വരാന്തയില്‍ ചായ കുടിച്ചിരിക്കുന്നതിനിടെ റോഡിലൂടെ കടന്നുപോയ അശ്വാരൂഢ സേനയെ നോക്കി പ്രണബ് മുഖര്‍ജി പറഞ്ഞു; അടുത്ത ജന്മത്തില്‍ രാഷ്ട്രപതി ഭവനിലെ ഒരു കുതിരയാകാനാണ് എനിക്ക് ആഗ്രഹം ! ജയ്ഹിന്ദ് ചാനല്‍ മേധാവി ബിഎസ് ഷിജു എഴുതുന്നു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: അന്തരിച്ച മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുമൊത്തുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് ജയ്ഹിന്ദ് ചാനല്‍ മേധാവി ബിഎസ് ഷിജുവിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു.

Advertisment

publive-image
കുറിപ്പ് വായിക്കാം..

പ്രണബ് ദാ: ഇന്ത്യൻ രാഷ്ട്രീയത്തിലെ സമാനതകളില്ലാത്ത രാഷ്ട്രതന്ത്രജ്ഞന്‍

51 വര്‍ഷം മുമ്പ് ഒരു ദിവസം സഹോദരി അന്നപൂര്‍ണ്ണ ബാനര്‍ജിയുമൊന്നിച്ച് ഡല്‍ഹിയിലെ എം.പിമാരുടെ ഫ്‌ളാറ്റിന്റെ വരാന്തയില്‍ ചായ കുടിച്ചിരിക്കുന്നതിനിടെ റോഡിലൂടെ കടന്നുപോയ രാഷ്ട്രപതി ഭവനിലെ അശ്വാരൂഢ സേനയെ നോക്കി പ്രണബ് മുഖര്‍ജി പറഞ്ഞു. അടുത്ത ജന്മത്തില്‍ രാഷ്ട്രപതി ഭവനിലെ ഒരു കുതിരയാകാനാണ് എനിക്ക് ആഗ്രഹം.

കാര്യമായ ജോലികളൊന്നും ചെയ്യേണ്ടാത്ത കുതിരകള്‍ക്ക് എത്രവലിയ പരിലാളനയും ശ്രദ്ധയുമാണ് അവിടെ ലഭിക്കുന്നത്. സഹോദരി മറുപടി നല്‍കി. എന്തിന് നീ കുതിരയാകണം. ഒരു നാള്‍ നീ ഇന്ത്യയുടെ രാഷ്ട്രപതിയാകും. പതിറ്റാണ്ടുകള്‍ പിന്നിട്ടപ്പോള്‍ സഹോദരി അന്നപൂര്‍ണ്ണ ബാനര്‍ജി പറഞ്ഞ വാക്കുകള്‍ യാഥാര്‍ത്ഥ്യമായി.

publive-image

രാഷ്ട്രപതി ഭവനിലെ കുതിരകളിലൊന്നാകാന്‍ ആഗ്രഹിച്ച പ്രണബ് മുഖര്‍ജി രാഷ്ട്രപതി തന്നെ ആയി. പത്രങ്ങളിലൂടെയും പുസ്തകങ്ങളിലൂടെയും വായിച്ചറിഞ്ഞ പ്രണബ് ദായെ പാര്‍ലമെന്റിലെ മീഡിയ ഗ്യാലറിയിലിരുന്നാണ് ആദ്യമായി അടുത്ത് കാണുന്നത്. ബംഗാളില്‍ മൂന്നു പതിറ്റാണ്ടു നീണ്ട സി.പി.എം ഫാസിസത്തിനിടയിലും പോരാടി പിടിച്ചുനില്‍ക്കുന്ന കോണ്‍ഗ്രസ് നേതാവെന്ന നിലയില്‍ പ്രണബ് മുഖര്‍ജിയെന്ന പേര് കെ.എസ്.യുകാലം മുതല്‍ മനസ്സില്‍ പതിഞ്ഞിരുന്നു.

പാര്‍ലമെന്റിലെ പ്രസംഗങ്ങളും ഇടപെടലുകളും നേരിട്ട് കാണാന്‍ അവസരം ലഭിച്ചതോടെ അദ്ദേഹത്തിന്റെ ആരാധകനായി മാറി. ചട്ടങ്ങളും പഴയ പ്രൊസീഡിംഗ്‌സും വര്‍ഷങ്ങളും ദിവസങ്ങളുമൊക്കെ ഉദ്ധരിച്ചുള്ള പ്രസംഗങ്ങള്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഞ്ചിനെ നിശബ്ദമാക്കുന്നത് നിരവധി തവണ കൗതുകത്തോടെ കണ്ടിരുന്നു. ബജറ്റ് പ്രസംഗം നടത്തുമ്പോള്‍ കോടികളുടെ 'റൗണ്ട്' ചെയ്യാത്ത കണക്കുകള്‍ പോലും അദ്ദേഹം ഓര്‍മ്മയില്‍ നിന്നും പറയുന്നത് അത്ഭുതപ്പെടുത്തി.

