/sathyam/media/post_attachments/TbfCo4zHqt4x0d0gzJAz.jpg)
സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടതിന് ഹൈക്കോടതി അച്ചടക്ക നടപടി സ്വീകരിച്ച സബ് ജഡ്ജി രാജിവച്ചു. പെരുമ്പാവൂർ സബ് ജഡ്ജി എസ് സുദീപ് ആണ് ചീഫ് ജസ്റ്റിസിന് രാജി നൽകിയത്.
ഹൈക്കോടതി, സുപ്രീംകോടതി വിധികളെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടു എന്ന് ആരോപിച്ച് എസ് സുദീപിനെ സർവീസിൽ നിന്ന് പിരിച്ചു വിടാൻ ഹൈക്കോടതി നേരത്തെ ശുപാർശ ചെയ്തിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണ രൂപം
പത്തൊമ്പതു വർഷം നീണ്ട സേവനത്തിന് അവസരം തന്ന സ്ഥാപനത്തിനു നന്ദി.
എൻ്റെ നടവഴികളിൽ വെളിച്ചം വിതറിയ വഴിവിളക്കുകളേ, നന്ദി.
ബഹുമാന്യയായ ചീഫ് ജസ്റ്റിസ് എസ് മണികുമാർ സർ, എൻ്റെ ജില്ലാ ജഡ്ജിമാരായിരുന്നവരും എനിക്കത്രമേൽ പ്രിയരുമായ എത്രയും സ്നേഹബഹുമാനപ്പെട്ട ജസ്റ്റിസ് ബി സുധീന്ദ്രകുമാർ സാർ, ജസ്റ്റിസ് എൻ അനിൽകുമാർ സർ, പിന്നെ ജസ്റ്റിസ് കെ ഹേമ മാഡം - നന്ദി.
രജിസ്ട്രാർ പി ജി അജിത് കുമാർ സർ, ജുഡീഷ്യൽ അക്കാദമി ഡയറക്ടർ കെ സത്യൻ സർ, എറണാകുളം പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയും എൻ്റെ ട്രെയിനറുമായിരുന്ന സി എസ് സുധാ മാഡം - നന്ദി.
റിട്ടയർ ചെയ്തവരും സർവീസിലുള്ളവരുമായ ജഡ്ജിമാർ, സഹപ്രവർത്തകർ, അങ്ങോളമിങ്ങോളമുള്ള പ്രിയ അഭിഭാഷകർ, പ്രിയ സ്റ്റാഫ്, പ്രിയ ഗുമസ്തന്മാർ...
സ്വന്തം അഭിഭാഷകവൃത്തി വേണ്ടെന്നു വച്ച് പതിനഞ്ചു വർഷം കേരളം മൊത്തം അലഞ്ഞ ജ്യോതി...
ഇത്ര മടുത്തെങ്കിൽ അച്ഛനു രാജിവച്ചൂടെ എന്നു ചോദിച്ച സുദീപ്ത ജ്യോതി...
ഞാൻ രാജി തീരുമാനം പറയവേ ഇവിടെ ഈ സൈബർ ഇടത്തിലും പുറത്തും എന്നെ ചേർത്തു പിടിച്ചവരേ...
അത്രമേൽ പ്രിയത്താൽ എന്നെ വിലക്കിയവരേ...
ഞാൻ നിങ്ങളെയും ചേർത്തു പിടിക്കുന്നു. നെഞ്ചോടുചേർത്ത്...