ ആവണം എന്ന ഒരു ഏട് കൂടി ഹൃത്തടത്തിൽ ആക്കി. അഭിമാനിക്കുന്നു, ഇദ്ദേഹത്തിൻറെ അനുയായി ആയതിൽ. കോൺഗ്രസുകാരൻ ആയതിൽ.

Advertisment