publive-image

ഒരിക്കല്‍, കെ.പി.സി.സി അധ്യക്ഷനായിരുന്ന രമേശ് ചെന്നിത്തലയുമൊന്നിച്ച് കേന്ദ്ര ധകാര്യ മന്ത്രാലയത്തിലെത്തി അദ്ദേഹത്തെ നേരിട്ട് കാണാന്‍ അവസരം ലഭിച്ചു. രമേശ് ചെന്നിത്തലയോടുള്ള അദ്ദേഹത്തിന്റെ ഇടപെടല്‍ എന്നെ അത്ഭുതപ്പെടുത്തി. പൊതുവെ ഗൗരവക്കാരനായി കാണപ്പെടുന്ന പ്രണബ് ദായുടെ വാത്സല്യം കലര്‍ന്ന സ്‌നേഹ ഇടപെടലുകള്‍ ഞാന്‍ കൗതുകത്തോടെ നോക്കിയിരുന്നു.

പിന്നീട് നോര്‍ത്ത് ബ്ലോക്കില്‍ നിന്നിറങ്ങി കേര ളാഹൗസിലേക്കുള്ള യാത്രയില്‍ രമേശ്ജിയില്‍ നിന്നു തന്നെ ആ ബന്ധത്തെ കുറിച്ച് ചോദിച്ചറിഞ്ഞു. കേരളത്തിലെ ഏറ്റവും സൂഷ്മമായ കാര്യങ്ങളെ കുറിച്ചുപോലും വ്യക്തമായ ഗ്രാഹ്യമുള്ള നേതാവായിരുന്നു പ്രണബ് മുഖര്‍ജി. കേരളത്തിലെ മാത്രമല്ല, ഇന്ത്യയിലെ ഒരോ സംസ്ഥാനത്തെ കുറിച്ചും അദ്ദേഹത്തിന് വ്യക്തമായ ധാരണയുണ്ടായിരുന്നു.

publive-image

അത്രയൊന്നും അറിയപ്പെടാത്ത ബംഗാളിലെ മിറട്ടിയെന്ന ഗ്രാമത്തില്‍ നിന്നും വൈവിധ്യങ്ങള്‍ നിറഞ്ഞ ഇന്ത്യയെ അടുത്തറിഞ്ഞ ഭരണകര്‍ത്താവായും ഇന്ത്യയുടെ പ്രഥമ പൗരനായുമൊക്കെയുള്ള പ്രണബ് ദായുടെ വളര്‍ച്ചയ്ക്ക് പിന്നില്‍ കഠിനാധ്വാനത്തിന്റെയും നിശ്ചയ ദാര്‍ഢ്യത്തിന്റെയും പിന്‍ബലമുണ്ട്.

ഏതു സങ്കീര്‍ണ്ണമായ രാഷ്ട്രീയ സമസ്യയ്ക്കും ഞൊടിയിടയില്‍ ഉത്തരം കണ്ടെത്താന്‍ കഴിഞ്ഞിരുന്ന പ്രണബ് മുഖര്‍ജി ഒന്നും രണ്ടും യു.പി.എ സര്‍ക്കാരുകളെ നിലനിര്‍ത്തിയ പ്രധാന 'ട്രബിള്‍ ഷൂട്ടര്‍'മാരില്‍ ഒരാളായിരുന്നു. ഏതു പ്രതിസന്ധികളിലും പതറാത്ത മനസ്സും നിയമനിര്‍മ്മാണത്തിലും നയപരമായ കാര്യങ്ങളിലുമള്ള അഗാധമായ പാണ്ഡിത്യവും, കൂര്‍മ്മതയേറിയ ഓര്‍മ്മ ശക്തിയും അദ്ദേഹത്തെ മറ്റുനേതാക്കളില്‍ നിന്നും വ്യത്യസ്ഥനാക്കി.

രാഷ്ട്രീയ, ഭരണ, നിയമനിര്‍മ്മാണ നയരൂപീകരണ രംഗങ്ങളില്‍ സമാനതകളില്ലാത്ത വ്യക്തമായ മുദ്രപതിപ്പിച്ച പ്രബബ് ദാ സ്വാതന്ത്രാനന്തര ഇന്ത്യകണ്ട ശരിയായ രാഷ്ട്രതന്ത്രജ്ഞരില്‍ ഒരാളായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം ഇന്ത്യയ്ക്ക് തീരാനാഷ്ടമാണ്.
പ്രണബ് ദായുടെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

pranab mukherjee
Advertisment